കോതമംഗലം : കൊടും കാട്ടിലാണെങ്കിലും രാത്രിയും പകലും ഇമവെട്ടാതെ നിരീക്ഷണം.നിശ്ചിത സമയങ്ങളിൽ മരുന്ന് എത്തിച്ച് നൽകുന്നതും തുടരുന്നു.രക്ഷാദൗത്യം പുരോഗമിക്കുന്നത് ആനക്കൂട്ടത്തിന്റെ ആക്രമണ ഭീതിയുടെ നിറവിൽ ,ദുർഗന്ധം സഹിച്ചും രക്തദാഹികളായ അട്ടകളോടും പൊരുതിയും.കയ്യ് മെയ് മറന്നുള്ള പ്രവർത്തനത്തനങ്ങൾ മുന്നേറുന്നത് ഒത്തൊരുമയുടെ നിറവിലും. ദേഹമാകെ പരിക്കേറ്റ് അവശനിലയിൽ വനമേഖലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജീവൻ രക്ഷിക്കുന്നതിന് വനംവകുപ്പധികൃതർ നടത്തിവരുന്ന കർമ്മ പദ്ധതിയുടെ നേർകാഴ്ച ഇങ്ങിനെ.

തിങ്കളാഴ്്ച പുലർച്ചെയാണ് ഇടമലയാറിൽ വൈദ്യുതവകുപ്പ് ജീവനക്കാർ താമയിക്കുന്ന ക്വാർട്ടേഴ്‌സുകൾക്ക് സമീപം അവശ നിലയിൽ 20 മാസത്തോളം തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. മസ്തകത്തിലും കീഴ് താടിയിലും ആഴത്തിൽ മുറിവുകൾ ദൃശ്യമായിരുന്നു.തീറ്റയെടുക്കുകയോ നടക്കുകയോ ചെയ്യാതെ, നിന്നിരുന്ന സ്ഥലത്ത് തളംകെട്ടി കിടന്നിരുന്ന ചെളിവെള്ളം തുമ്പിക്കൈയിലെടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് വൈകും വരെ ആന ഇവിടെത്തന്നെ നിൽക്കുകയായായിരുന്നു. പുലർച്ചേ ഇടമലയാർ പവ്വർ ഹൗസ് ജീവനക്കാരാണ് ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ ക്വാർട്ടേഴ്‌സുൾക്ക് സമീപം ആദ്യം കാണുന്നത്.ഇവർ വിവരം അറിയിച്ചത് പ്രകാരമാണ് തുണ്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ജീവനക്കാരെത്തുന്നത്.

തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്.മസ്തകത്തിലും കീഴ്‌ത്താടിക്ക് മുകളിലുമാണ് പരിക്കെന്ന് ഇവർ നടത്തിയ പ്രാഥമീക പരിശോധനയിൽ വ്യക്തമായി. കാട്ടാന കൂട്ടങ്ങൾ തമ്മിൽ കുത്തു കൂടിയതാവാം പിടിയാനയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ നിഗമനം. രാവിലെ 11 മണിയോടെ തന്നെ ഉന്നതാധികൃതരുമായി ബന്ധപ്പെട്ട് ആനയ്ക്ക് ചികത്സ ലഭ്യമാക്കുന്നതിന് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ നീക്കം ആരംഭിച്ചിരുന്നു.കാട്ടിൽ നിൽക്കുന്ന ആനയ്ക്ക് എങ്ങിനെ ചികത്സയൊരുക്കുമെന്നതായിരുന്നു ഉദ്യോഗസ്ഥ സംഘത്തെ ആലട്ടിയ പ്രധാന പ്രശ്‌നം.

വൈകിട്ടോടെ വെറ്റിനറി സർജ്ജൻ സഥലത്തെത്തി ആനയുടെ പരിക്കുകൾ വിലയിരുത്തി.ഗുളികൾ പൈനാപ്പിളിനുള്ളിൽ ഒളിപ്പിച്ച് ,ഇത് ആനയ്ക്ക് ഭക്ഷണമായി നൽകാനായിരുന്നു അധികൃതരുടെ നീക്കം.പൈനാപ്പിളുമായി ഉദ്യോഗസ്ഥ സംഘം അടുത്തേയ്ക്ക് ചെന്നതോടെ ആന ചിന്നം വിളിച്ച് ആക്രമിക്കാനെത്തി.തുടർന്ന് പിൻ തിരിഞ്ഞ്് ഉൾക്കാട്ടിലേയ്ക്ക് കടന്നു. സമയം രാത്രിയോടടുത്തതിനാൽ ആനയെ തിരഞ്ഞ് പോകേണ്ടെന്ന് തീരുമാനിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. പിറ്റേന്ന് പുലർച്ചെ ആനയെ കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘം ഇടമലയാറിലെയും സമീപപ്രദേശങ്ങളിലെയും വനമേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.ഫലം കാണാത്തതിനാൽ വൈകിട്ടോടെ മടങ്ങി.ബുധനാഴ്ചയും തിരച്ചിൽ തുടർന്നു. ഉച്ചയോടെ എണ്ണക്കല്ലിന് സമീപം ആനയെ കണ്ടെത്തി.ആനയെ തുടർന്നും നിരീക്ഷിക്കുന്നതിനായി ഏതാനും ജീവനക്കാരെ റെയിഞ്ചോഫീസർ ചുമതലപ്പെടുത്തുകയും ചെയ്തു.

താമസിയാതെ മരുന്ന് നിറച്ച പാനാപ്പിൾ ജിവനക്കാർ ആനയ്ക്ക് എറിഞ്ഞുകൊടുത്തു.ഇത് ആന ഭക്ഷിക്കുകയും ചെയ്തു.ഇത്തവണ കണ്ടെത്തുമ്പോൾ ആനയുടെ ദേഹത്തെ ചെളി അപ്രത്യക്ഷമായിരുന്നു.ഇതേത്തുടർന്ന് മുറിവുകൾ കുടുതൽ വ്യക്തമായി കാണാവുന്നതിനും സാധിച്ചു. മസ്തകത്തിലെ മുറിവിന് സാമാന്യം ആഴമുണ്ടെന്ന് കാഴ്ചയിൽ വ്യക്തമാണ്.ഒരു ചെവി ഒട്ടുമുക്കാലും പഴുത്ത് നശിച്ചു.കീഴ്‌ത്താടിയിലെ മുറിവും പഴുത്ത് ചീഞ്ഞിട്ടുണ്ട്.അന നിൽക്കുന്ന പരിസരമാകെ ദുർഗന്ധം വ്യാപിച്ചിട്ടുണ്ട്.ചുറ്റും പൊതിഞ്ഞിട്ടുള്ള ഈച്ചകളെ അകറ്റാൻ ഇടയ്ക്കിടയ്ക്ക് സമീപത്തെ നീർച്ചാലിൽ നിന്നും തുമ്പിക്കൈയിൽ വെള്ളമെടുത്ത് തലയിലും ദേഹത്തും ഒഴിക്കുന്നുണ്ട്. ഇന്നലെ കോന്നിയിൽ നിന്നെത്തിയ വെറ്റിനറി സർജ്ജൻ സി എസ് ജയകുമാർ കാട്ടിലെത്തി ആനയെ കണ്ട് പരിക്കുകൾ വിലയിരുത്തി.ഇടമലയാർ ഡാമിൽ നിന്നും 1 കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന നിലയുറപ്പിച്ചിരുന്നത്.

ദേഹമാകെ പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥി മോശമാണെന്നും പൈനാപ്പിളിൽ മരുന്ന് ഒളിപ്പിച്ച് നൽകുകയല്ലാതെ ഈ ഘട്ടത്തിൽ ഒന്നും ചെയ്യാനില്ലന്നും ഡോ.ജയകുമാർ മറുനാടനോട് വിശദീകരിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിൽ മരുന്ന് നൽകുന്നത് തുടരാനും ഇദ്ദേഹം ഉദ്യോഗസ്ഥ സംഘത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുവെടി വച്ച് വീഴ്തിയ ശേഷം മുറിവ് വൃത്തിയാക്കുന്നതിനെകുറിച്ച് ആദ്യഘട്ടത്തിൽ വെറ്റനറി സർജ്ജനും ഉദ്യോഗസ്ഥ സംഘവും ആലോചിച്ചെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ആരോഗ്യ സ്ഥിതി മോശമായതിനാൽ ആന മയക്കം വിട്ട് എഴുന്നേൽക്കുമോ എന്നുള്ള ആശങ്കയിലാണ് അധികൃതർ ഈ നീക്കം ഉപേക്ഷിച്ചത്.

ആനയുടെ ചികത്സ തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നിരക്ഷണം തുടരുമെന്നും റെയിഞ്ചോഫീസർ സിജോ സാമുവൽ അറിയിച്ചു.കാട്ടിൽ പരിക്കേറ്റ നിലിയിൽ മൃഗങ്ങളെ കണ്ടെത്തിയാൽ ചികത്സ നൽകി സുഖപ്പെടുത്തുന്നതിന് വനം വകുപ്പിന് കീഴിൽ വെറ്റിനറി ഡോക്ടർ ഉൾപ്പെടെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ് നിൽക്കുന്ന ആനയുടെ സമീപത്ത് നിരവധി ആനകൾ ചിഹ്നംവിളിയുമായി നിലയുറപ്പിച്ചിട്ടുണ്ട്.ഇതുമൂലം ജിവൻ പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥ സംഘം ആനയ്ക്ക് മരുന്ന് നൽകാനും മറ്റും കാടുകയറുന്നത്. പരിക്കേറ്റ ,ആക്രമണകാരിയായ കാട്ടാനയെ കൊടും കാട്ടിലെത്തി ചികത്സ നൽകുന്നതായുള്ള വനംവകുപ്പധികൃതരുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി നേരിൽ ബോദ്ധ്യപ്പെടുന്നതിനായിട്ടാണ് വാഴാഴ്ച ഉച്ചയോടെ ഈ ലേഖകൻ ഇടമലയാറിൽ എത്തിയത്.

തിരിച്ചിറങ്ങുമ്പോൾ കാലിന്റെ വിരലുകൾക്കിടയിൽ നിന്നും പുറത്തുനിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു.നോക്കുമ്പോൾ രക്തംകുടിക്കുന്ന അട്ട കടിച്ച് തൂങ്ങിയിരിക്കുന്നു.വനംവകുപ്പ് ജീവനക്കാരുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല.ഒട്ടുമിക്കവരുടെയും ദേഹത്ത് അട്ടകടിച്ച പാടുകൾ ദൃശ്യമായിരുന്നു.