തിരുവനന്തപുരം: ഋഷിരാജ് സിങ്ങിനുശേഷം കേരള ജനതയുടെ മനസിൽ ഇടംപിടിച്ച മറ്റൊരു മറുനാടൻ ഐ പി എസ് ഓഫീസറാണ് അങ്കമാലി എസ്‌പി യതീഷ്ചന്ദ്ര. ഹർത്താൽ നടത്തിയ സിപിഐ(എം) പ്രവർത്തകരെ ഓടിച്ചിട്ടടിച്ച ഈ ഐപിഎസ്സുകാരന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കേരള ജനത പ്രതികരിച്ചിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം പണികൊടുത്തത് മാവോയിസ്റ്റുകളെ കിടുകിടാ വിറപ്പിക്കുന്ന കേരളാ പൊലീസിന്റെ തണ്ടർബോൾട്ട് സേനയ്ക്കാണ്. സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്.

മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടർബോൾട്ട് കമാൻഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോർഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താൻ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകൾ ജയിച്ചാലേ കമാൻഡോകൾക്ക് ഹവീൽദാർമാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാൽ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.

പക്ഷേ 2015 മാർച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തണ്ടർബോൾട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളർന്നുപോയി. പ്രമോഷൻ പരീക്ഷയിൽ പങ്കെടുത്ത 177 പേരിൽ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേർ മാത്രം. ഫലം പുറത്തറിഞ്ഞാൽ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിൽ പരീക്ഷ നടത്താാരുങ്ങുകയാണ് തണ്ടർബോൾട്ട് അധികൃതർ.

പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമർഷം പുകയുന്നുണ്ട്. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികൾ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കുന്നതെന്നും ഇത് തങ്ങളുടെ മനോവീര്യം തകർക്കുമെന്നും പരീക്ഷ ജയിച്ചവർ പറയുന്നു. ഫലം പ്രസിദ്ധീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ജയിച്ചവർക്ക് സ്ഥാനക്കയറ്റം നൽകുകയോ പരാജയപ്പെട്ടവർക്ക് വീണ്ടും പരീക്ഷ നടത്തുകയോ ചെയ്തിട്ടില്ല.

2011 സെപ്റ്റംബറിലാണ് തണ്ടർബോൾട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.