രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടു. 2021 മെയ് 13 ഈദ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുക. തുറമുഖത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവിട്ടത്. ‘സിനിമ തിരിച്ചെത്തി, തുറമുഖം മെയ് 13ന് റിലീസ് ചെയ്യും. എല്ലാവരെയും ഇനി തീയറ്ററിൽ കാണാം' എന്നാണ് തുറമുഖം ടീം ഫേസ്‌ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ നിവിൻ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ' സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. ബിജുമേനോൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം ജനുവരി 5ന് തുറക്കാനിരുന്ന തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചിരുന്നു. ജനുവരി 6ന് ഫിലിം ചേംബറിന്റെ അടിയന്തരയോഗം ചേരുമെന്നും അതിനുശേഷം മാത്രമേ തിയറ്ററുകൾ തുറക്കുന്നതിനെകുറിച്ച് തീരുമാനം ഉണ്ടാവുകയുള്ളു എന്നും ഫിലിം ചേംബർ അറിയിച്ചു. ജനുവരി 6ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും യോഗം ചേരുന്നുണ്ട്. ജനുവരി അഞ്ചുമുതൽ സിനിമാ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രമാണ് പ്രവർത്തിക്കുകയെന്നും കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാത്ത തിയറ്ററുകൾക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.