തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ പ്രകാശനം ചെയ്യുമ്പോൾ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായ പ്രഭാ വർമ്മ. ശശിതരൂർ എംപിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തൽ പുസ്തകത്തിൽ ഉണ്ട്. വയനാട് കളക്ടറായിരിക്കെ സസ്‌പെന്റ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കാറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മയുടെ പിന്മാറ്റം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് 'തോൽക്കില്ല ഞാൻ' ആത്മകഥ ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാശനം ചെയ്തത്.

പി ശശി ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയാണ്. പിണറായി വിജയന്റെ അതിവിശ്വസ്തൻ. ഈ സാഹചര്യത്തിലാണ് പ്രഭാവർമ്മ മാറി നിന്നത്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും തീരുമാന പ്രകാരമാണ് ഈ മാറി നിൽക്കൽ. അതിനിടെ ആത്മകഥയിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ അറിയിച്ചു. വിവാദ പരാമർശങ്ങൾ നീക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിക്കണം എന്ന പി.ശശിയുടെ ആവശ്യമാണ് മീണ തള്ളിയത്. ഇ.കെ. നായനാർ, കെ.കരുണാകരൻ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ.

മീണയുടെ പുസ്തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉണ്ടാക്കുന്നതാണെന്നും അതിനാൽ അവ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടും പി.ശശി ടിക്കാറാം മീണയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാനരഹിതവും കള്ളവുമായ പരാമർശമാണ് മീണ നടത്തിയതെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ കോടതിയിൽ നേരിടാനാണ് മീണയുടെ തീരുമാനം.

ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. പി ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിർമ്മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.

തലസ്ഥാനത്ത് നിന്ന് ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി ശശിയാണെന്നാണ് ആരോപണം. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തിൽ സസ്‌പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്‌പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇകെ നായനാർ തന്നെ പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത്, സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ, പിന്നീട് മുഖ്യമന്ത്രിയായ എകെ ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല.

മാധ്യമപ്രവർത്തകൻ എംകെ രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങൾ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.