ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ നരേന്ദ്ര മോദിയെ തന്നെ തെരഞ്ഞെടുക്കുമെന്ന് 9 ഭാഷകളിലായി 10 സൈറ്റുകളിൽ ടൈംസ് ഗ്രൂപ്പ് മെഗാ ഓൺലൈൻ പോൾ. കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം മോദിക്ക് അനുകൂലമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടൈംസ് ഡിജിറ്റൽ ഗ്രൂപ്പ് സർവ്വേ നടത്തിയത്. ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിയെ തന്നെ തെരഞ്ഞെടുക്കുമെന്നാണ് 9 ഭാഷകളിലായി 10 സൈറ്റുകളിൽ ടൈംസ് ഗ്രൂപ്പ് നടത്തിയ മെഗാ ഓൺലൈൻ പോൾ പറയുന്നത്. വിവിധ ഭാഷാ സൈറ്റുകളിലൂടെ 5 ലക്ഷത്തോളം പേരാണ് അഭിപ്രായ സർവേയിൽ പങ്കെടുത്തത്.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 76 ശതമാനം പേരും മോദിക്ക് അനുകൂലമായി വോട്ട് ചെയ്യും. രാഹുലിനൊപ്പം 20 ശതമാനം പേരെ ഉള്ളൂ. മൂന്നാം മുന്നണിയിൽ പ്രതീക്ഷ അർപ്പിക്കുന്നത് 4 ശതമാനവും. രാഹുലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ കോൺഗ്രസ് മോദിക്ക് ബദലായി ഉയരുമോ എന്ന ചോദ്യത്തോട് 73 ശതമാനം പേരും ഇല്ലെന്നാണ് മറുപടി നൽകിയത്. 21 ശതമാനം രാഹുലിൽ പ്രതീക്ഷ അർപ്പിക്കുന്നു. വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാനുള്ള കരുത്ത് രാഹുലിനില്ലെന്നാണ് 55 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 2019ൽ മോദി സർക്കാർ അധികാരത്തിൽ വീണ്ടുമെത്തുമെന്നാണ് സർവ്വേയിൽ പങ്കെടുത്ത 79 ശതമാനവും പങ്കുവയ്ക്കുന്ന വികാരം.

എന്നാൽ വോട്ടെടുപ്പിൽ കേരളവും തമിഴ്‌നാടും രാഹുലിന് അനുകൂലമാണ്. ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടന്നാൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് കേരളത്തിൽ നിന്ന് വോട്ടെടുപ്പിനെത്തിയ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 54 ശതമാനം പേർ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 39 ശതമാനം പേർ നരേന്ദ്ര മോദിക്കു തന്നെയായിരിക്കും വോട്ട് ചെയ്യുക എന്ന് അഭിപ്രായം രേഖപ്പെടുത്തി. രാഹുൽ ഗാന്ധി അധ്യക്ഷപദവിയിൽ എത്തിയത് 2019ലെ പൊതുതെരഞ്ഞെടുപ്പിനെ സഹായിക്കുമെന്ന് ഭൂരിപക്ഷം അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നുണ്ടെന്നും കേരളത്തിൽ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

നേതൃത്വത്തിൽ നരേന്ദ്ര മോദി അല്ലായിരുന്നെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് 51 ശതമാനം പേർ അഭിപ്രായപ്പെട്ടു. മോദി ഇല്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് 22 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 26 ശതമാനം പേർ ഇത് പറയാനാകില്ലെന്ന് പറഞ്ഞു. കോൺഗ്രസ് നേതാവായി ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആളല്ലെങ്കിലും കോൺഗ്രസിനു വോട്ടു ചെയ്യുമെന്നായിരുന്നു 58 ശതമാനം പേരുടെ അഭിപ്രായം. കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 21 ശതമാനം പറഞ്ഞപ്പോൾ 19 ശതമാനം പ്രതികരിക്കുന്നില്ല എന്ന് രേഖപ്പെടുത്തി.

രാഷ്ട്രീയനേട്ടത്തിനായി മതത്തെ കൂട്ടുപിടിക്കേണ്ടെന്ന് വായനക്കാർ. മതത്തേക്കാൾ വികസനത്തിന് മുൻ തൂക്കം നൽകണമെന്നാണ് ഭൂരിഭാഗം വോട്ടമാരും അഭിപ്രായപ്പെട്ടത്. 2019 തെരഞ്ഞെടുപ്പിൽ രാം മന്ദിർ ഒരു വിഷയമാകില്ല എന്ന തന്നെയാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. മുത്തലാഖ്, റോഹിങ്ക്യ വിഷയം, ഏക സിവിൽ കോഡ് വിഷയങ്ങളിൽ മോദി സർക്കാരിന്റെ നിലപാടുകൾ മതേതരത്വം ഉയർത്തിയെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. 48 ശതമാനം പേർ ഉണ്ടെന്നും 46 ശതമാനം പേർ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

അടുത്ത തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര പ്രശ്‌നം സജീവചർച്ചയാകുമെന്ന് കേരളത്തിൽ 42 ശതമാനം പേർ കരുതുന്നു. അല്ലെന്നാണ് 38 ശതമാനം പേരുടെ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ ഗുജറാത്തിലെ ക്ഷേത്രസന്ദർശനങ്ങൾ കോൺഗ്രസിന്റെ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഇല്ലാതാക്കില്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ബിജെപി മതവിഷയങ്ങൾ ഉയർത്തുന്നതിനെക്കാൾ വികസനത്തിന് പ്രാധാന്യം നൽകണമെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. 89 ശതമാനം പേർ പ്രസ്താവനയെ പിന്തുണച്ചപ്പോൾ 6 ശതമാനം പേർ മാത്രമാണ് എതിർത്തത്. മോദി ഭരണത്തിൽകീഴിൽ രാജ്യത്ത് അസഹിഷ്ണുത വളർന്നെന്ന് 48 ശതമാനം പേരും വളർന്നില്ലെന്ന് 46 ശതമാനവും അഭിപ്രായപ്പെട്ടു.

ടൈംസ് നടത്തിയ മെഗാ പോളിൽ മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുമെന്ന മോദി സർക്കാരിന്റെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നായിരുന്നു കേരളത്തിലുള്ളവരുടെ ഭൂരിപക്ഷ അഭിപ്രായം.