പാറ്റ്‌ന: ബിഹാറിലെ കുശേശ്വർ ആസ്താൻ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അതിരേക് കുമാറിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച് ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്. തന്റെ നേതൃത്വത്തിൽ പുതുതായി സ്ഥാപിച്ച ഛത്ര ജനശക്തി പരിഷത്ത് കുശേശ്വർ ആസ്ഥാനിൽ കോൺഗ്രസിനായി പ്രചാരണം നടത്തുമെന്നാണ് തേജ് പ്രതാപ് പ്രഖ്യാപിച്ചത്.

ആർ ജെ ഡിയേയും സഹോദരൻ തേജസ്വി യാദവിനേയും സംബന്ധിച്ച കനത്ത തിരിച്ചടിയാണ് തേജ് പ്രതാപിന്റെ നീക്കം. അതേസമയം താരാപൂർ നിയമസഭാ സീറ്റിൽ ആർജെഡിക്കായി പ്രചാരണം നടത്തുമെന്നും തേജ് പ്രതാപ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഒക്ടോബർ 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കുശേശ്വർ ആസ്താനിലും താരാപ്പൂരിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പഠിച്ച ശേഷമാണ് ഛത്ര ജനശക്തി പരിഷത്ത് തീരുമാനം എടുത്തതെന്നാണ് തേജ് പ്രതാപ് വ്യക്തമാക്കുന്നത്. കുശേശ്വർ അസ്താനിലെ കോൺഗ്രസ് സ്ഥാനാർത്ഥി അതിരേക് കുമാറിനും താരാപൂരിലെ ആർജെഡി സ്ഥാനാർത്ഥി അരുൺ കുമാറിനും പിന്തുണയ്ക്കാനാണ് സംഘടനയുടെ തീരുമാനം. ''ഛത്ര ജനശക്ത് പരിഷത്ത് അതത് നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികൾക്കും വേണ്ടി ശക്തമായി പ്രചാരണം നടത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും'-തേജ് പ്രതാപ് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പിതാവും ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (ബിപിസിസി) വർക്കിങ് പ്രസിഡന്റുമായ ഡോ. അശോക് കുമാർ അടുത്തിടെ തേജ് പ്രതാപുമായി കൂടിക്കാഴ്ച നടത്തി കുശേശ്വർ ആസ്താനിൽ നടക്കാൻ പോവുന്ന ഉപതിരഞ്ഞെടുപ്പിൽ പിന്തുണ തേടിയിരുന്നു. നേരത്തെ 2020 ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആർ ജെ ഡിയും സഖ്യം രൂപീകരിച്ചായിരുന്നു ബിഹാറിൽ മത്സരിച്ചിരുന്നത്. ഇടത് പാർട്ടികളും സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സഖ്യത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് രണ്ട് സീറ്റിലും സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസും ആർ ജെ ഡിയും തീരുമാനിക്കുകയായിരുന്നു.

ലാലുവിന്റെ മൂത്തമകനായ് തേജ് പ്രതാപ് ആർജെഡിയുടെ നിയമസഭാംഗമാണ്. അദ്ദേഹം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് തേജസ്വി യാദവിന് തിരിച്ചടിയായി എന്ന് മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം എത്രത്തോളം വഷളായി എന്നും വ്യക്തമാക്കുന്നു. സ്വർഗ്ഗത്തിലെ രാജകുമാരി; ആരേയും അമ്പരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി സാനിയ ഇയ്യപ്പൻ തേജ് പ്രതാപ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് പാർട്ടിക്കെതിരായ തുറന്ന കലാപമാണെന്നും അദ്ദേഹത്തിന് അച്ചടക്ക നടപടി നേടാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. തനിക്കെതിരെ നടപടി വന്നാൽ അദ്ദേഹം തന്റെ സംഘടനയെ ശക്തിപ്പെടുത്തി കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോയെക്കുമെന്നാണ് തേജ് പ്രതാപുമായി ബന്ധപ്പെട്ടവർ പറയുന്നത്.

കോൺഗ്രസ്-ആർജെഡി സഖ്യം ലാലു ജി ഉണ്ടാക്കിയതാണ്, ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. കുശേശ്വർ അസ്താനിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയെ നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നിലവിൽ പാർട്ടി എടുത്ത തീരുമാനത്തിൽ ആർ ജെ ഡിയിലെ ചിലർക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അത് തിരുത്തേണ്ടതാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തേജ് പ്രതാപ് വ്യക്തമാക്കിയത്. മക്കൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് മണ്ഡലത്തിലും ലാലു പ്രസാദ് യാദവ് പ്രചരണത്തിന് എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് ലാലു ബിഹാറിൽ എത്താതിരിക്കുന്നതെന്നാണ് ആർജെഡിയുടെ സംസ്ഥാന വക്താവ് ചിത്രഞ്ജൻ ഗഗൻ വ്യക്തമാക്കുന്നത്. യാത്രചെയ്യാൻ ഡോക്ടറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെന്തിനേക്കാളും അദ്ദേഹത്തിന്റെ ജീവനാണ് ഞങ്ങൾക്ക് പ്രധാനപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.