സൗദിയിൽ മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കണമെങ്കിൽ വിരലടയാളം നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് വിരലടയാളം നിർബന്ധമാക്കിയത്. സൗദി മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മിഷൻ നേരത്തെ ഇത് അംഗീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് വിരലടയാളം നിർബന്ധമാക്കിയത്. പുതിയ നിയമപ്രകാരം വിരലടയാളം രേഖപ്പെടുത്തിയവർക്ക് മാത്രമേ ഇനിമുതൽ മൊബൈൽ സിം കാർഡ് ലഭിക്കുകയുള്ളൂ.

കഴിഞ്ഞ വർഷം സൗദി മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മിഷൻ പുറപ്പെടുവിച്ച നിയമം ജനുവരി 20 മുതൽ നടപ്പാക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. വിരലടയാളം വായിക്കാനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഇല്ലാത്തതാണ് തീരുമാനം നടപ്പാക്കുന്നത് വൈകാൻ കാരണമെന്നും പത്രക്കുറിപ്പ് പറയുന്നു.

പുതുതായി മെബൈൽ സിമ്മിന് അപേക്ഷിന്നവർക്കാണ് ഒന്നാംഘട്ടമായി പുതിയ നിയമം ബാധകമാകുക. മൊബൈൽ ഫോൺ ഉപഭോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി സൗദി ആഭ്യന്തരമന്ത്രാലയമാണ് വിരലടയാളം രേഖപ്പെടുത്തുന്ന നിയമം നടപ്പാക്കാൻ ആവശ്യപ്പെട്ടത്. രാജ്യ സുരക്ഷയെ ബാധിക്കാനിയുള്ള വിധത്തിൽ മൊബൈൽ ഫോൺ ദുരുപയോഗം തടയുകയാണ് മുഖ്യ ലക്ഷ്യം.

പയോക്താക്കളുടെ തിരിച്ചറിയൽ രേഖക്കനുസരിച്ചായിരുന്നു സൗദിയിൽ ഇതുവരെ മൊബൈൽ സിം കാർഡ് അനുവദിച്ചിരുന്നത്. വ്യാജ പേരുകളിൽ എടുക്കുന്ന മൊബൈൽ സിം കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ വിരലടയാളം ശേഖരിക്കാൻ അഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചത്.