ന്യൂഡൽഹി: പ്രീ-പോൾ സർവേകളുടെ കാലമാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്. സർവേ ഫലങ്ങൾ ഓരോരുത്തരും വാശിയോടെ പുറത്തുവിടുന്നു. അടുത്തിടെ വന്ന ഫലങ്ങളിൽ എല്ലാം എൽഡിഎഫിനാണ് മുൻതൂക്കം. എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് ടൈംസ് നൗ സീ വോട്ടർ
സർവ്വേയും പ്രവചിച്ചു. 80 സീറ്റിനു മുകളിൽ എൽഡിഎഫിന് ലഭിക്കുമെന്നും പ്രവചനമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് സർവ്വേകളും നേരത്തെ ഇടതുപക്ഷത്തിന് തുടർഭരണം പ്രവചിച്ചിരുന്നു. എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലും സമാനപ്രവചനമായിരുന്നു. സർവേ ഫലങ്ങളിൽ പറയുന്നത് പോലെയല്ല തങ്ങൾക്ക് വമ്പിച്ച നേട്ടമുണ്ടാകുമെന്ന് എൽഡിഎഫും, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സർവേ ഫലം അപ്രസക്തമാകുമെന്ന് യുഡിഎഫും പ്രതികരിച്ച് കണ്ടിട്ടുണ്ട്. എന്നാൽ, ടൈംസ് നൗ സർവേയിൽ ഗുരുതരമായ ഒരുപിഴവ് വന്നത് ആഘോഷിക്കുകയാണ് പ്രതിപക്ഷകക്ഷികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് സർവേയിൽ പറയുന്നു. 42.3 ശതമാനം പേരും പിണറായിയുടെ പ്രവർത്തനത്തിൽ തൃപ്തരാണ്. ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പിണറായിയാണ്. 38 ശതമാനം പേരുടെ പിന്തുണ.ഉമ്മൻ ചാണ്ടി-28 ശതമാനം, കെ.കെ.ശൈലജയും തരൂരും ആറ് ശതമാനം, ചെന്നിത്തല-നാല് ശതമാനം, മുല്ലപ്പള്ളിയും ആന്റണിയും രണ്ടുശതമാനം എന്നിങ്ങനെ പറയുന്ന കൂട്ടത്തിൽ സി.എഫ്.തോമസിന്റെ പേരും വന്നിരിക്കുന്നു. 0.8 ശതമാനം. ഇത് കണ്ട പ്രേക്ഷകർ അന്തം വിട്ടു. ആറ് മാസം മുമ്പ് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് 2021 ലെ കേരളത്തിന്റെ മുഖ്യമന്ത്രി ആവുകയോ?

സോഷ്യൽ മീഡയയിലെ പരിഹാസങ്ങളിൽ ഒന്ന് ഇങ്ങനെ:

What an amazing survey TIMES NOW. ?
6 മാസം മുൻപ് മരിച്ച കേരള കോൺഗ്രസ്സ് നേതാവ് സി.എഫ് തോമസ് 2021ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം ഉണ്ട് എന്ന് ??

എൽഡിഎഫ് നെ വെളുപ്പിക്കാൻ നോക്കീപ്പോ അറിയാതെ പറ്റിയതാ

ഏതായാലും ഇതൊരു ഒന്നൊന്നര പിഴവായി എന്നാണ് മലയാളികൾ പറയുന്നത്. കേരളത്തെ കുറിച്ചുള്ള അജ്ഞത ഇത്രയും അരുതെന്നാണ് സോഷ്യൽ മീഡിയയുടെ എളിയ അഭിപ്രായം.