മോസ്‌കോ: റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസം കടന്നപ്പോൾ റഷ്യ ലോകത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. കൂടുതൽ വിദേശ കമ്പനികൾ റഷ്യയിലെ പ്രവർത്തനം നിർത്തുകയാണ്. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോക് റഷ്യയിൽ നിന്നുള്ള ലൈവ് സ്ട്രീമിങ് തത്ക്കാലത്തേക്ക് മരവിപ്പിച്ചു. അമേരിക്കൻ എക്സ്പ്രസ്സും പ്രൈസ് വാട്ടർ ഹൗസ് കൂപ്പറും തങ്ങളുടെ റഷ്യയിലെ പ്രവർത്തനം നിർത്തിയതായി അറിയിച്ചു. തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയിൽ നിലവിൽ വന്ന പുതിയ നിയമത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ടിക്ടോക് അവരുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതായി അറിയിച്ചത്.

പുതിയ നിയമം അനുസരിച്ച്, അധികൃതർക്ക് തെറ്റാണെന്ന് തോന്നുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തടവു ശിക്ഷ വരെ ലഭിച്ചേക്കും. അതായത്, സർക്കാരിന് ഇഷ്ടമില്ലാത്ത വാർത്തകൾ ഒന്നും തന്നെ പ്രചരിപ്പിക്കരുത് എന്നു ചുരുക്കം. അതിനൊപ്പം നെറ്റ്ഫ്ളിക്സും റഷ്യയിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി കമ്പനിയുടെ വക്താവ് ഇന്നലെ അറിയിച്ചു. കഴിഞ്ഞയാഴ്‌ച്ച റഷ്യയിലെ ഭാവി പദ്ധതികൾ എല്ലാം തന്നെ നെറ്റ്ഫ്ളിക്സ് തത്ക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് റഷ്യയിലേയും ബെലാറൂസിലേയും തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി അമേരിക്കൻ എക്സ്പ്രസ്സ് അറിയിച്ചത്. ആഗോള തലത്തിൽ തന്നെ വിതരണം ചെയ്തിട്ടുള്ള അമേരിക്കൻ എക്സ്പ്രസ്സ് കാർഡുകൾ ഇനിമുതൽ റഷ്യൻ വ്യാപാരസ്ഥാപനങ്ങളിലോ എ ടി എമ്മുകളിലോ ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ റഷ്യൻ ബാങ്കുകൾ വിതരണം ചെയ്തിട്ടുള്ള ആംഎക്സ് കാർഡുകൾ റഷ്യയ്ക്ക് പുറത്തും പ്രവർത്തിക്കില്ല. അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും പ്രഖ്യാപിച്ച ഉപരോധത്തിന്റെ വെളിച്ചത്തിൽ അമേരിക്കൻ എക്സ്പ്രസ്സ് റഷ്യൻ ബാങ്കുകളുമായുള്ള ഇടപാടുകൾ നേരത്തേ നിർത്തിവെച്ചതായും കമ്പനി അറിയിച്ചു.

വിസയും മാസ്റ്റർകാർഡും അവരുടെ നെറ്റ്‌വർക്കുകളിൽ നിന്നും നിരവധി സാമ്പത്തിക സ്ഥാപനങ്ങളെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പി ഡബ്ല്യൂ സി) തങ്ങളുടെ റഷ്യൻ സ്ഥപനത്തെ ആഗോള ശൃംഖലയിൽ നിന്നും നീക്കിയതായി സ്‌കൈ ന്യുസ് റിപ്പോർട്ട് ചെയ്യുന്നത് ഏകദേശം 3700 ഓളം വരുന്ന പങ്കാളികളേയും ജീവനക്കാരെയും ഈ നടപടി പ്രതികൂലമായി ബാധിക്കും എന്നും സ്‌കൈ ന്യുസ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാല് അക്കൗണ്ടൻസി സ്ഥാപനങ്ങളിൽ ഒന്നാണ് പി ഡബ്ല്യൂ സി.

ഇവയ്ക്ക് പുറമേ വേറെയും നിരവധി പാശ്ചാത്യ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ റഷ്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കി പിൻവാങ്ങുകയാണ്. വിദേശ സിനിമാ കമ്പനികൾ ചിത്രങ്ങളുടെ റിലീസിങ് നിർത്തിവച്ചു. ഊർജ്ജ കമ്പനികൾ ഒഴിഞ്ഞുപോകുന്നു, കയിക മത്സരങ്ങളിൽ നിന്നും റഷ്യ ഒഴിവക്കപ്പെടുന്നു. അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും റഷ്യ കൂടുതൽ ഒറ്റപ്പെട്ടു വരികയാണ്.

അതേസമയം, യുക്രെയിൻ യുദ്ധത്തെ കുറിച്ച് റഷ്യൻ ഔദ്യോഗിക ഭാഷ്യത്തിനെതിരെയുള്ള വാർത്തകളും വിശകലനങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങുകയാണ് പുടിൻ. റഷ്യൻ ഔദ്യോഗിക ഭാഷ്യത്തിനെതിരായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരിൽ ഫേസ്‌ബുക്കും ട്വിറ്ററും നിരോധിച്ചുകഴിഞ്ഞു.

ആഗോള ബാങ്കായ എച്ച് എസ് ബി സിയും റഷ്യൻ ബാങ്കുകളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അതുപോലെ നിക്ഷേപ കമ്പനിയായ നോർഡിയ, ഹെഡ്ജ് ഫണ്ട് മാൻ ഗ്രൂപ്പ്, തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളും റഷ്യയുമായുള്ള ഇടപാടുകൾ ഉടൻ അവസാനിപ്പിക്കും എന്നറിയുന്നു. അതേസമയം ലോകത്തെ ചരക്കുഗതാത രംഗത്തെ അതികായന്മാരായ യുണൈറ്റഡ് പാഴ്സൽ സർവീസും ഫെഡെക്സും റഷ്യയിലേക്കും യുക്രെയിനിലേക്കുമുള്ള ചരക്കു നീക്കം നിർത്തിവെച്ചു. അതുപോലെ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ ഓഷൻ നെറ്റ്‌വർക്ക് എക്സ്പ്രസ്സ് റഷ്യയിൽ നിന്നും ബുക്കിങ് എടുക്കുന്നതും നിർത്തിയിട്ടുണ്ട്.

അതിനുപുറമെ ഓട്ടോ മൊബൈൽ മേഖല മുതൽ ചലച്ചിത്ര മേഖല വരെ റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ റഷ്യ ലോകത്ത് കൂടുതൽ ഒറ്റപ്പെട്ട നിലയിലാണ്. ഒരു യുദ്ധം കെടുതികൾ നൽകുന്നത് ഇരയാകുന്ന രാജ്യത്തിനു മാത്രമല്ല, ആക്രമിക്കുന്ന രാജ്യത്തെ ജനങ്ങൾക്കും അത് ദുരിതങ്ങൾ സമ്മാനിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് റഷ്യൻ-യുക്രെയിൻ യുദ്ധം.