- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരൻ 'ഇവിടെ വാടാ' എന്നു വിളിച്ച് മുഷ്ടിചുരിട്ടി വയറ്റിൽ ഒറ്റ ഇടി; വേദനിച്ച് പുളഞ്ഞു വയറ്റിൽ കയ്യമർത്തി കുനിഞ്ഞു നിലവിളിച്ചപ്പോൾ മുതുകത്തും കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു; കുഴഞ്ഞുവീണ് അയാൾ മലംവിസർജിച്ചു; 'ഒക്കെ അവന്റെ അടവാണ്... കള്ളൻ... നിന്നെ കൊണ്ടുതന്നെ ഇതു കോരിക്കും' എന്ന് ആക്രോശിച്ച് പൊലീസുകാർ: എറണാകുളം ഹിൽപാലസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനം വിവരിച്ച് തുഷാർ നിർമ്മൽ
തിരുവനന്തപുരം: എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യിൽപ്പറ്റിയ ഈ ചോര ഇല്ലാതാവുക? ഈ ചോദ്യമുയർത്തി മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ നിർമൽ സോഷ്യൽമീഡിയയിൽ നൽകിയ കുറിപ്പ് ചർച്ചയാവുന്നു. എറണാകുളം ഹിൽപാലസ് സ്റ്റേഷനിൽ താൻ നേരിട്ടുകണ്ട ക്രൂരമർദ്ദനം വിവരിക്കുകയാണ് തുഷാർ. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് താൻ പണ്ട് സ്റ്റേഷനിൽ ഉണ്ടായിരുന്ന വേളയിൽ നേരിട്ടുകണ്ട അനുഭവം തുഷാർ പങ്കുവയ്ക്കുന്നത്. കസ്റ്റഡിയിൽ പൊലീസുകാർ മനുഷ്യത്വരഹിതമായി പെരുമാറുന്നതിന്റേയും ജീവനെടുക്കുംവിധം ക്രൂരമായി മർദ്ദിക്കുന്നതിന്റേയും നേർസാക്ഷ്യമായാണ് ഈയൊരു അനുഭവം തുഷാർ വിവരിക്കുന്നത്. പോക്കറ്റടിക്കാരൻ എന്നാരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ പൊലീസ് തല്ലിച്ചതച്ചതും മർദ്ദനമേറ്റ് അയാൾ മലവിസർജനം നടത്തിയതും അത് അയാളെക്കൊണ്ടുതന്നെ കോരിച്ചതുമായ സംഭവമാണ് തുഷാർ എഴുതുന്നത്. തുഷാർ നിർമലിന്റെ കുറിപ്പ് ഇപ്രകാരം: കൊല്ലപ്പെട്ട ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും പൊലീസുകാർ കയ്യോ കാലോ കൊണ്ടു മ
തിരുവനന്തപുരം: എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യിൽപ്പറ്റിയ ഈ ചോര ഇല്ലാതാവുക? ഈ ചോദ്യമുയർത്തി മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ നിർമൽ സോഷ്യൽമീഡിയയിൽ നൽകിയ കുറിപ്പ് ചർച്ചയാവുന്നു. എറണാകുളം ഹിൽപാലസ് സ്റ്റേഷനിൽ താൻ നേരിട്ടുകണ്ട ക്രൂരമർദ്ദനം വിവരിക്കുകയാണ് തുഷാർ. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് താൻ പണ്ട് സ്റ്റേഷനിൽ ഉണ്ടായിരുന്ന വേളയിൽ നേരിട്ടുകണ്ട അനുഭവം തുഷാർ പങ്കുവയ്ക്കുന്നത്. കസ്റ്റഡിയിൽ പൊലീസുകാർ മനുഷ്യത്വരഹിതമായി പെരുമാറുന്നതിന്റേയും ജീവനെടുക്കുംവിധം ക്രൂരമായി മർദ്ദിക്കുന്നതിന്റേയും നേർസാക്ഷ്യമായാണ് ഈയൊരു അനുഭവം തുഷാർ വിവരിക്കുന്നത്. പോക്കറ്റടിക്കാരൻ എന്നാരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ പൊലീസ് തല്ലിച്ചതച്ചതും മർദ്ദനമേറ്റ് അയാൾ മലവിസർജനം നടത്തിയതും അത് അയാളെക്കൊണ്ടുതന്നെ കോരിച്ചതുമായ സംഭവമാണ് തുഷാർ എഴുതുന്നത്.
തുഷാർ നിർമലിന്റെ കുറിപ്പ് ഇപ്രകാരം:
കൊല്ലപ്പെട്ട ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും പൊലീസുകാർ കയ്യോ കാലോ കൊണ്ടു മർദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചെറുകുടലിൽ മുറിവുള്ളതായും പറയുന്നു. വാർത്ത കണ്ടപ്പോൾ നേരിട്ടു കണ്ട ഒരു പൊലീസ് മർദ്ദനത്തെ കുറിച്ചാണ് ഓർത്തത്.
മാവോയിസ്റ്റ് ബന്ധം പറഞ്ഞ് അറസ്റ്റു ചെയ്തശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ എന്നെ പത്തു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതി ഏഴു ദിവസത്തേക്കു കസ്റ്റഡി അനുവദിച്ചു. എറണാകുളം ഹിൽപാലസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് എന്നെ തടവിലിട്ടിരുന്നത്. ഓരോ ദിവസവും പൊലീസിലെ വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥർ വരും, ചോദ്യം ചെയ്യും.
ഇടയ്‌ക്കൊരു ഞായറാഴ്ച ചോദ്യം ചെയ്യലിന് അവധിയായിരുന്നു. രാവിലെ പതിനൊന്ന് മണി കഴിഞ്ഞുകാണും. മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പിൽ കിടന്നും നടന്നും, പാറാവു നിൽക്കുന്ന പൊലീസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടയ്ക്ക് ഒരു സംഘം ആളുകൾ സ്റ്റേഷനിലേക്കു കയറിവന്നു. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ഒരാളെ പിടിച്ചുകൊണ്ടാണു വരുന്നത്. 'പോക്കറ്റടിക്കാൻ നോക്കിയപ്പോൾ പിടിച്ചതാണ്' എന്നുപറഞ്ഞ് അവർ അയാളെ പാറാവുനിന്ന പൊലീസുകാരന്റെ മുന്നിലേക്കു നിർത്തി. ഉടനെ സ്റ്റേഷൻ റൈറ്റർ അയാളോട് ഇടനാഴിയിലേക്കു കയറി നിൽക്കാൻ പറഞ്ഞു.
അയാളെ കൊണ്ടുവന്ന സംഘത്തിൽ കാക്കി ഷർട്ട് ഇട്ട ഒരാൾ മുന്നോട്ടുവന്ന് താൻ ബസ്സിലെ കണ്ടക്ടർ ആണെന്നും യാത്രക്കാരിൽ ഒരാളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടികൂടിയതാണെന്നും പറഞ്ഞു. ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത്? റൈറ്റർ ചോദിച്ചു. ഇയാളുടെയാണു സാറെ കണ്ടക്ടർ കൂട്ടത്തിൽ ഏറ്റവും പുറകിലായി നിന്നിരുന്ന, കാഴ്ചയിൽ എഴുപതിനോടടുത്തു പ്രായം വരുന്ന ഒരാളുടെ നേർക്കു വിരൽചൂണ്ടി പറഞ്ഞു. 'നിങ്ങൾ ഇങ്ങോട്ട് വരൂ' റൈറ്റർ അയാളെ വിളിച്ചു. 'നിങ്ങളുടെ പോക്കറ്റടിച്ചോ' റൈറ്റർ ചോദിച്ചു. 'പോക്കറ്റടിച്ചില്ല സാറെ, പോക്കറ്റിൽ കയ്യിട്ട് പൈസ എടുത്തപ്പോൾ ഞാൻ അറിഞ്ഞു. ഉടനെ കയ്യിൽ കടന്നു പിടിച്ചു'. അപ്പോൾ പിന്നെ എന്താ പോക്കറ്റടിച്ചെന്നു പറഞ്ഞത് റൈറ്റർ ഒച്ചയുയർത്തി ചോദിച്ചു. വൃദ്ധൻ ആകെ പരുങ്ങലിലായി. 'കേസൊന്നും വേണ്ടെന്നു ഞാൻ പറഞ്ഞതാണു സാറെ' ഭയന്നു വിറച്ച് അയാൾ പറഞ്ഞു.
'എസ്‌ഐ ഇല്ല. അദ്ദേഹം വന്നിട്ടു തീരുമാനിക്കാം. അതുവരെ ഇവിടെ ഇരിക്ക് എന്നു പറഞ്ഞ് റൈറ്റർ തിരിഞ്ഞു നടന്നു. 'ഞങ്ങൾ പൊയ്‌ക്കോട്ടെ സാറെ. ബസ് ഓട്ടത്തിലാണ്' കണ്ടക്ടർ യാചനാസ്വരത്തിൽ ചോദിച്ചു.'ശരി.. നിങ്ങൾ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ടു പൊയ്‌ക്കോ..' എന്നുപറഞ്ഞ് റൈറ്റർ അവിടെ ഉണ്ടായിരുന്ന വനിതാ പൊലീസുകാരിയെ ചട്ടംകെട്ടി. കണ്ടക്ടറും സംഘവും മേൽവിലാസം കൊടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ വൃദ്ധൻ 'സാറെ ഞാനും പോയിട്ട് പിന്നെ വന്നാൽ മതിയോ' എന്നു ചോദിച്ചു. 'ഇല്ല നിങ്ങൾ എസ്‌ഐ വന്നിട്ട് പോയാൽ മതി' റൈറ്റർ പറഞ്ഞു. ഭയന്നു നിൽക്കുന്ന വൃദ്ധനെ സ്റ്റേഷനകത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞു പാറാവ് നിൽക്കുന്ന പൊലീസുകാരൻ സമാധാനിപ്പിച്ചു.
കറച്ചു സമയം കഴിഞ്ഞു. വൃദ്ധൻ കസേരയിൽ അക്ഷമനായി ഇരിപ്പാണ്. പോക്കറ്റടിക്കാരൻ ഇടനാഴിയിൽ ചുവരിൽ ചാരി നിൽക്കുന്നു. രണ്ടു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റ്‌സും വെള്ള ഷർട്ടും ധരിച്ച പൊലീസുകാരൻ കയറിവന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്നു ചോദിച്ചു നേരെ റൈറ്ററുടെ അടുത്തേക്കു ചെന്നു. റൈറ്റർ കാര്യം വിശദീകരിച്ചു. ഉടനെ ആ പൊലീസുകാരൻ എഴുന്നേറ്റു പോക്കറ്റടിക്കാരന്റെ നേരെ നോക്കി. 'ഇവിടെ വാടാ' എന്ന് ആക്രോശിച്ചു. അടുത്തെത്തിയ ഉടനെ ആ പൊലീസുകാരൻ മുഷ്ടിചുരുട്ടി അയാളുടെ വയറ്റിൽ ശക്തിയായി ഇടിച്ചു. വേദന കൊണ്ടു പുളഞ്ഞു വയറ്റിൽ കയ്യമർത്തി കുനിഞ്ഞു നിലവിളിക്കുന്ന അയാളുടെ മുതുകത്തു കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു.
ഇടി കൊണ്ടതും അയാൾ കുഴഞ്ഞു വീഴുകയും മലം വിസർജിക്കുകയും ചെയ്തു. 'ഒക്കെ അവന്റെ അടവാണ്. കള്ളൻ. നിന്നെ കൊണ്ടുതന്നെ ഇതു കോരിക്കും' പൊലീസുകാരൻ ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്നു പറഞ്ഞ് ഉടനെ റൈറ്റർ ഇടപെട്ടു. ഇടിച്ച പൊലീസുകാരൻ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റുനിന്ന വൃദ്ധനെ പാറാവുകാരൻ സമാധാനിപ്പിച്ചു. ഇടി കൊണ്ടു വീണയാൾ മണിക്കൂറുകളോളം അവിടെ കിടന്നു. റൈറ്റർ ഇടയ്ക്കിടക്ക് അയാളുടെ പേരു വിളിച്ച് ആശുപത്രിയിൽ പോകണ്ടേ എഴുന്നേൽക്ക് എന്നുപറയും. അയാൾ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു. വൈകുന്നേരത്തോടെ വൃദ്ധനെ മൊഴിയെടുത്തു പറഞ്ഞുവിട്ടു.
ഇതിനിടയ്ക്കു പൊലീസുകാർ കറ്റാരോപിതനെ ഇടനാഴിയിലേക്കു മാറ്റിക്കിടത്തി. 'അവൻ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ' പാറാവുകാരൻ എന്നെ നോക്കി പറഞ്ഞു. 'കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാൻ. നിങ്ങളും നിയമം ലംഘിക്കുകയല്ലേ' ഞാൻ ചോദിച്ചു. 'ഇവനെയൊക്കെ കോടതിയിൽ ഹാജരാക്കിയാൽ കുറച്ചുദിവസം കഴിഞ്ഞു സുഖമായി ഇറങ്ങിപ്പോരും. ഈ കൊടുക്കുന്നതേ ഉണ്ടാകൂ'. മർദനത്തിന്റെ ന്യായീകരണമായി പാറാവുകാരൻ പറഞ്ഞു. അപ്പോഴേക്കും കുറ്റാരോപിതൻ എഴുന്നേറ്റു ചുവരുംചാരി ഇരിപ്പായി. അൽപസമയത്തിനു ശേഷം അയാളെ കൊണ്ടു തന്നെ മലം കോരി വൃത്തിയാക്കിച്ചു.
രണ്ടാം ദിവസം അയാളെ കോടതിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. കാക്കനാട് ജില്ലാ ജയിലിൽ തടവിൽ കഴിയുമ്പോൾ അയാളെ കണ്ടിരുന്നു. വേറെ സെല്ലിൽ ആയതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞു സിബിയുടെ വീട്ടിൽ ചെന്നു. സ്റ്റേഷനിൽ കാണുമ്പോൾ മർദനമേറ്റ് അവശനിലയിലായ സിബി അവിടെ മലവിസർജനം നടത്തിയെന്നും അതു തന്നെക്കൊണ്ടു കഴുകി വൃത്തിയാക്കിച്ചെന്നും സിബിയുടെ അമ്മ വിതുമ്പികൊണ്ട് വിവരിച്ചത് ഓർക്കുന്നു.
ജനമൈത്രി പൊലീസായെന്ന് വമ്പു പറയുമ്പോഴാണ് ഈ സംഭവങ്ങൾ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണു പൊലീസിന്റെ കയ്യിൽ പറ്റിയ ചോര ഇല്ലാതാവുക?