കൊടുംകാട്ടിൽ ചെന്നായയും കരടിയും വളർത്തിയ മൗഗ്ലിയുടെ കഥ എല്ലാവർക്കുമറിയാം. ജംഗിൾ ബുക്ക് എന്ന പുസ്തത്തിലൂടെയും പലതവണ പലരീതിയിൽ ആവർത്തിച്ച സിനിമകളിലൂടെയും മൗഗ്ലി ആഗോള പ്രശസ്തനാണ്. എന്നാൽ, യഥാർഥ ജീവിതത്തിൽ ഇങ്ങനെ ആളുകളുണ്ടാവുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അവർക്കുള്ള മറുപടിയാണ് പത്തുവർഷത്തോളം ആഫ്രിക്കൻ കൊടുംകാടുകളിൽ വളർന്ന ടിപ്പി ഡിഗ്രെയെന്ന പെൺകുട്ടിയുടെ ജീവിതം. പുള്ളിപ്പുലികളുടെയും കാട്ടാനകളുടെയും നടുവിൽ അവരുടെ അരുമയായി വളർന്ന പെൺകുട്ടി.

ഫ്രഞ്ച് ഫോട്ടോഗ്രാഫർമാരായ സിൽവി റോബർട്ടിന്റെയും അലൻ ഡിഗ്രെയുടെയും മകളാണ് ടിപ്പി. മറ്റു മാതാപിതാക്കളൊന്നും വന്യമൃഗങ്ങളുള്ള ഭാഗത്തേയ്ക്ക് മക്കളെ വിടാതിരിക്കുമ്പോൾ ടിപ്പിയുടെ അച്ഛനമ്മമാർ അതിന് ധൈര്യം കാണിച്ചു. മാതാപിതാക്കൾക്കൊപ്പം ആഫ്രിക്കൻ വനാന്തരങ്ങളിൽ ചുറ്റിയടിച്ച ടിപ്പി പതുക്കെ അവിടുത്തെ മൃഗങ്ങളുടെ കളിത്തോഴിയായി മാറുകയായിരുന്നു. റുദ്യാർദ് കിപ്ലിങ്ങിങ്ങിന്റെ ജംഗിൾ ബുക്ക് പോലെ ടിപ്പിയുടെ ജീവിതവും പുതിയ പുസ്തകമായി പുറത്തുവന്നിരിക്കുന്നു.

ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം ആ ജീവിതമാണ് തുറന്നുകാട്ടുന്നത്. തന്റെ ജീവിതത്തിലെ ആദ്യ പത്തുവർഷങ്ങൾ താനെങ്ങനെ കാട്ടാനകൾക്കും പുലികൾക്കും നടുവിൽ ചെലവിട്ടുവെന്ന കഥയാണ് ടിപ്പി പറയുന്നത്..കാട്ടാനകൾ മുതൽ വിഷപ്പാമ്പുകൾ വരെയുള്ള വന്യജീവികൾക്കൊപ്പം അവരിലൊരാളായി നടന്ന ടിപ്പിയുടെ സ്തംഭിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തിയത് സിൽവിയും അലനുമാണ്. പെൻഗ്വിനുകൾക്കൊപ്പമുള്ള ടിപ്പിയുടെ ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്.

വന്യമൃഗങ്ങൾ മാത്രമല്ല, ആഫ്രിക്കൻ വനാന്തരങ്ങളിലെ സാൻ ബുഷ്മാന്മാരെപ്പോലുള്ള ആദിവാസികളും ടിപ്പിയുടെ സുഹൃത്തുക്കളാണ്. നമീബിയയിലെയും ബോട്‌സ്വാനയിലെയും കാടുകളിൽ അവിടുത്തെ ആദിവാസികൾക്കൊപ്പം അവരുടെ ജീവിതചര്യ ശീലിച്ചുകൂടിയാണ് ടിപ്പി വളർന്നത്. മൗഗ്ലി ഒരു സാങ്കൽപ്പിക കഥാപാത്രമാണെങ്കിൽ, ടിപ്പി യഥാർത ജീവിതത്തിൽ മൗഗ്ലിയെ അതിശയിപ്പിക്കുന്ന ജീവിതത്തിനുടമയാണ്.