- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിന്റുവിന്റെ വെള്ളി ആഘോഷമാക്കി മലയാളികൾ; 800 മീറ്ററിൽ വെള്ളി നേടിയത് അപൂർവ സുന്ദരമായ മികവോടെ; സ്വർണം നഷ്ടമായത് തലനാരിഴയ്ക്ക്; നിരാശപ്പെടുത്തി മയൂഖയും പ്രജുഷയും
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി മെഡൽ. ആദ്യ 750 മീറ്ററിൽ മുന്നിട്ടുനിന്ന ടിന്റു അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കസാഖിസ്ഥാന്റെ മാർഗരീറ്റ മുഖഷേവയ്ക്കാണ് സ്വർണം. ഒരു മിനിറ്റ് 59.19 സെക്കൻഡിലാണ് ടിന്റു വെള്ളി മെഡൽ നേട്ടത്തിലെത്തിയത്. ചൈനയുടെ സാവോ ജിങ്ങിനാണ് വെങ്കലം. സീസണില
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി മെഡൽ. ആദ്യ 750 മീറ്ററിൽ മുന്നിട്ടുനിന്ന ടിന്റു അവസാന നിമിഷമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കസാഖിസ്ഥാന്റെ മാർഗരീറ്റ മുഖഷേവയ്ക്കാണ് സ്വർണം. ഒരു മിനിറ്റ് 59.19 സെക്കൻഡിലാണ് ടിന്റു വെള്ളി മെഡൽ നേട്ടത്തിലെത്തിയത്. ചൈനയുടെ സാവോ ജിങ്ങിനാണ് വെങ്കലം.
സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടിന്റു 750 മീറ്റർ വരെ മുന്നിട്ടുനിന്നശേഷമാണ് കീഴടങ്ങിയത്. 50 മീറ്റർ മാത്രം ശേഷിക്കെ കസാഖിസ്ഥാൻ താരം ടിന്റുവിനെ മറികടക്കുകയായിരുന്നു. ഒരു മിനിറ്റ് 59.02 സെക്കൻഡിലാണ് മാർഗരീറ്റ മുഖഷേവ സ്വർണം നേടിയത്. ആദ്യ 400 മീറ്ററിൽ 57 സെക്കൻഡിൽ ഒന്നാമതെത്തിയ ടിന്റു രണ്ടാം ലാപ്പിലാണ് പിന്നിലായത്. അതും അവസാനനിമിഷം.
പതിവുപോലെ ആദ്യമേതന്നെ ടിന്റു ലീഡ് കൈവരിച്ചു. ആദ്യ 400 മീറ്റർ പിന്നിട്ടപ്പോൾ ടിന്റു തന്നെയായിരുന്നു മുന്നിൽ. മുമ്പു വരുത്തിയിട്ടുള്ള പിഴവുകൾ ടിന്റു വരുത്തരുതേ എന്ന് മത്സരം കണ്ട ഓരോ മലയാളിയും ആഗ്രഹിച്ചു. 750 മീറ്റർ വരെ ടിന്റു മുന്നിൽതന്നെയായിരുന്നു. എന്നാൽ അവസാന നിമിഷം കസാഖിസ്ഥാൻ താരം ടിന്റുവിനെ മറികടക്കുകയായിരുന്നു. പിന്നീട് വേഗം കൈവരിക്കാൻ കഴിയാതെ പോയത് വളരെ ചെറിയ വ്യത്യാസത്തിൽ ടിന്റുവിന് സ്വർണം നഷ്ടമാകാൻ കാരണമായി.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലാണ് ടിന്റുവിന് ലഭിച്ചത്. മുമ്പത്തേക്കാളെല്ലാം തന്റെ പ്രകടനം മെച്ചപ്പെടുത്തിയാണ് ടിന്റു ഇത്തവണ വെള്ളി മെഡൽ നേട്ടത്തിലെത്തിയത്. ഗെയിംസ് റെക്കോഡോടെയാണ് കസാഖ് താരം സ്വർണം നേടിയത്. നേരത്തെ ഹീറ്റ്‌സിൽ ഒന്നാം സ്ഥാനം നേടിയാണ് ടിന്റു ഫൈനലിന് യോഗ്യത നേടിയത്. ഹീറ്റ്‌സിൽ 2 മിനിട്ട് 04.28 സെക്കൻഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്.
അതേസമയം പുരുഷ വിഭാഗത്തിൽ മലയാളി താരം സജീഷ് ജോസഫിന് മെഡൽ നേടാനായില്ല. സജീഷ് നാലാം സ്ഥാനം നേടി. ഫൈനലിൽ ഏഴാമതായാണ് സജീഷ് ഫിനിഷ് ചെയ്തതെങ്കിലും മുന്നിലുണ്ടായിരുന്ന മൂന്ന് താരങ്ങളെ അയോഗ്യരാക്കിയതിനാലാണ്നാലാം സ്ഥാനം ലഭിച്ചത്.
ടിന്റുവിന്റെ മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കോച്ച് പി ടി ഉഷ പറഞ്ഞു. അതേസമയം, സെക്കൻഡുകളുടെ അംശത്തിൽ സ്വർണം നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്നും ഉഷ പറഞ്ഞു. ആദ്യ 600 മീറ്റർ വരെ നൽകിയ സമയലക്ഷ്യം ടിന്റുവിന് നേടാനായില്ല. ഇതാണ് സ്വർണം നഷ്ടപ്പെടാൻ കാരണം- പി ടി ഉഷ പറഞ്ഞു.
രണ്ടുമിനിറ്റിൽ കുറഞ്ഞ സമയം നേടാനായതിൽ സന്തോഷമുണ്ടെന്ന് മത്സരശേഷം ടിന്റു പ്രതികരിച്ചു. ആദ്യലാപ്പിൽ വേഗം കൂട്ടിയതിനാലാണ് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞത്. കടുത്ത മത്സരം പ്രതീക്ഷിച്ചതിനാലാണ് വേഗത്തിൽ ഓടിയത്. സീസണിലെ മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും ടിന്റു പറഞ്ഞു.
അവസാന നിമിഷം കറന്റ് പോയതിനാൽ ടിന്റുവിന്റെ വീട്ടിലുള്ളവർക്ക് മത്സരം തത്സമയം കാണാനായില്ല. മത്സരം കഴിഞ്ഞയുടൻ കറന്റുവന്നു. ഇതിനുശേഷമാണ് മത്സരം കണ്ടത്. സ്വർണം കിട്ടിയില്ലെങ്കിലും സ്വർണത്തേക്കാൾ മധുരമുള്ള വെള്ളി നേടാനായതിൽ സന്തോഷമുണ്ടെന്ന് ടിന്റുവിന്റെ അമ്മ ലിസി ലൂക്ക പറഞ്ഞു. മധുര വിതരണത്തോടെയാണ് ടിന്റുവിന്റെ വീട്ടുകാർ വിജയം ആഘോഷിച്ചത്.
ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ ടിന്റുവിന്റെ കൂട്ടുകാർ ഒന്നിച്ചിരുന്നാണ് ടിവിയിൽ മത്സരം കണ്ടത്. സ്വർണം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വെള്ളി മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കൂട്ടുകാർ പ്രതികരിച്ചു.
വനിതകളുടെ ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ജപ്പാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കുവേണ്ടി വന്ദന കറ്റാറിയ, ജസ്പ്രീത് കൗർ എന്നിവരാണ് ഗോൾ നേടിയത്. ജപ്പാന്റെ ആശ്വാസഗോൾ അകാനെ ഷിബാറ്റയുടെ വകയാണ്.
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി വെങ്കലം നേടി. 59.53 മീറ്റർ എറിഞ്ഞാണ് അന്നു വെങ്കലം നേടിയത്. ചൈനീസ് താരങ്ങളായ സാങ് ലിയും ലി ലിങ്‌വേയും ഈയിനത്തിൽ സ്വർണവും വെള്ളിയും നേടി. അന്നുവിന്റെ കരിയറിലെ മികച്ച പ്രകടനമായിരുന്നു ഇത്. ഈ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ ശേഖരം 50 ആയി.
അതേസമയം, ട്രിപ്പിൾ ജമ്പിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം മയൂഖ ജോണിക്ക് ഒമ്പതാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. മയൂഖ ജോണിക്ക് ട്രിപ്പിൾ ജമ്പിൽ ലഭിച്ച മികച്ച ദൂരം 13.5 മീറ്ററാണ്. രണ്ടാംശ്രമത്തിലാണ് മയൂഖ ഈ ദൂരം ചാടിയത്. 13.31, 13.24 എന്നിങ്ങനെയാണ് മറ്റ് രണ്ട് ശ്രമങ്ങളിലെ ദൂരം. കസാഖിസ്ഥാന്റെ ഓൾഗ റിപക്കോവയാണ് സ്വർണം നേടിയത്. 14.32 മീറ്റർ ചാടിയാണ് ഓൾഗ ഒന്നാമതെത്തിയത്. വെള്ളി നേടിയ കസാഖ് താരം ഇറിന എക്‌തോവ ചാടിയത് 13.77 മീറ്ററാണ്.
മറ്റൊരു മലയാളി താരം എം എ പ്രജുഷ ആദ്യശ്രമത്തിൽ തന്നെ പുറത്താകുകയായിരുന്നു. അവസാനറൗണ്ടിലേക്ക് കടക്കാൻ ആവശ്യമായ ദൂരം ചാടാൻ കഴിയാത്തതാണ് പ്രജുഷയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ഏഷ്യൻ ഗെയിംസ് മെഡൽ നില
രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തിൽ
ചൈന- 131-90-73-294
ദക്ഷിണ കൊറിയ- 62-61-66-189
ജപ്പാൻ- 39-63-59-161
കസാഖിസ്ഥാൻ- 20-17-29-66
ഇന്ത്യ (പതിനൊന്നാമത്)- 7-9-34-50
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)