കണക്ടിക്കട്ട്: സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്റായ 'തൈക്കുടം ബ്രിഡ്ജിന്റെ' ആദ്യ അമേരിക്കൻ പ്രോഗ്രാമിന് ആതിഥ്യമരുളാൻ കണക്ടിക്കട്ടിലെ മലയാളി സമൂഹം ഒരുക്കങ്ങൾ തുടങ്ങി. ഹാർട്ട് ഫോർട്ട് സെന്റ് തോമസ് സീറോ മലബാർ മിഷൻ ആതിഥ്യമരുളുന്ന ഈ കലാസന്ധ്യ മെയ് 20-നു വെള്ളിയാഴ്ച മാഞ്ചെസ്റ്റർ ഈസ്റ്റ് കാത്തലിക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.

കണക്ടിക്കട്ടിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 14-നു ഞായറാഴ്ച വൈകിട്ട് ആറിനു ഇവന്റ് സ്‌പോൺസർ ഡോ. ഷാരി മാത്യു (മാത്യൂസ് ഫാമിലി ഡെന്റൽ സെന്റർ, മാഞ്ചെസ്റ്റർ) നൽകിക്കൊണ്ട് മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിൽ നിർവഹിച്ചു. ഈ പരിപാടിയുടെ മെഗാ സ്‌പോൺസർ ജെഎംഎഫ് ഫിനാൻഷ്യൽ അസോസിയേറ്റ്‌സും, ഗ്രാന്റ് സ്‌പോൺസേഴ്‌സ് Wentworth De Angleis & Kanfman Inc, Asia Grocers എന്നിവരും ആണ്.

കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ, മെലഡി, ഹിന്ദുസ്ഥാനി, ഫാസ്റ്റ് സോംഗ് എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൈവിധ്യമാർന്ന അവതരണ ശൈലിയാണ് തൈക്കുടം ബ്രിഡ്ജിന്റെ പ്രത്യേകതയെന്ന് പ്രോഗ്രാം കൺവീനർ സെൻജിൻ മാതിരംപുഴ പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ലൂക്ക് ഫ്രാൻസീസ്, അനിൽ മാത്യു, അരുൺ ജോസ്, ജോബി അഗസ്റ്റിൻ, ബിജു കൊടലിപറമ്പിൽ, ജിമ്മി ഉമാശേരിൽ, സുനിൽ അബ്രഹാം, ഷാജി തോമസ്, ജോ വെള്ളായിപറമ്പിൽ, ട്രസ്റ്റിമാരായ ബേബി മാത്യു, ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: thaikkudamlivect.com സന്ദർശിക്കുക.