- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
കൊച്ചി: ശബ്ദം പുറത്ത് വരാതിരിക്കാനായി വായിൽ തുണിതിരുകി കയറ്റിയ ശേഷമാണ് സഹോദരീ ഭർത്താവ് ഉപദ്രവിച്ചിരുന്നതെന്ന് മൂന്നാം ക്ലാസ്സുകാരന്റെ മൊഴി. പലപ്പോഴും മുറിക്കകത്ത് കയറ്റി വാതിലടച്ച ശേഷമാണ് ഉപദ്രവിക്കുന്നതെന്നും ചെറിയ തെറ്റുകൾ കണ്ടാൽ അടിക്കുന്നത് പതിവാണെന്നും കുട്ടി പറഞ്ഞു. പുതുവൽസര രാത്രിയിൽ പുറത്ത് പോയതിന് വീട്ടിൽ വച്ച് കഴുത്തിന് പിടിച്ച് പൊക്കി നിർത്തുകയും അടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റിലേക്ക് സാധനം വാങ്ങാൻ കൊണ്ടു പോയ 200 രൂപ നഷ്ടപ്പെട്ടു പോയതുമായി ബന്ധപ്പെട്ടാണ് ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും കാലിൽ പൊള്ളലേൽപ്പിച്ചത്.
തീയിൽ ചൂടാക്കിയ ചട്ടുകവുമായി മുറിയിലേക്ക് പോകുന്നത് കുട്ടിയുടെ അമ്മ കണ്ടു. എന്നാൽ കുട്ടിയെ പേടിപ്പിക്കാൻ വേണ്ടിയാവും എന്നാണ് കരുതിയിരുന്നത്. ഏറെ നേരം കതകിൽ മുട്ടി വിളിച്ചെങ്കിലും കതകു തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീടാണ് കാലിൽ പൊള്ളലേൽപ്പിച്ച വിവരം കുട്ടി മാതാവിനോട് പറയുന്നത്. പൊള്ളലേൽപ്പിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ പൊള്ളലേൽപ്പിച്ച കാര്യം ചോദിക്കാൻ മാതാവൊരുങ്ങിയപ്പോൾ കുട്ടി ചോദിക്കണ്ട എന്ന് പറഞ്ഞു. ചോദിച്ചാൽ ഇനിയും തന്നെ ഉപദ്രവിക്കുമെന്ന് കുട്ടി പറഞ്ഞു.
ആരുമറിയാതെ ഇരുന്ന ഇക്കാര്യം അയൽവാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. തുടർന്ന് ഇവർ കുട്ടിയോട് വിവരങ്ങൾ തിരക്കുകയും ദൃശ്യങ്ങൾ പകർത്തി സമീപ വാസികളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ കുട്ടിയെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് അങ്കമാലി സ്വദേശി പ്രിൻസി(19)നെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടിയെ പ്രിൻസ് ഉപദ്രവിക്കുന്നത് പലപ്പോഴും 18 കാരിയായ സഹോദരിയും മാതാവും തടഞ്ഞിരുന്നു. എന്നാൽ ഇവരെ വകവയ്ക്കാതെ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കുട്ടിയുടെ സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച പ്രിൻസ് ജോലിയൊന്നുമില്ലാതെ ഇവരുടെ വീട്ടിൽ തുടരുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. പെൺകുട്ടിക്ക് പ്രായ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിവാഹം കഴിക്കുകയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പൊലീസ് അടുത്ത ദിവസം പെൺകുട്ടിയെ നേരിൽ കണ്ട് മൊഴിയെടുക്കുകയും ജനന സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്യുമെന്ന് മരട് സിഐ വിനോദ് അറിയിച്ചു. ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങൾ കുട്ടിയെയും കുടുംബാംഗങ്ങളെയും കണ്ട് മൊഴി എടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഹൃദയ ശസ്ത്രക്രിയക്കിടെ പക്ഷാഘാതം സംഭവിച്ച് തളർന്ന് കിടപ്പിലാണ്.
മൂന്നാംക്ലാസുകാരനെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകൾ പ്രകാരം പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. റിമാൻഡ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി മരട് സിഐ സി. വിനോദ് പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.