കാസർഗോഡ്: കേളികൊട്ടും പുറപ്പാടുമില്ലാതെയാണ് ഉദുമ നിയമസഭാ മണ്ഡലത്തിലെ പതിവുപോരാട്ടമെങ്കിൽ ഇക്കുറി 'മേലേരി' യിലെ തീയേക്കാൾ ചൂടാവിടെ. വയനാട്ടുകുലവന്മാർ ഉറഞ്ഞു തുള്ളുന്ന നാട്ടിൽ കോൺഗ്രസ്സിലെ അതികായകനായ കെ സുധാകരൻ എത്തിയതോടെയാണ് തിരഞ്ഞെടുപ്പിന്റെ പോർമുഖം കടുത്തത്. ഉദുമയിൽ സുധാകരന്റെ വരവു തന്നെ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വയം പ്രഖ്യാപിച്ച് സ്ഥാനാർത്ഥിയായതും ഒടുവിൽ കെപിസിസി അംഗീകരിച്ചതും എല്ലാം സുധാകരന്റെ വരവിന് പ്രാധാന്യമേറുകയായിരുന്നു.

ഉദുമയിലെ തിരഞ്ഞെടുപ്പു ചരിത്രം ഇവിടെ മാറ്റിമറിക്കപ്പെടുന്നു. സുധാകരന്റെ വരവിൽ മണ്ഡലം ഇളകി മറിയുകയാണ്. യു.ഡി.എഫാണ് ഉണർവ്വിന് ആക്കം കൂട്ടിയതെങ്കിലും സുധാകരനെതിരെയുള്ള പോരാട്ടത്തിൽ എൽ.ഡി.എഫും ശക്തമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച് കെ.കുഞ്ഞിരാമൻ തന്നെയാണ് എൽ.ഡി.എഫിനു വേണ്ടി വീണ്ടും അങ്കം കുറിച്ചിട്ടുള്ളത്. അന്ന് കോൺഗ്രസ്സിലെ സി.കെ. ശ്രീധരനായിരുന്നു എതിരാളി. സമാന മനസ്‌കർ ഏറ്റുമുട്ടിയതുപോലുള്ള മത്സരമായിരുന്നു അന്നുവരെ ഉദുമയിൽ നടന്നത്. ഇത്തവണ ഉദുമയുടെ ചരിത്രം മാറുകയാണ്.

കെ.കുഞ്ഞിരാമൻ 11,380 വോട്ടിനാണ് കോൺഗ്രസ്സിലെ സി.കെ. ശ്രീധരനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ കണക്കൊപ്പിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. ബിജെപി.യാണെങ്കിൽ ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്തിനെ രംഗത്തിറക്കി മത്സരം കൊഴുപ്പിക്കുകയാണ്. സമീപകാലത്തെല്ലാം യു.ഡി.എഫിന് ബാലികേറാമലയായിരുന്നു ഉദുമ.

എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം)നെ ഞെട്ടിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.സിദ്ദിഖ് ഈ മണ്ഡലത്തിൽ 835 വോട്ടിന്റെ ലീഡുനേടി. അതോടെയാണ് കോൺഗ്രസ്സിന് ഈ മണ്ഡലം തങ്ങൾക്ക് വഴങ്ങും എന്ന സൂചന ലഭിച്ചത്. ആഞ്ഞു പിടിച്ചാൽ സിപിഐ.(എം). ന്റെ ഈ പൊന്നാപുരം കോട്ടയിൽ ത്രിവർണ്ണപതാക പാറിക്കാം എന്ന വിശ്വാസവും ശക്തിപ്പെട്ടു. അതോടെ കണ്ണൂർ വിട്ട് കെ.സുധാകരന് ഉദുമയിൽ താത്പര്യം ജനിച്ചു. ഉദുമ പിടിച്ചാൽ സ്വന്തം ഖ്യാതിയും വർദ്ധിക്കുമെന്ന തിരിച്ചറിവ്്്് സുധാകരനിലുമുണ്ടായി. കാസർഗോട്ടെ കോൺഗ്രസ്സിലെ പ്രബല ഗ്രൂപ്പ് സുധാകരനു വേണ്ടി തട്ടകമൊരുക്കി. അതോടെ സുധാകരൻ സ്വയം പ്രഖ്യാപനം നടത്തി രംഗത്തിറങ്ങുകയും ചെയ്തു.

സുധാകരൻ അങ്കത്തിനെത്തുമെന്നറിഞ്ഞതോടെ സിറ്റിങ് എംഎ‍ൽഎ.യും ഏറെ ജനപ്രീതിയുമുള്ളനേതാവുമായ കെ.കുഞ്ഞിരാമനെത്തന്നെ എൽ.ഡി.എഫ് വീണ്ടും രംഗത്തിറക്കുകയായിരുന്നു. പൂരക്കളി കലാകാരനെന്ന നിലയിൽ ജില്ലയിൽ പ്രശസ്തി നേടിയ ആളാണ് കുഞ്ഞിരാമൻ. സിപിഐ.(എം). ന്റെ ബ്രാഞ്ച് സെക്രട്ടറി തലം തൊട്ട് പ്രവർത്തിച്ച കുഞ്ഞിരാമന് ഉദുമയിൽ നല്ല ജനസ്വാധീനവുമുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട് ജയിൽവാസമനുഷ്ഠിച്ച കുഞ്ഞിരാമൻ ഉദുമയിൽ ഏവരുടേയും കുഞ്ഞിരാമേട്ടനാണ്.

1987 നു ശേഷം ഒരു കോൺഗ്രസ്സുകാരനും ഉദുമയിൽ വിജയിച്ചിട്ടില്ല. നിലവിലെ കെപിസിസി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനായിരുന്നു അവസാനമായി കാസർഗോഡ് ജില്ലയിൽ നിന്നും നിയമസഭയിലെത്തിയ കോൺഗ്രസ്സുകാരൻ. അതുകൊണ്ട് കാസർഗോഡ് വീണ്ടും അക്കൗണ്ട് തുറക്കാനാണ് ഉദുമയിലൂടെ കോൺഗ്രസ്സ് ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ എൽ.ഡി.എഫ് മത്സരം കടുപ്പിച്ചിരിക്കയാണ്.

അതുകൊണ്ടു തന്നെ ഉദുമ മണ്ഡലം പ്രവചനാതീത മത്സരത്തിലേക്ക് കുതിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥി കെ. ശ്രീകാന്തിന് ഇതു നിയമസഭയിലേക്കുള്ള കന്നിമത്സരമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ എടനീർ ഡിവിഷനിൽ നിന്നും ജയിച്ചു കയറിയിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപി. നേടിയ 13, 073 വോട്ട് ഇരട്ടിപ്പിക്കാനുള്ള മത്സരത്തിനാണ് ബിജെപി. ഒരുങ്ങിയിട്ടുള്ളത്.