കോഴിക്കോട്: തദ്ദേശ സ്വയംഭണ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം പ്രവചിച്ച് ടൈസ് ഓഫ് ഇന്ത്യ ഇപ്‌സോസ് സർവേ. ആകെയുള്ള ആറു കോർപ്പറേഷനുകളിൽ നാലും എൽ.ഡി.എഫ് നേടുമെന്ന് സർവേ പറയുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണുർ കോർപ്പറേഷനുകളിൽ എൽ.ഡി.ഫ് മുന്നിട്ടുനിൽക്കുമ്പോൾ, തൃശുർ, കോഴിക്കോട് കോർപ്പറേഷനുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം.

ഈമാസം 19 മുതൽ 23വരെയായി ആറുകോർപ്പറേഷനിലെ 1799 വോട്ടർമാരെണ കണ്ടാണ് സാമ്പിൾ സർവേ നടത്തിയത്. മാലിന്യസംസ്‌ക്കരണം, തെരുവുനായശല്യം, റോഡ്വികസനം എന്നിവയാണ് നഗരവാസികളുടെ പ്രധാന ചർച്ചാവിഷയമെന്ന് സർവേ പറയുന്നു.40 ശതമാനം വോട്ടുകൾ വീതം ഇടത്വലത് മുന്നണികൾ നേടുമ്പോൾ, വെറും എട്ടുശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. മറ്റുള്ളവർക്ക് രണ്ടുശതമാനം വോട്ട് ലഭിക്കും.കൊട്ടിഘോഷിക്കപ്പെട്ട ബിജെപി എസ്.എൻ.ഡി.പി സഖ്യം നഗരങ്ങളിൽ ഒന്നുമാവില്‌ളെന്നാണ് ഈ സർവേ പറയുന്നത്.

അതേസമയം സർവേയിൽ കോഴിക്കോട് കണ്ണുർ ജില്ലകളെക്കുറിച്ച് പറയുന്നത് തെറ്റാൻ സാധ്യതയുണ്ടെന്ന് പൊതുനിരീക്ഷണമുണ്ട്. യു.ഡി.എഫിന് തീർത്തും അനുകൂലമായ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ കണ്ണുർ കോർപ്പറേഷനിൽ, കടുത്ത മൽസരം നടക്കുന്നുണ്ടെങ്കിലും യു.ഡി.എഫിനു തന്നെയാണ് ആത്മവിശ്വാസം കൂടുതൽ. അതുപോലെ കഴിഞ്ഞ നാൽപ്പത് വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ ഇടതുമുന്നണിക്കാണ്‌പൊതുവെ മുൻതൂക്കം കൽപ്പിക്കുന്നത്.

മാത്രമല്ല, ഈ സർവേ 23 വരൈയുള്ള ദിവസങ്ങളിലാണ് നടന്നതെന്നും മാണിക്കെതിരായ കോടതി വിധി അടക്കമുള്ള കാര്യങ്ങളും, വി.എസിന്റെ കാടിളക്കിയുള്ള ജില്ലാപര്യടനവുമൊക്കെ വഴി കിട്ടിയ രാഷ്ട്രീയ ധ്രുവീകരണം ഈ ദിവസങ്ങൾക്ക് ശേഷമാണ് ഉണ്ടായതെന്നുമാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.