കൊച്ചി: ഏറെ വിവാദമുയർത്തിയ വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി കൊലപാതകത്തിൽ പൊലീസ് മുഖം നഷ്ടപ്പെട്ടുനിൽക്കെ ഇതിന് കാരണക്കാരെന്ന് ആരോപണം നേരിടുന്ന റൂറൽ ടൈഗർ ഫോഴ്സ് പിരിച്ചുവിട്ടു. ആലുവ റൂറൽ എസ്‌പി എ വി ജോർജിന്റെ കീഴിലാണ് ഈ ടീം പ്രവർത്തിച്ചിരുന്നത്. എസ്‌പിയാണ് ഇതുസംബന്ധിച്ച് പ്രത്യേക തീരുമാനമെടുത്തത്. ഫോഴ്‌സ് അംഗങ്ങളായ മുന്ന് എആർ ക്യാമ്പ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിന്റെ മരണത്തെ തുടർന്ന കടുത്ത വിമർശനം ഉണ്ടായതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

തുടർന്ന് വിശദമായ അന്വേഷണത്തിൽ പറവൂർ സിഐ ക്രിസ്റ്റിൻ സാം അടക്കം നാലുപേരെക്കൂടി കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരാണ് നടപടി നേരിട്ടത്. ആദ്യം സസ്പെൻഷനിലായ മൂന്ന് പാലീസുകാർക്ക് പുറമെ നാല് പൊലീസുകാർക്കെതിരായ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഐ.ജി എസ് ശ്രീജിത്ത് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴിയെടുക്കുകയും ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മയുടേയും ഭാര്യയുടേയും മൊഴിയെടുക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നടപടികൾ ഉണ്ടായത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ടൈഗർ ഫോഴ്‌സ് തന്നെ വേണ്ടെന്നും ഇതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും കണ്ടെത്തി പുതിയ നടപടി എസ് പി സ്വീകരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗർ ഫോഴ്സായിരുന്നു. ഇവരുടെ മർദ്ദനത്തെത്തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയർന്നത്. ഇതിനെ സാധൂകരിക്കുന്ന മൊഴികൾ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫോഴ്സ് പിരിച്ചുവിടാനുള്ള തീരുമാനം.ടൈഗർ ഫോഴ്സ് അംഗങ്ങളെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് എസ്‌പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോവാനും നിർദേശിച്ചു.

റൂറൽ എസ്‌പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്‌ക്വാഡാണ് റൂറൽ ടൈഗർ ഫോഴ്സ്. എആർ ക്യാമ്പുകളിലെ പൊലീസുകാരാണ് സംഘത്തിലെ അംഗങ്ങൾ. സ്റ്റേഷൻ നിയന്ത്രിക്കുന്ന സർക്കിൾ ഇൻസ്പെക്ടർമാർക്കോ സബ് ഇൻസ്പെക്ടർമാർക്കോ ഇവരിൽ യാതൊരു അധികാരവുമില്ല. ഇവർ സ്റ്റേഷൻ പരിധിയിൽ എത്തുന്നത് സിഐമാരോ എസ്ഐമാരോ അറിയാറുമില്ലെന്നും ആക്ഷേപം ഉയരുന്നു.

ഇവർ മഫ്ടിയിലാണ് അന്വേഷണം നടത്തുന്നതെന്നതും കസ്റ്റഡിയിലെടുക്കുന്നവരെ സ്റ്റേഷനുകൾ എത്തിച്ച് മടങ്ങുകയാണ് ചെയ്യുകയെന്നും ആണ് ചർച്ചയായ വിവരം. മഫ്ടിയിൽ ചെന്ന് കസ്റ്റഡിയിലെടുക്കുന്നത് ഉൾപ്പെടെ ചർച്ചയായ സാഹചര്യത്തിലാണ് ഇപ്പോൾ സ്‌ക്വാഡിന്റെ പ്രവർത്തനം മരവിപ്പിച്ചതെന്നാണ് സൂചനകൾ. ഇതെല്ലാം പരിഗണിക്കുമ്പോൾ ആകെ സ്‌ക്വാഡിന്റെ ഉത്തരവാദിത്തവും പ്രവർത്തനങ്ങളും റൂറൽ എസ്‌പിയിലാണെന്നതും ചർച്ചയായിട്ടുണ്ട്. ഇതോടെ റൂറൽ എസ്‌പിക്ക് എതിരെയും നടപടിയുണ്ടാവണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.