റിയാദ്: നിങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസുണ്ടായിട്ടും പരിശോധിക്കാൻ കൂട്ടാക്കാത്ത ഡോക്ടർമാരുണ്ടോ? എങ്കിൽ മടിച്ച് നില്ക്കാതെ അവർക്കെതിരെ പരാതി നല്കാൻ ഒരിങ്ങിക്കൊള്ളൂ. ഇത്തരം ഡോക്ടർമാർക്കെതിരേ 80,000 റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണെ്ടന്ന് റിയാദ് ആരോഗ്യകാര്യ ലൈസൻസ് വിഭാഗം മേധാവി അഹമ്മദ് അൽ ഈസാ വ്യക്തമാക്കി.

ചികിൽസിക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ഒരു ലക്ഷം റിയാൽ വരെ പിഴയീടാക്കാം. സ്ഥാപനങ്ങളെയും ഡോക്ടർമാരെയും കുറിച്ച് ആരോഗ്യ ഇൻഷൂറൻസ് സമിതിക്കും ആരോഗ്യ മന്ത്രാലയത്തിനും പരാതിപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത് കണ്ടാലും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്ക് അത് തടയരുത്. ചികിത്സ നിഷേധിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരാതി നൽകാം. അതേസമയം, ഇൻഷുറൻസ് പോളിസിയെടുത്തവർക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകുന്നുണ്ടെന്ന് നിരീക്ഷിച്ചുവരികയാണെന്ന് സൗദി കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് നായിഫ് അൽ റീഫി പറഞ്ഞു.

നിബന്ധനകൾ പാലിക്കാത്ത ഇൻഷുറൻസ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കും. ഇൻഷുറൻസ് കാർഡിൽ ഇൻഷുറൻസ് കമ്പനിയുടെയും കൗൺസിംൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസിന്റെ ടെലിഫോൺ നമ്പരുകൾ ഉൾപ്പെടുത്തണം.ചികിത്സകൾക്കും ടെസ്റ്റുകൾക്കും ഇൻഷുറൻസ് കമ്പനികളിൽ വിവരം നൽകി ഒരു മണിക്കൂറിനകം മറുപടി ലഭിച്ചില്ലെങ്കിൽ രോഗിയുടെ ക്‌ളെയിം
അംഗീകരിച്ചതായി പരിഗണിച്ച് ആശുപത്രിക്ക് ചികിത്സ നൽകാമെന്നും അദ്ദഹം പറഞ്ഞു.