തിരുവനന്തപുരം: 34 വർഷത്തെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന് ശേഷം മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണറും ഐ എ എസ് ഓഫീസറുമായ ടിക്കറാം മീണ വിരമിച്ചു.34 വർഷത്തെ സേവനത്തിനിടയിൽ പല മുഖ്യമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് മീണ. ഇക്കാലയളവിലെ തന്റെയനുഭവത്തിൽ ഏറ്റവും മികച്ചതായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നാണ് മീണ പറയുന്നത്. മനോരമ ന്യൂസിനോടായിരുന്നു മീണയുടെ പ്രതികരണം.

യാതൊരു ഇടപെടലുകളുമില്ലാതെ, പൂർണമായ സ്വാതന്ത്ര്യം നൽകുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നാണ് മീണ പറയുന്നത്. പ്ലാനിങ് ബോർഡിൽ വളരെ ശക്തമായി നിഷ്പക്ഷമായി അഭിപ്രായങ്ങൾ പറയാറുണ്ട്.അതെല്ലാം മുഖ്യമന്ത്രി സ്വാഗതം ചെയ്യുമായിരുന്നു. നമ്മൾ പറയുന്ന അഭിപ്രായങ്ങളെ അദ്ദേഹം ചോദ്യം ചെയ്യില്ലായിരുന്നു. ഇതാണ് ഒരു മുഖ്യമന്ത്രിയിൽ നിന്നും വേണ്ടത്.ഞാൻ കൈകാര്യം ചെയ്യുന്ന ഏതു ഫയലിന്റെ കാര്യത്തിലും ഏതുഘട്ടത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല' ടിക്കാറാം മീണ വിശദീകരിക്കുന്നു.

കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ആയിരുന്നു മീണ. ആ സമയത്ത് കരുണാകരനിൽ നിന്നും പിന്തുണ കിട്ടിയിരുന്നുവെങ്കിലും കർക്കശക്കാരനായിരുന്നു അദ്ദേഹമെന്നാണ് മീണ പറയുന്നത്. അതേസമയം തന്നെ നിരാശനാക്കിയ മുഖ്യമന്ത്രി എ കെ ആന്റണി ആണെന്നാണ് മീണയുടെ വെളിപ്പെടുത്തൽ. ആന്റണി മന്ത്രിസഭയിലെ ഒരു മന്ത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടും മുഖ്യമന്ത്രിയിൽ നിന്നും തനിക്ക് നീതി കിട്ടിയില്ല.''ഞാനും ബാബുപോൾ സാറും, ഗോപാലകൃഷ്ണ പിള്ള സാറും ഒരുപാട് ശ്രമിച്ചതാണ്, എനിക്കത് ജീവിതത്തിൽ നേരിടേണ്ടി വന്ന വലിയൊരു നിരാശയാണെന്നും മീണ തുറന്ന് പറയുന്നു.

ശിവശങ്കറുമായി ബന്ധപ്പെട്ട സംഭവങ്ങളെ തികച്ചും നിർഭാഗ്യകരം എന്നാണ് മീണ വിലയിരുത്തിയത്. സംഭവിച്ചത് എന്താണെന്ന് ശിവശങ്കറിന് മാത്രമെ അറിയൂ എന്നും, എന്നാൽ ശിവശങ്കർ മികച്ചൊരു ഉദ്യോഗസ്ഥനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹത്തിന് സംഭവിച്ച കാര്യങ്ങൾ തികച്ചും അപ്രതീക്ഷിതവും ദുഃഖമുണ്ടാക്കുന്നതുമായിരുന്നുവെന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു.തികഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിടപറയുന്നതെന്നാണ് ടിക്കറാം മീണ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളം തന്റെ കർമ ഭൂമിയാണെന്നും അങ്ങനെയെളുപ്പത്തിലൊന്നും ഈ നാടുമായുള്ള ബന്ധം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിക്കും ജനവിരുദ്ധമായ പ്രവർത്തികൾക്കുമെതിരേ മുഖം നോക്കാതെ പ്രതികരിക്കുകയും അതിന്റെ പേരിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ അപ്രതീക്ക് പാത്രമാവുകയും ചെയ്തിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ഒരു കർഷക കുടുംബത്തിൽ നിന്നും വരുന്ന മീണ. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കുമ്പോഴാണ് അഴിമതിക്കെതിരേയുള്ള തന്റെ ഏറ്റുമുട്ടൽ തുടങ്ങുന്നതെന്നാണ് അദ്ദേഹം പറയുന്നത്.ചില കാര്യങ്ങൾ അവിടെ ജനങ്ങൾക്കു വിരുദ്ധമായി നടക്കുകയായിരുന്നു, അത് കണ്ടപ്പോൾ വളരെ ശക്തമായ നടപടികളെടുത്തു. അത് അന്നത്തെ വകുപ്പ് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല' എന്നാണ് മീണ ഓർമിക്കുന്നത്.

തൃശൂരിൽ കളക്ടറായിരിക്കുന്ന സമയത്ത് വ്യാജ കള്ള് നിർമ്മാണത്തിനെതിരേ ശക്തമായ നടപടിയെടുത്തും മീണ ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ അതിശക്തവും മുൻ മാതൃകകളില്ലാത്ത വിധത്തിലുമുള്ള ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്. നിഷ്പക്ഷമായ അദ്ദേഹത്തിന്റെ നിലപാടുകൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു.

എങ്കിലും അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ എന്ന നിലയിലായിരുന്നു.ഇരട്ടവോട്ട് ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ആദ്യം കുറെ ഭാഗത്ത് നിന്നും അമർഷം അതിനെതിരേ ഉണ്ടായിട്ടുണ്ടായിരുന്നുവെന്നും ടിക്കാറാം മീണ പറയുന്നു.രാജസ്ഥാൻ സ്വദേശിയായ ടിക്കാറാം മീണ 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

വിവിധ ജില്ലകളിൽ കളക്ടർ, വിവിധ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് ശ്രദ്ധനേടിയ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ സംസ്ഥാനം കണ്ട ഏറ്റവും ശക്തനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലാണ് കേരളത്തിൽ ഏറെ ജനപ്രീതി നേടിയത്. കഴിഞ്ഞ വർഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്നും മാറി പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തിയിരുന്നു.