മസ്‌കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന  രണ്ട് വർഷ വിസ നിരോധന നടപടി പുനപരിശോധിക്കാൻ ഒമാൻ മാനവവിഭവശേഷി മന്ത്രാലയം ആലോചിക്കുന്നു. ഉടമ്പടി പൂർത്തിയാക്കാതെ സ്‌പോൺസറെ മാറുന്ന പ്രവാസി തൊഴിലാളികൾക്ക് രണ്ടുവർഷം ഒമാനിൽ ജോലിചെയ്യാൻ വിലക്ക് ഏർപ്പെടുത്തുന്ന നിയമമാണ് പുനപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യാതൊരു നിബന്ധനയും കൂടാതെ ജോലി മാറി തൊഴിലാളികൾക്ക് കോൺട്രാക്ക് തീരുന്നതുവരെ ജോലിചെയ്യാൻ അനുമതി നൽകുന്നതാണ് പുതിയ നിർദ്ദേശമെന്ന് സെയിദ് ബിന് നസീർ അൽ സാദി പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു തൊഴിലാളി അയാളുടെ കോൺട്രാക്ട് പൂർത്തിയാക്കിയ ശേഷം അതേ മുതലാളിയുടെ ഒപ്പം ജോലി ചെയ്യണോ വേണ്ടയോ എന്ന കാര്യം അയാൾക്ക് വ്യക്തമായി തന്നെ തീരുമാനിക്കാനാ കുമെന്ന് അൽ സാദി അറിയിച്ചു. ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ട് ജോലി ഉപേക്ഷിക്കുന്നവർക്ക് മാത്രമാണ് പ്രശ്‌നങ്ങൾ നേരിടേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഒമാൻ പൊലീസ് നടത്തിയ പ്രസ്താവന അനുസരിച്ച് 2014 ജൂലൈ ഒന്നിന് ശേഷം രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കാതെ രാജ്യത്തുനിന്നും പോയ പ്രവാസികളെ പിന്നെ ഒമാനിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു. എംപ്ലോയറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളികൾക്ക് ഇതിനാവില്ല. ഇത് എടുത്തുമാറ്റുന്നതിനെക്കുറിച്ചാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് നിർദ്ദേശം പോയിരിക്കുന്നത്.