രാശരി 40 ഡിഗ്രി സെന്റിഗ്രേഡിൽ താഴെ താപനിലയുള്ള ഒരു പ്രദേശത്ത് 5 മുതൽ 6 ഡിഗ്രി ചൂട് കൂടുകയോ, ഇതിൽ കൂടുതൽ താപനിലയുള്ള ഒരു സ്ഥലത്ത് 4 മുതൽ 5 ഡിഗ്രി ചൂട് കൂടുകയോ, അടുപ്പിച്ചു രണ്ടു ദിവസം 45 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ താപനില രേഖപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ അതിനെ താപതരംഗം എന്ന് വിളിക്കാം.

താപതരംഗം (ഹീറ്റ് വേവ്) കാരണം ചൊറിച്ചിൽ, ചൂട് പൊങ്ങൽ, തൊലിപ്പുറത്തെ നിറ വ്യത്യാസം (ഹീറ്റ് റാഷ്), വയറിലെയും കൈകാലുകളിലെയും മാംസ പേശികളിലെ കോച്ചി വലിക്കൽ (ഹീറ്റ് ക്രാംപ്‌സ്), അതിയായ തളർച്ച (ഹീറ്റ് എക്‌സ് ഹൊഷൻ), ബോധക്ഷയം ( ഹീറ്റ് സിൻകൊപ്പ്), താപാഘാതം (ഹീറ്റ് സ്‌ട്രോക്ക്) എന്നിവയുണ്ടാകാം. ഇതിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ശിശുക്കൾ, പ്രായമായവർ, തീരെ മെലിഞ്ഞവർ, അമിത വണ്ണം ഉള്ളവർ, പഴകിയ രോഗങ്ങൾക്ക് അടിമയായിട്ടുള്ളവർ, മദ്യപാനികൾ തുടങ്ങിയവരാണ്.

പൊള്ളുന്ന ചൂട്, ഉണങ്ങി വരണ്ട തൊലിപ്പുറം, ക്രമാതീതമായ നെഞ്ചിടിപ്പ്, തലകറക്കം, ഛർദ്ദി, ചിന്താക്കുഴപ്പം, പരസ്പര ബന്ധമില്ലാത്ത സംസാരം, അണപ്പ് തുടങ്ങിയവ ഉണ്ടായാൽ ഉടൻ തന്നെ എമർജൻസി മെഡിസിൻ വിഭാഗവുമായി ബന്ധപ്പെട്ടു അടിയന്തിര ചികിത്സ തേടേണ്ടതാണ്.

അല്ലാത്തപക്ഷം ശരീരത്തിലെ താപ സന്തുലിതാവസ്ഥ തകരാറിലായി മരണം പോലും സംഭവിക്കാം.

ചെയ്യേണ്ട കാര്യങ്ങൾ

ധാരാളം വെള്ളം കുടിക്കുക. കൃത്രിമ ശീതള പാനീയങ്ങൾ, മദ്യം, കാപ്പി ഇവ പൂർണ്ണമായി ഒഴിവാക്കുക.

വെയിലിൽ നിന്ന് അകന്നു നിൽക്കുക. രാവിലെ 11 മണിക്കും 3 മണിക്കും ഇടയിലുള്ള വെയിൽ കൊള്ളാതിരിക്കുന്നതാണ് നന്ന്.

ചൂടുള്ള സമയത്ത് ശരീരികാധ്വാനം കഴിവതും ഒഴിവാക്കുക.

അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക. കടും നിറങ്ങൾ ഒഴിവാക്കുക.

ശരീരത്തിന്റെ താപനില 40 ഡിഗ്രിയിൽ കൂടിയാൽ ഉടനടി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടുക. 40 ഡിഗ്രിയിൽ താഴെ ആണെങ്കിൽ വീട്ടിൽ തന്നെ ചികിത്സിക്കാവുന്നതാണ്. നനഞ്ഞ തുണികൾ ശരീരത്തിന്റെ മടക്കുകളിൽ വച്ച് ശരീരം തണുപ്പിക്കുക.

തണുത്തവെള്ളത്തിൽ കുളിക്കുകയോ ഇറങ്ങിയിരിക്കുകയോ ആകാം. അതിനു ശേഷം തണുത്ത കാറ്റ് ടേബിൾ ഫാൻ വഴി നല്കി ശരീരം തണുപ്പിക്കാം.

എപ്പോഴെങ്കിലും തലകറങ്ങി വീണാൽ രോഗിയെ പരന്ന പ്രതലത്തിൽ നിവർത്തി കിടത്തുക. ഒരിക്കലും പിടിച്ചിരുത്താൻ ശ്രമിക്കരുത്. ഹൃദയസ്തംഭനമല്ല എന്നുറപ്പ് വരുത്തിയ ശേഷം, കാലുകൾ രണ്ടും ഉയർത്തി വെയ്ക്കുക. മസ്തിഷ്‌ക്കത്തിലെക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പൂർണ്ണ ബോധാവസ്ഥയിലാണെങ്കിൽ മാത്രം കുടിക്കാൻ വെള്ളം നല്കുക.

പ്രാഥമിക ചികിത്സക്ക് ശേഷം വേഗം തന്നെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ രോഗിയെ എത്തിക്കുക.

സൂര്യതാപം വരാതെ ഇരിക്കാൻ നാം ചെയ്യേണ്ടത് എന്തെല്ലാം
1. ധാരാളം വെള്ളം കുടിക്കുക, മിനിമം 8 മുതൽ 10 വരെ ഗ്ലാസ് വെള്ളം കുടിക്കുക.
2. ഉച്ചനേരത്തെ യാത്രകൾ11 മണി മുതൽ 3 മണി വരെ ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുക.
3. കോട്ടൺ ഡ്രസ്സുകൾ ധരിക്കുക.
4. പറ്റുമെങ്കിൽ വെയിലത്ത് പോകുമ്പോൾഅധികമുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.
5. ഈ സമയത്ത് സാധാരണയായിവ്യായാമം ചെയ്യുന്നവർപ്രത്യേകിച്ച് അധികം വെള്ളം കുടിക്കുക.
6. മൂത്രത്തിന്റെ കളർ ശ്രദ്ധിക്കുക. കടുത്ത മഞ്ഞ നിറത്തിലുള്ളമൂത്രം ആണെങ്കിൽ വെള്ളം കുടിക്കുന്നത് കൂട്ടുക. ചുവപ്പു നിറമാണെങ്കിൽ ഉടനെ വൈദ്യ സഹായം തേടുക.
7. മദ്യം ഉപയോഗം കുറയ്ക്കുക
8. വെയിലത്ത് പാർക്ക് ചെയ്ത കാറുകൾ ഓടിക്കുന്നതിനു മുൻപ് കാറിന്റെ അകത്തുള്ള ചൂട് കുറഞ്ഞതിനു ശേഷം യാത്രചെയ്യുക.
(ലേകൻ: ഡോ. ശ്രീകൃഷ്ണൻ ടി പി, കൺസൾട്ടന്റ്, എമർജൻസി വിഭാഗം, അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി)