ന്യൂഡൽഹി: ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്. കേരളത്തിൽ ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പിലെ വിലയിരുത്തൽ. ഇടതുമുന്നണി 82 സീറ്റ് വരെ നേടാം. ബിജെപി ഒരുസീറ്റിൽ മാത്രമാണ് വിജയിക്കുക. കോൺഗ്രസ് നേതൃത്വമുള്ള യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നാണ് സർവേ ഫലം. 56 സീറ്റാണ് ടൈംസ് നൗ-സീ വോട്ടർ സർവേ യുഡിഎഫിന് നൽകുന്നത്.

ബിജെപിക്ക് 2016 ലെ പോലെ തന്നെ ഒരു സീറ്റ് കിട്ടും എന്ന് പറയുമ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് കാര്യമായ പുരോഗതി ഇല്ലെന്നാണ് സർവേ വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ള നേതാവ്. 42.3 ശതമാനം പേരും പിണറായിയുടെ പ്രവർത്തനത്തിൽ തൃപ്തരാണ്. അതേസമയം, കൗതുകകരമായ കാര്യം സംസ്ഥാനത്തെ ഭൂരിപക്ഷം പേരും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യനായ സ്ഥാനാർത്ഥിയായി കരുതുന്നു എന്നതാണ്. 55.8 ശതമാനം പേരും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോൾ 31.9 ശതമാനം പേർ മാത്രമേ നരേന്ദ്ര മോദിയെ ഉന്നത പദവിയിലേക്ക് നിർദ്ദേശിച്ചുള്ളു.

എൽഡിഎഫ് 78 മുതൽ 86 സീറ്റ് വരെ നേടിയേക്കുമെന്നാണ് സർവേയിൽ പറയുന്നത്. യുഡിഎഫ് 52 മുതൽ 60 വരെയും. ബിജെപി-0-2. ഇചതുമുന്നണിയുടെ വോട്ട് വിഹിതം 0.6 ശതമാനം കുറയും. 2016 ലെ 43.5 ശതമാനത്തിൽ നിന്ന് 42.9 ശതമാനമായി കുറയും, യുഡിഎഫിന്റെ വോട്ട് വിഹിതം 38.8 ശതമാനത്തിൽ നിന്ന് 37.6 ശതമാനമായി കുറയും. 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ വളരെ തൃപ്തരാണ്. 39.66 ശതമാനം പേർ തൃപ്തരും.

ഏപ്രിൽ ആറിനാണ് കേരളത്തിൽ വോട്ടെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണുമ്പോൾ അറിയാം വിവിധ സർവേ ഫലങ്ങളുടെ ആധികാരികത.

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലും പ്രവചിച്ചിരുന്നു. എഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്ന അഭിപ്രായ സർവെ പക്ഷേ ബിജെപിക്ക് നേടാനാകുക പരമാവധി രണ്ട് സീറ്റുകളാണെന്നും പറഞ്ഞിരുന്നു. മറ്റുള്ളവർക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സർവെയിൽ പറയുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിച്ചത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു.