ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം മികച്ച വിജയം നേടുമെന്ന് ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോൾ ഫലം.234 അംഗ തമിഴ്‌നാട് നിയമസഭയിൽ 158 സീറ്റുകൾ നേടി ഡിഎംകെ - കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റിൽ ഒതുങ്ങും. തമിഴ്‌നാട്ടിൽ 38.4 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമൽഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.

2016 ൽ നേടിയതിനേക്കാൾ 60 സീറ്റിന്റെ വളർച്ചയാണ് യുപിഎക്കുള്ളത്. എൻഡിഎ ആകട്ടെ കഴിഞ്ഞ തവണ 136 സീറ്റ് നേടിയിരുന്നു.ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ്.

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ രൂപീകരിക്കാൻ സാധ്യത എന്ന് ടൈംസ് നൗ-സീ വോട്ടർ സർവേയിൽ പ്രവചിക്കുന്നു. 30 സീറ്റിൽ 18 എണ്ണം ബിജെപി നേതൃത്വത്തിലുള്ള മുന്നണി നേടിയേക്കും. 16 മുതൽ 20 സീറ്റ് വരെയാണ് സീറ്റ് സാധ്യത. 2016 ൽ എൻഡിഎ 12 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ 12 സീറ്റ് വരെ നേടാൻ സാധ്യത. പോൾ അനുസരിച്ച് 10 മുതൽ 14 സീറ്റ് വരെ നേടാം. മറ്റു സ്ഥാനാർത്ഥികൾ ഒരുസീറ്റിൽ വിജയിച്ചേക്കും.

കഴിഞ്ഞ വട്ടം കോൺഗ്രസും ഡിഎംകെയും ചേർന്ന യുപിഎ സഖ്യം 17 സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിൽ എഐഎൻആർ കോൺഗ്രസ് നേതാവ് എൻ.രംഗസ്വാമി ക്ഷുഭിതനാണ്. രംഗസ്വാമിയെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് യുപിഎയ്ക്ക് ഗുണകരമായി വന്നേക്കാം.