ന്യൂഡൽഹി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡൽഹിയിൽ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്ന ഇന്ദു ജെയിനെ 2016 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

1999-ൽ ആണ് ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ സ്ഥാനത്ത് എത്തുന്നത്. 2000-ൽ സന്നദ്ധ സംഘടനയായ ടൈംസ് ഫൗണ്ടേഷന് ഇന്ദു രൂപം നൽകി. ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം തുടങ്ങിയ ദുരന്തസമയങ്ങളിൽ സഹായധനം നൽകുന്ന ടൈംസ് റിലീഫ് ഫണ്ട് ഈ ഫൗണ്ടേഷനാണ് നൽകുന്നത്. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്‌ഐസിസി ലേഡീസ് ഓർഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്.

ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്.എൽ.ഒയുടെ സ്ഥാപക പ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് ചെയർപേഴ്സൺ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2019-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിനും ഇന്ദു അർഹയായിരുന്നു.