കൊച്ചി: മീടൂവിനെക്കുറിച്ചുള്ള നടൻ വിനായകന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. അതിനു പിന്നാലെ വനിത മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ക്ഷമാപണം നടത്തിക്കൊണ്ട് വിനായകനും രംഗത്തെത്തി. വിവാദങ്ങൾ കെട്ടടങ്ങി ഇരിക്കെ വിനായകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടൻ ടിനി ടോം കുറിച്ച വാക്കുകളാണ് വിമർശിക്കപ്പെടുന്നത്. 25 വർഷം നീണ്ട ഇരുവരുടേയും സൗഹൃദത്തെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

ബോബ് മാർലിയുടെ ഗാനത്തിലെ വരിയായ നോ വുമൺ നോ ക്രൈ എന്ന് കുറിച്ചുകൊണ്ട് ടിനി പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. കോളജ് കാലം മുതൽ തുടങ്ങിയ 25 വർഷത്തെ സൗഹൃദം, എന്നെന്നും സുഹൃത്തുക്കളായിരിക്കും എന്നുമാണ് ടിനി കുറിച്ചത്. അതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ സമയത്തുതന്നെ ഇങ്ങനെയൊരു പോസ്റ്റ് വേണമായിരുന്നോ എന്നാണ് ടിനിയോട് ആരാധകരുടെ ചോദ്യം.

 

നവ്യ നായർ പ്രധാന വേഷത്തിൽ എത്തിയ ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് വിനായകൻ വിവാദ പ്രസ്താവന നടത്തിയത്. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും എന്നും വിനായകൻ പറഞ്ഞു. കൂടാതെ സദസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിനായകന്റെ പരാമർശവും വിവാദമായിരുന്നു. സിനിമയിൽ നിന്നും പുറത്തും നിന്നുമുള്ള നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.