തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് മൃഗത്തോൽ വിൽപ്പന സജീവമാകുന്നതായി വനം വകുപ്പ് ഇന്റലിജന്റ്‌സ് റിപ്പോർട്ട്. റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് വിൽപ്പന തകർക്കുന്നത്.പുലിത്തോൽ, കടുവാത്തോൽ, മാനിന്റെ തോൽ എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ. ഇവയ്ക്ക് മുകളിലിരുന്നു ധ്യാനിച്ചാൽ മോക്ഷം ലഭിക്കുമെന്ന് പ്രചരിപ്പിച്ച് വിദേശികളെ പാട്ടിലാക്കുന്ന സംഘം തലസ്ഥാനം കേന്ദ്രീകരിച്ച് വളർന്നുവരുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അരക്കോടിയോളം വിലവരുന്ന കടുവാത്തോൽ കഴിഞ്ഞ ദിവസം വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയിരുന്നു. വർക്കലയിലും കോവളത്തുമുള്ള റിസോർട്ടുകളിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് തങ്ങൾ കടുവാത്തോൽ കൊണ്ടുവന്നതെന്നാണ് പിടിയിലായവർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

മൃഗങ്ങളുടെ തോലിൽ ഇരുന്ന് ധ്യാനം, യോഗ എന്നിവ നടത്തിയാൽ ആരോഗ്യവും ആത്മാവിന് മോക്ഷവും കിട്ടുമെന്ന് ഇവർ വിദേശികളെ പറഞ്ഞു പറ്റിക്കും. തുടർന്ന് കടുവ, മാൻ, മ്ലാവ്, പശു, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ തോലുകൾ എത്തിച്ചുകൊടുക്കും. ചതുരശ്രയടിക്ക് അഞ്ചുലക്ഷമാണ് കടുവാത്തോലിന് ഈടാക്കുന്നത്. പുലിത്തോലിന് 10 ലക്ഷവും ഈടാക്കും. ഒരു പുലി, അല്ലെങ്കിൽ കടുവാത്തോലിന് അഞ്ചു മുതൽ ഏഴുവരെ ചതുരശ്രയടി നീളമുണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇത്തരത്തിൽ 35 മുതൽ 50 ലക്ഷം വരെ രൂപ ഈടാക്കിയാണ് കടുവാത്തോലും പുലിത്തോലും വിൽക്കുന്നത്.

മഹർഷിമാർ തപസ് ചെയ്ത ഘോരവനത്തിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളുടെ തോലാണെന്നും, ഇതിൽ ധ്യാനിച്ചാൽ ഋഷിവര്യന്മാരെപ്പോലെ മോക്ഷപ്രാപ്തി നേടാമെന്നുമാണ് വാഗ്ദാനം. ഇത്തരത്തിൽ വാഗ്ദാനം നൽകി വിദേശികളെ പറ്റിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കഴിഞ്ഞ ദിവസം വർക്കല റെയിൽവേ സ്റ്റേഷനിൽ പിടിയിലായ കരുനാഗപ്പള്ളി സ്വദേശി റാജിസ് (34), വയനാട് സ്വദേശികളായ രവി (50), ഷാബു (33) എറണാകുളം ചേരാനല്ലൂർ സ്വദേശി ഷാജൻ (54), എന്നിവർ. തിങ്കളാഴ്ച രാവിലെ 10.45ന് ചെന്നൈ മെയിൽ എക്സ്‌പ്രസിൽ വർക്കല റെയിൽവേസ്റ്റേഷനിൽ എത്തിയ സംഘത്തെ വനംകുപ്പ് ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ രഹസ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പാലക്കാട്‌നിന്നു കൊണ്ടുവന്ന കടുവാത്തോലിന് മൂന്നുവർഷം പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ മൃഗങ്ങളുടെ തോൽവ്യാപാരം നടക്കുന്നതായി വനംവകുപ്പ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ഡിഎഫ്ഒയുടേയും പാലോട് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

വയനാട്ടിലെ കാട്ടിൽനിന്ന് പിടികൂടിയ കടുവയുടെ തോലാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഏജന്റുമാരാണ് പിടിയിലായതെന്നും വേട്ടക്കാരെ കണ്ടെത്താനുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. വൻ റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്നും കൂടുതൽ പേർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പാലോട് റെയ്ഞ്ച് ഓഫീസർ എസ് വി വിനോദ് മറുനാടൻ മലയാളിയോട് പറഞ്ഞു.