മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോ ഫിനിഷിൽ എത്തിയതോടെ മലപ്പുറത്തെ ലീഗ് കോട്ടകളെല്ലാം എൽ.ഡി.എഫ് മേൽക്കൈ നേടിയിരിക്കുന്നു. സ്വതന്ത്രരെയും വ്യവസായികളെയും ഇറക്കിയത് തിരിച്ചടിയാകുമെന്ന് കരുതിയിരുന്ന ഇടതു മുന്നണിക്ക് മുമ്പില്ലാത്ത ആത്മവിശ്വാസമാണ് ഇക്കുറിയുള്ളത്. നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മത്സരഗോദയിലേക്ക് മുസ്ലിംലീഗ് ഇറങ്ങിയിരുന്നു.

ലീഗിന്റെ ഒരുസമയത്തെ വിശ്രമം കഴിഞ്ഞപ്പോഴാണ് ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. സ്ഥാനാർത്ഥികൾക്കായി നെട്ടോട്ടമോടിയ എൽ.ഡി.എഫ് വ്യവസായികൾക്കും ബിസിനസുകാർക്കുമെല്ലാം സീറ്റു നൽകി ഇവരെ സ്വതന്ത്രന്മാരായി രംഗത്തിറക്കി. ഇത് എതിരാളികളിൽ നിന്നും പേയ്‌മെന്റ് സീറ്റ് എന്ന ആരോപണങ്ങൾക്കും പാർട്ടിക്കുള്ളിൽ നിന്നുള്ള ആക്ഷേപങ്ങൾക്കും വഴിവച്ചു. ഇതോടെ പ്രതിസന്ധിയിലായിരുന്ന ഇടതുമുന്നണിക്ക് ഇപ്പോൾ ആത്മവിശ്വാസം പകരുന്നതാണ് സ്വതന്ത്രരുടെ തേരോട്ടം.

കാലങ്ങളായി സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപാർട്ടികൾ പോകാൻ മടിച്ചിരുന്ന ലീഗ് കോട്ടകളെല്ലാം സ്വതന്ത്രർ ഇറങ്ങി ഇളക്കി മറിക്കുന്ന കാഴ്ചയാണ് മണ്ഡല പര്യടനത്തിൽ മറുനാടൻ മലയാളിക്ക് കാണാൻ സാധിച്ചത്. മാത്രമല്ല, ലീഗ് സ്ഥാനാർത്ഥികൾ കിതയ്ക്കുകയൊ വിയർക്കുകയോ ചെയ്യുന്നതാകട്ടെ ഇതാദ്യവുമാണ്. മുൻകാലങ്ങളിൽ പാർട്ടി ആരെ നിർത്തിയാലും കണ്ണും പൂട്ടി കോണിക്ക് വോട്ടു ചെയ്തിരുന്ന ജനങ്ങളായിരുന്നു മലപ്പുറത്തുണ്ടായിരുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി മണ്ഡലത്തിൽ വല്ലപ്പോഴും വന്നാൽ മതിയാകും. വരുന്നതാകട്ടെ വലിയ പൊതുയോഗങ്ങളിലോ റോഡ് ഷോകളിലോ മാത്രവും ആയിരിക്കും. എന്നാൽ ഇന്ന് മലപ്പുറത്തെ ഓരോ മണ്ഡലത്തിലെയും സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. മന്ത്രിമാരും നേതാക്കളുമെല്ലാം വീടുതോറും കയറി വോട്ടഭ്യർത്ഥിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ സ്വതന്ത്രരെ പരിഹസിച്ചും നിസ്സാരരെന്ന് വിലയിരുത്തിയും ചെയ്തിരുന്ന ലീഗ് ഇപ്പോൾ വിജയം ഉറപ്പാക്കാൻ നെട്ടോട്ടം ഓടുകയാണ്. മലപ്പുറത്ത് എൽ.ഡി.എഫ് നേടുന്ന സീറ്റുകളെല്ലാം തന്നെ സംസ്ഥാന ഭരണം നിർണയിക്കാൻ വരെ മുഖ്യഘടകമായി മാറുമെന്നാണ് രാഷട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

മലപ്പുറം ജില്ലയിൽ പതിനാറ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകളായ പൊന്നാനിക്കും തവനൂരിനും പുറമെ ഒന്നോ രണ്ടോ സീറ്റുകളായിരുന്നു തുടക്കത്തിൽ എൽ.ഡി.എഫ് പ്രതീക്ഷയർപ്പിച്ചിരുന്നത്. എന്നാൽ ഫോട്ടോ ഫിനിഷിൽ എത്തുമ്പോൾ ഏഴിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നും മറ്റു മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കോൺഗ്രസിന്റെ കയ്യിലുള്ള നിലമ്പൂർ, ലീഗ് സീറ്റുകളായ താനൂർ, തിരൂർ, മങ്കട, പെരിന്തൽമണ്ണ, കൊണ്ടോട്ടി, ഏറനാട് എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മത്സരിക്കുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലും ലീഗിന് നന്നായി കിതക്കേണ്ടി വന്നിട്ടുണ്ട്.

മണ്ഡലം രൂപീകരിച്ചതു മുതൽ ലീഗിന് ഇതേവരെ നഷ്ടമാവാത്ത താനൂരിലാണ് ഇത്തവണ പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലീഗിൽ നിന്നും പിടിച്ചെടുക്കുമെന്ന് സിപിഐ(എം) ഉറച്ചുവിശ്വസിക്കുന്ന മണ്ഡലങ്ങളിൽ ആദ്യം പറയുന്ന പേരും താനൂരാണ്. പിണറായി വിജയന്റെ നവകേരളാ മാർച്ച് കടന്നു പോയപ്പോൾ തന്നെ വി അബ്ദുറഹിമാന് ഇടതു സ്ഥാനാർത്ഥിത്വം നേതൃത്വം ഉറപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ടു മാസം മുമ്പ് താനൂരിൽ നിലയുറപ്പിച്ച് പ്രവർത്തനം സജീവമാക്കിയിരുന്നു വി.അബ്ദുറഹിമാൻ. മുൻ കെപിസിസി അംഗവും വ്യവസായിയുമായ വി.അബ്ദുറഹിമാൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി പൊന്നാനിയിൽ നിന്നും ജനവിധി തേടിയിരുന്നു. എതിരാളിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിനെ വിറപ്പിക്കുന്ന മത്സരമായിരുന്നു അബ്ദുറഹിമാൻ ലോക്‌സഭയിൽ കാഴ്ചവച്ചത്. അന്നത്തെ മത്സരത്തിൽ താനൂരിൽ നിന്നായിരുന്നു ലീഗിന് ഏറ്റവും കൂടുതൽ വോട്ട് നഷ്ടമായത്. ഇത് വി അബ്ദുറഹിമാന് താനൂരിൽ നിന്നും വിജയപ്രതീക്ഷ വർദ്ധിപ്പിച്ചു.

സി.എച്ച് മുഹമ്മദ്‌കോയ, സീതി സാഹിബ്, കുട്ടിഅഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ ലീഗിലെ പ്രമുഖരെല്ലാം പ്രതിനിധീകരിച്ച താനൂർ മണ്ഡലം ലീഗിന്റെ പൊന്നാപുരം കോട്ടയായി പാർട്ടി എന്നും സംരക്ഷിച്ചു പോന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖർ കടപുഴകിയപ്പോഴും താനൂർ ലീഗിനെ കൈവിട്ടില്ല. എന്നാൽ കഴിഞ്ഞ പത്തു വർഷക്കാലം ലീഗ് വോട്ടുകളിൽ വലിയതോതിൽ ഇടിവു സംഭവിച്ചതായി നാലു തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് നിലകൾ വ്യക്തമാക്കുന്നു. ഇത് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ലക്ഷങ്ങൾക്ക് ജയിച്ചു കയറിയിരുന്ന ലീഗിന്റെ ഇപ്പോഴത്തെ ഭൂരിപക്ഷം വെറും നാലായിരമാണ്. ഇത് നിഷ്പ്രയാസം മറികടക്കാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ദിവസങ്ങൾക്ക് മുമ്പ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാന് നേരെയുണ്ടായ ലീഗുകാരുടെ അക്രമവും തീരദേശത്തെ വീടുകൾ തകർത്തതും ലീഗിന് തിരിച്ചടിയാകും.

മണ്ഡലം കൈവിട്ടു പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മുസ്ലിംലീഗും സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണിയും. എന്നാൽ താനൂരിലെ ലീഗ്-കോൺഗ്രസ് ബന്ധത്തിലെ പൊട്ടിത്തെറി മുതലെടുക്കാൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. കൂടാതെ വി.അബ്ദുറഹിമാനെ വിജയിപ്പിക്കാൻ എപി സുന്നികളും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വി അബ്ദുറഹ്മാൻ ചെയർമാനായ ടി.ഡി.എഫ് (തിരൂർ ഡെവലപ്പ്‌മെന്റ് ഫോറം) തിരൂരിൽ വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു. ടിഡിഎഫിന്റെ ജനറൽ കൺവീനറായ ഗഫൂർ പി. ലില്ലീസാണ് തിരൂരിൽ നിന്നും ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ഇത് തിരൂരിലും കടുത്ത മത്സരത്തിന് ഇടയാക്കിയിട്ടുണ്ട്. നാട്ടുകാരനായ ഗഫൂറും വയനാട്ടുകാരനായ ലീഗിന്റെ സി.മമ്മൂട്ടിയും തമ്മിലാണ് തിരൂരിലെ പോരാട്ടം. 2006ലെ ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാജയം ഒഴിച്ചാൽ നാളിതുവരെ ലീഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016ലും 2006 ആവർത്തിക്കുമെന്നാണ് ഇടതു പാളയത്തിലെ വിലയിരുത്തൽ.

ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിൽ ഇത്തവണ ഇടതു സ്ഥാനാർത്ഥിക്ക് അനുകൂലമായാണ് കാറ്റ് വീശുന്നത്. യു.ഡി.എഫിന്റെ ആര്യാടൻ ഷൗക്കത്തും ഇടത് സ്വതന്ത്രൻ പി വി അൻവറും തമ്മിലാണ് പ്രധാന പോരാട്ടം. പ്രമുഖ വ്യവസായി കൂടിയായ അൻവറിന്റെ സ്ഥാനാർത്ഥിത്വവും ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വവും പാർട്ടിക്കുള്ളിൽ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പുകൾ മറികടന്ന് ഇരു കൂട്ടരും ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. മറ്റു സ്വതന്ത്രരും ചെറുകിട പാർട്ടികളും മലപ്പുറത്തെ മറ്റു മണ്ഡലങ്ങളിൽ മത്സരരംഗത്ത് കാണാമെങ്കിലും ഇവരാരും തന്നെ നിലമ്പൂരിൽ മത്സരിക്കാനില്ല. പലരും പത്രിക സമർപ്പിച്ച് സമ്മർദത്തിൽ പിൻവലിച്ചവരാണ്. നിലമ്പൂർ നഗരസഭയുടെ ചെയർമാനായിരുന്ന ആര്യാടൻ ഷൗക്കത്തിനെ ജനം കയ്യൊഴിയില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കരുത്തുറ്റ സ്ഥാനാർത്ഥികൽ ഏറ്റുമുട്ടുന്ന തേക്കിന്റെ നാട് ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

മുസ്ലിംലീഗിന്റെ സിറ്റിംങ് എംഎ‍ൽഎയായ ടി.എ അഹമ്മദ് കബീർ മത്സരിക്കുന്ന മങ്കട മണ്ഡലത്തിൽ വീറും വാശിയോടെയാണ് മത്സരം നടക്കുന്നത്. പിടിച്ചെടുക്കാൻ സാധിക്കുമെന്ന് ഇടതു പക്ഷം കണക്കു കൂട്ടുന്ന മറ്റൊരു മണ്ഡലം കൂടിയാണ് മങ്കട. മണ്ഡലത്തിലെ വികസന മുരടിപ്പ് തന്നെയാണ് ഇവിടെയും ചർച്ചാ വിഷയം. കൂടാതെ അഡ്വ. ടി.കെ റഷീദലി എന്ന യുവ സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തിന് അവതിരപ്പിക്കാൻ സാധിച്ചതും ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഡിവൈഎഫ്‌ഐ നേതാവും ജില്ലാപഞ്ചായത്ത് അംഗവുമാണ് റഷീദലി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മങ്കടയിൽ ഇടതു പക്ഷം അഞ്ച് പഞ്ചായത്തുകളിലെ ഭരണം തിരിച്ചു പിടിച്ചിരുന്നു. ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ലീഗ് കോട്ടയാണെങ്കിലും രണ്ടു തവണ ഇടതിനൊപ്പം നിന്ന ചരിത്രവും മങ്കടക്കുണ്ട്.

കൊണ്ടോട്ടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി ബീരാൻ കുട്ടിയും മുസ്ലിംലീഗിന്റെ ടിവി അബ്രാഹീമും തമ്മിലാണ് പ്രധാന പോരാട്ടം. ഇബ്രാഹീമിന് ഇത് കന്നിയങ്കമാണ്. എന്നാൽ മണ്ഡത്തിലെ ലീഗ്, കോൺഗ്രസ് പ്രശ്‌നവും ലീഗിനകത്തെ പൊട്ടിത്തെറിയുമെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കൊണ്ടോട്ടിയിലെ സിറ്റിങ് എംഎ‍ൽഎയായ കെ മുഹമ്മദുണ്ണി ഹാജിക്ക് സീറ്റ് നൽകാത്തതിൽ വലിയൊരു വിഭാഗം ലീഗുകാർക്ക് ഇപ്പോഴും അമർഷം തീർന്നിട്ടില്ല. ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ കൂടെ നിർത്താനായാൽ ഇവിടെ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്. ലീഗിന്റെ പി.കെ ബഷീർ എംഎ‍ൽഎയും സിപിഐയുടെ കെടി അബ്ദുൽ റഹ്മാനും മത്സരിക്കുന്ന ഏറനാട് മണ്ഡലത്തിലും ഇത്തവണ ലീഗിന് ജയിച്ചു കയറുക അത്ര എളുപ്പമാകില്ല. സിറ്റിങ് എംഎ‍ൽഎയായ പികെ ബഷീറിനെതിരെ ഉയർന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും എ.പി സുന്നികളുടെ പരസ്യ എതിർപ്പുകളും ഏതു രീതിയിലുള്ള തിരിച്ചടി ഉണ്ടാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

നിറം മാറുന്ന പെരിന്തൽമണ്ണക്ക് ആർക്കും പിടികൊടുക്കാത്ത ചരിത്രമാണുള്ളത്. നാലുതവണ ഇടതുമുന്നണി പെരിന്തൽമണ്ണയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സിറ്റിങ് എൽ.എൽ.എയും ലീഗിന്റെ അഞ്ചാം മന്ത്രിയുമായ മഞ്ഞളാംകുഴി അലിയും മുൻ എംഎ‍ൽഎ ശശികുമാറും തമ്മിലാണ് ഇവിടെ പോരാട്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ 350 വോട്ടുകളുടെ വ്യത്യാസം മത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. 2011ൽ നിയമസഭയിലേക്ക് മാറ്റുരച്ച ശക്തരായ സ്ഥാനാർത്ഥികളാണ് ഇത്തവണയും എന്നത് പെരിന്തൽമണ്ണയെ പ്രവചനാതീതമാക്കുന്നു. എന്നാൽ ലീഗിനകത്തെ ഭിന്നതയും അഭിപ്രായവ്യത്യാസവുമാണ് ഇടതിന് പ്രതീക്ഷ. അതേസമയം മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ വികസനം ഉയർത്തിക്കാട്ടിയാണ് അലിയുടെ തേരോട്ടം.

വോട്ട് അരക്കിട്ടുറപ്പിക്കാനുള്ള അവസാനവട്ട കിതപ്പിലാണ് ജില്ലയിലെ മറ്റു രണ്ട് മന്ത്രിമാരും. തുടക്കത്തിൽ നിസാരമാക്കിയെങ്കിലും അവസാനമായതോടെ മണ്ഡലത്തിൽ നിന്നും മാറാൻ സാധിക്കാത്ത അവസ്ഥയാണ് ലീഗ് മന്ത്രിമാർക്ക്. വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടിക്കും തിരൂരങ്ങാടിയിൽ പികെ അബ്ദുറബ്ബിനും വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷം പഴയതു പോലെ ലഭിക്കില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. ഇതുപോലെ നെഞ്ചിടിപ്പ് കൂട്ടിയ തിരഞ്ഞെടുപ്പ് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ഇരുവരുടെയും പക്ഷം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളെല്ലാം ഇ.ടി മുഹമ്മദ് ബഷീറിനെ കൈവിട്ടപ്പോൾ തിരൂരങ്ങാടിയിലെ ഭൂരിപക്ഷമായിരുന്നു ലീഗ് കോട്ടയെ കാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സാമ്പാർ മുന്നണിയുടെ പിറവിയും അബ്ദുറബ്ബിന്റെ നാടായ പരപ്പനങ്ങാടി നഗരസഭയിൽ ലീഗിനേറ്റ തിരിച്ചടിയും മണ്ഡലത്തിലുടനീളം പ്രതിഫലിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കോൺഗ്രസ് പാരമ്പര്യമുള്ള യുവനേതാവ് നിയാസ് പുളക്കലകത്താണ് തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ ലീഗ് നേതൃത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും ഇടത് സ്ഥാനാർത്ഥിയുടെ മുന്നേറ്റവും ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷെ, മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ പുത്രനെ തിരൂരങ്ങാടി കൈവിടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മുസ്ലിംലീഗ്.

അണികളുടെ സ്വന്തം കുഞ്ഞാപ്പ മത്സരിക്കുന്ന വേങ്ങരയിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് തർക്കം. എന്നാൽ കഴിഞ്ഞ തവണത്തെ 38,237 എന്ന ഭൂരിപക്ഷത്തിൽ വലിയ തോതിൽ ഇടിവ് സംഭവിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പുകൾ തന്നെ വിലയിരുത്തുന്നു. മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ വികസനമാണ് കുഞ്ഞാലിക്കുട്ടിയുടെ കൈമുതൽ. വിവാദക്കുരുക്കിൽ അകപ്പെടാത്ത അഞ്ചു വർഷവും കുഞ്ഞാലിക്കുട്ടിക്ക് തുണയാകും. എതിർ സ്ഥാനാർത്ഥി അഡ്വ.പിപി ബഷീറിന്റെ മുന്നേറ്റം ഗൗരവത്തോടെയാണ് ലീഗ് കേന്ദ്രങ്ങൾ കാണുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ് -കോൺഗ്രസ് പോരും അനുകൂലമാക്കാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫ് വിശ്വസിക്കുന്നത്.