- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രാസ് ഐഐടി പ്രൊഫസറെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ വിവാഹം കഴിച്ചത് തട്ടുകടക്കാരൻ; 110 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ സമ്മാനങ്ങളും സ്ത്രീധനം; മൊത്തത്തിൽ വശപിശക് തോന്നിയ വധു ഐഐടിയിൽ അന്വേഷിച്ചപ്പോൾ വിവാഹ തട്ടിപ്പുവീരൻ അകത്ത്
ചെന്നൈ: വിവാഹ തട്ടിപ്പുകാരുടെ പല കഥകൾ കേട്ടിട്ടുണ്ട്. കല്യാണത്തിന് ഏതാനും നാളുകൾക്ക് ശേഷം വധുവിന്റെ ആഭരണങ്ങളും പണവുമായി വരൻ മുങ്ങുക, അല്ലെങ്കിൽ വരന്റെ കൈയിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കി വധു കടക്കുക, വിവാഹിതനെന്ന വിവരം മറച്ചുവച്ച് കബളിപ്പിക്കുക, അങ്ങനെ എന്തെല്ലാം. ചെന്നൈയിൽ നിന്ന് കേൾക്കുന്നത് മറ്റൊരു കഥയാണ്.
34 കാരനായ ടിഫിൻ സെന്റർ ഉടമയാണ് കഥാനായകനും വില്ലനും. പേര് വി.പ്രഭാകരൻ. മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണ് താനെന്ന് മുംബൈയിൽ താമസിച്ചിരുന്ന വധുവിന്റെ മാതാപിതാക്കളെ വിശ്വസിപ്പിക്കുന്നതിൽ പ്രഭാകരൻ വിജയിച്ചതാണ് തട്ടിപ്പ് കഥയുടെ തുടക്കം. വധു ഷൺമുഖ മയൂരി ഡോക്ടറാണ്. പ്രഭാകരനാകട്ടെ, ജാഫർഖാൻപേട്ടയിലെ പെരിയാർ സ്ട്രീറ്റിൽ സഹോദരങ്ങൾക്കൊപ്പം ടിഫിൻ സെന്റർ നടത്തുകയാണ്.
2020 ഫെബ്രുവരി 7 നായിരുന്നു വിവാഹം. വധുവിന്റെ വീട്ടുകാരിൽ നിന്നും സ്വർണവും പണവുമുൾപ്പെടെയുള്ളവ സ്ത്രീധനമായി വാങ്ങുകയും ചെയ്തു.പ്രഭാകരൻ നേരത്തെ വിവാഹിതനും, ഒരു കുട്ടിയും ഉള്ളയാളാണ്. കടത്തിൽ നിന്ന് കര കയറാനായിരുന്നു പ്രഭാകരന്റെ തട്ടിപ്പ്. ഇയാൾക്ക് വി കണ്ണദാസൻ, വി നെപ്പോളിയൻ എന്നീ സഹോരന്മാരുമുണ്ട്.
പ്രഭാകരൻ താൻ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കൾ മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. വൻതുക വാങ്ങിയായിരുന്നു വിവാഹം. 110 പവൻ സ്വർണം, 15 ലക്ഷം രൂപയുടെ കാർ, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന പ്രഭാകരൻ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടിൽ അധികം സമയം ചെലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇടിയായിരുന്നു പ്രഭാകരന്റെ മറുപടി.
എല്ലാമറിയാമായിരുന്ന പ്രഭാകരന്റെ വീട്ടുകാർ മകനെ സംരക്ഷിച്ചു. മകന് പ്രൊഫസർ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടിൽ വരാൻ കഴിയാത്തതെന്ന് വീട്ടുകാർ മയൂരിയോട് പറഞ്ഞു. എന്നാൽ, മൊത്തത്തിൽ വശപ്പിശക് തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടിയിൽ എത്തി തിരക്കി. പ്രഭാകരൻ പറഞ്ഞതെല്ലാം നുണയാണ് എന്ന് മനസ്സിലായി. ആദ്യഭാര്യയുമായി ഉള്ള പ്രഭാകരന്റെ ഇമെയിൽ ചാറ്റുകളും, കുട്ടിയുടെ ചിത്രങ്ങളും ഒക്കെ മയൂരി കണ്ടു. ഈ സമയത്തിനുള്ളിൽ സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ച് പ്രഭാകരൻ വീട് പുതുക്കിപ്പണിഞ്ഞു. കടങ്ങൾ വീട്ടുകയും മറ്റൊരു ടിഫിൻ സെന്റർ തുടങ്ങുകയും ചെയ്തു.
പ്രഭാകരന്റെ ആദ്യ വിവാഹം 2019 ലായിരുന്നു. കടത്തിൽ മുങ്ങിയിരുന്ന കുടുംബം രണ്ടാം വിവാഹത്തെ കടം വീട്ടാനുള്ള മാർഗ്ഗമായാണ് കണ്ടത്. പിഎച്ഡിയുള്ള ബയോ കെമിസ്ട്രി പ്രൊഫസർ എന്ന കള്ളക്കഥ അങ്ങനെയാണ് ഉണ്ടായത്. മയൂരി പൊലീസിനെ സമീപിച്ച് പ്രഭാകരനെതിരെ പരാതി നൽകിയതോടെ, ആൾമാറാട്ടം, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാളുടെ കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ