- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് സ്വപ്നങ്ങൾ കണ്ട് എഞ്ചിനീയറിങ്ങിന് ചേർന്ന് തോറ്റു ഭാവി തുലഞ്ഞ എഞ്ചിനീയർമാർ ഇനി എന്തു ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു...
'മുരളിക്ക് ഈ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് അമേരിക്കയിലൊക്കെ പോകാൻ നോക്കുന്ന കാശുള്ള പിള്ളേരുടെ കാര്യത്തിലേ ശ്രദ്ധയുള്ളു. അല്ലാതെ മലയാളം മീഡിയത്തിൽ പഠിച്ച് അത്യാവശ്യം ജീവിച്ചു പോകാൻ നോക്കുന്നവർക്കൊന്നും മുരളിയുടെ ഗൈഡൻസ് കൊണ്ട് ഒരു ഫലവുമില്ല'. പ്രത്യക്ഷത്തിൽ ന്യായമായ ഒരു പരാതിയാണിത്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല. വെങ്ങോലയിലെ സർക്കാർ സ്‌കൂളിലാണ് ഞാൻ വിദ്യാഭ്യാസം ആരംഭിച്ചത്. പത്തു വരെ മലയാളം മീഡിയത്തിലാണ് പഠിച്ചതും. കുടുംബത്തിലെ സമ്പത്തിന്റെ കാര്യമൊക്കെ ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിൽ നിന്നും വരുന്ന ഒരു കുട്ടിയുടെ മനോനില എനിക്ക് ശരിക്കറിയാം. ഞാൻ മനസ്സിലാക്കിയ ഒന്നുകൂടിയുണ്ട്. അതിരുകളില്ലാത്ത ലോകത്ത് ഇതൊന്നും നമ്മുടെ മുന്നിൽ ഒരു പ്രതിബന്ധമല്ല. കാശുള്ള അച്ഛനമ്മമാർ ഉള്ളതും, നല്ല സ്‌കൂളിൽ പഠിക്കാൻ പറ്റുന്നതുമെല്ലാം കുട്ടികൾക്ക് വലിയ സ്റ്റാർട്ടിങ് അഡ്വാന്റേജ് തന്നെയാണ്. തൊഴിൽ ജീവിതത്തിലെ ഓട്ടം തുടങ്ങുമ്പോൾ തന്നെ അവർ നമ്മളെക്കാൾ ഒര
'മുരളിക്ക് ഈ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് അമേരിക്കയിലൊക്കെ പോകാൻ നോക്കുന്ന കാശുള്ള പിള്ളേരുടെ കാര്യത്തിലേ ശ്രദ്ധയുള്ളു. അല്ലാതെ മലയാളം മീഡിയത്തിൽ പഠിച്ച് അത്യാവശ്യം ജീവിച്ചു പോകാൻ നോക്കുന്നവർക്കൊന്നും മുരളിയുടെ ഗൈഡൻസ് കൊണ്ട് ഒരു ഫലവുമില്ല'. പ്രത്യക്ഷത്തിൽ ന്യായമായ ഒരു പരാതിയാണിത്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല. വെങ്ങോലയിലെ സർക്കാർ സ്‌കൂളിലാണ് ഞാൻ വിദ്യാഭ്യാസം ആരംഭിച്ചത്. പത്തു വരെ മലയാളം മീഡിയത്തിലാണ് പഠിച്ചതും. കുടുംബത്തിലെ സമ്പത്തിന്റെ കാര്യമൊക്കെ ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിൽ നിന്നും വരുന്ന ഒരു കുട്ടിയുടെ മനോനില എനിക്ക് ശരിക്കറിയാം. ഞാൻ മനസ്സിലാക്കിയ ഒന്നുകൂടിയുണ്ട്. അതിരുകളില്ലാത്ത ലോകത്ത് ഇതൊന്നും നമ്മുടെ മുന്നിൽ ഒരു പ്രതിബന്ധമല്ല. കാശുള്ള അച്ഛനമ്മമാർ ഉള്ളതും, നല്ല സ്‌കൂളിൽ പഠിക്കാൻ പറ്റുന്നതുമെല്ലാം കുട്ടികൾക്ക് വലിയ സ്റ്റാർട്ടിങ് അഡ്വാന്റേജ് തന്നെയാണ്. തൊഴിൽ ജീവിതത്തിലെ ഓട്ടം തുടങ്ങുമ്പോൾ തന്നെ അവർ നമ്മളെക്കാൾ ഒരു കിലോമീറ്റർ മുന്നിലാണ്. പക്ഷെ ജീവിതം എന്നത് ഒരു മാരത്തൺ ആണ്, അല്ലാതെ നൂറു മീറ്റർ സ്പ്രിന്റ് അല്ല. ശരിയായ ലക്ഷ്യബോധം, നല്ല ആത്മവിശ്വാസം, വേണ്ടത്ര ഉൽക്കർഷേച്ഛ (ambition), സ്ഥിരമായ കഠിനാദ്ധ്വാനം എല്ലാമുണ്ടെങ്കിൽ നമ്മൾ എവിടെനിന്ന് തുടങ്ങി എന്നതൊന്നും വലിയ പ്രശ്‌നമല്ല. എന്നാൽ ഈ ഓട്ടം എളുപ്പമാക്കാനുള്ള നിർദ്ദേശങ്ങളാണ് എന്റെ ലേഖനങ്ങൾ മുഴുവൻ. ഇത് ട്രാക്കിൽ എവിടെ നിൽക്കുന്നവർക്കും പ്രയോജനം ചെയ്യും, ഒരു കൂട്ടർക്കൊഴികെ. 'ഈ ഓട്ടം കൊണ്ടൊക്കെ എന്ത് കാര്യം, 'in the long run everybody will be dead' എന്ന് വിശ്വസിക്കുന്ന തത്വജ്ഞാനികൾക്ക്, അവർ തല്ക്കാലം ഗാലറിയിൽ ഇരിക്കൂ.
ഇന്നത്തെ ലേഖനം എൻജിനീയറിങ്ങിൽ തോറ്റു ജീവിതം തുലഞ്ഞു എന്ന് വിചാരിച്ചു വിഷമിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഞാൻ എൻജിനീയറിങ് പഠിക്കുന്ന കാലത്ത് എൻജിനീയറിങ് കോളേജിൽ തോൽവി പത്തു ശതമാനത്തിൽ താഴെ ആയിരുന്നു. പ്രീ ഡിഗ്രിക്ക് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ രണ്ടായിരത്തോളം പേർക്ക് മാത്രമാണ് അന്ന് ആറ് എൻജിനീയറിങ് കോളേജിലായി അഡ്‌മിഷൻ കിട്ടിയത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. നൂറ്റി എഴുപത് എൻജിനീയറിങ് കോളേജുകളിലായി മുപ്പതിനായിരത്തോളം പേരാണ് എഞ്ചിനീയറിങ്ങിന് ചേരുന്നത്, അതിൽ ചില കോളേജുകളിൽ പത്തു ശതമാനം പേരൊക്കെയാണത്രെ വിജയിക്കുന്നത്. അമ്പതു ശതമാനം വിജയം കോളേജിന്റെ തന്നെ വിജയമായി കണക്കാക്കുന്നു. എന്താണെങ്കിലും 'തോറ്റ എൻജിനീയർ'മാരുടെ ഒരു പട തന്നെ ഇപ്പോൾ കേരളത്തിലുണ്ട്.
എൻജിനീയറിങ് പഠിക്കാൻ തുടങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും സപ്ലിയുടെ മുകളിൽ സപ്ലിയുമായി ജീവിതം തുലഞ്ഞു എന്നു കരുതിയിരുന്ന രണ്ടുപേരെ വിധി എന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ഒരേയൊരു ആൺകുട്ടികളായിരുന്നു രണ്ടുപേരും. അച്ഛനുമമ്മക്കും കാശിന് ബുദ്ധിമുട്ടൊന്നുമില്ല. കുട്ടികൾ പഠിക്കാനും അത്ര മോശമല്ല. സ്വഭാവം കൊണ്ടും പൊതുവെ മോശക്കാരല്ല. പക്ഷെ എന്തുകൊണ്ടോ എൻജിനീയറിംഗിലെ പരീക്ഷകൾ പാസ്സായില്ല. പഠനം അഞ്ചുവർഷമായതോടെ 'ഭാവി കോഞ്ഞാട്ടയായി' എന്ന ചിന്ത അവർക്ക് വന്നു. 'കാശെല്ലാം കൊണ്ടുപോയി തുലച്ചു' എന്ന് മാതാപിതാക്കൾക്കും. അച്ഛനമ്മമാർ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്ന നാളുകളിലാണ് ഞാനിവരെ കണ്ടുമുട്ടുന്നത്.
[BLURB#1-VL]ഈ കരിയർ ഗൈഡൻസിലുള്ള എന്റെ താൽപര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സമൂഹത്തിന് 'യൂസ്ലെസ്സ്' ആയ കുട്ടികളാരും നമ്മുടെയിടയിൽ ഉണ്ടെന്ന് എനിക്കു വിശ്വാസവുമില്ല. വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് ആദ്യമുണ്ടാകേണ്ട ഗുണം കുട്ടികൾക്ക് അവനവനിൽ വിശ്വാസമുണ്ടാക്കുകയാണ്. അത്യാവശ്യം തല്ലിപ്പൊളിയും രാഷ്ട്രീയവുമുള്ള കോളേജിൽ നിന്ന് കിട്ടുന്നതും, ഇടിമുറിയും ഇന്റേണലിന്റെ ഭീകരതയുമുള്ള കോളേജിൽ കിട്ടാത്തതും ഈ ആത്മവിശ്വാസം ആണ്. ഏതാണെങ്കിലും എന്റെ മുന്നിൽ വന്നുപെട്ടതോടെ പയ്യന്മാരുടെ നല്ല കാലമായിരുന്നു. ഒന്നാമതായി ഞാനവരെ അവരുടെ പരാജയത്തെപ്പറ്റി സംസാരിച്ചോ ഓർമ്മിപ്പിച്ചോ ജഡ്ജ് ചെയ്തില്ല. രണ്ടാമത് അവരുടെ ജീവിതം തുലഞ്ഞിട്ടില്ലെന്നും നാലോ അഞ്ചോ വർഷം എന്നത് പ്രൊഫഷണൽ ജീവിതകാലത്ത് വലിയൊരു കാലമല്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ ചെറിയ അസൈന്മെന്റുകളൊക്കെ കൊടുത്ത് അതിലെ അവരുടെ പെർഫോമൻസിനെ വലുതായി പുകഴ്‌ത്തി വേറൊരു വഴിക്ക് തിരിച്ചുവിട്ടു. പത്തുവർഷം കഴിഞ്ഞപ്പോൾ അവരുടെ സഹപാഠികളായ എൻജിനീയറിങ് സുഹൃത്തുക്കളുടെ മുന്നിലെത്തി ഇവർ. മാതാപിതാക്കൾക്ക് ഇവരിപ്പോൾ അഭിമാനമാണ്. കേരളത്തിൽ ഇപ്പോൾ ഉള്ള ഈ 'തോറ്റ എൻജിനീയർമാരെ' ഒക്കെ ശരിയായ കരിയർ ഗൈഡൻസ് കൊടുത്താൽ അവരുടെ കുടുംബത്തിന് അഭിമാനമായും സമൂഹത്തിന് സമ്പത്തായും മാറുമെന്നതിന് എനിക്ക് ഒരു സംശയവുമില്ല. പക്ഷെ അതിനൊക്കെ ആർക്കാണ് സമയം? കോളേജിനെയും, മാനേജ്‌മെന്റിനെയും, എൻട്രൻസിനെയും, സർക്കാറിനെയുമൊക്കെ കുറ്റപ്പെടുത്തി ഒരു പോസ്റ്റിട്ടാൽ അതോടെ കഴിഞ്ഞു എല്ലാവരുടെയും ഉത്തരവാദിത്ത്വം.
ഒരുകാര്യം കൂടി പറയട്ടെ, ഈ എൻജിനീയറിങ് പഠിച്ച് പാസ്സാകുക എന്നത് വലിയൊരു സംഭവമാണെന്നൊന്നും കരുതുന്ന ആളല്ല ഞാൻ. കണക്കിൽ താല്പര്യമില്ലാത്തവർ എൻജിനീയറിംഗിന് വരുന്നതുകൊണ്ടാണ് കൂടുതൽ കുട്ടികൾ തോൽക്കുന്നത് എന്ന വാദവും ശുദ്ധ അസംബന്ധമാണ്. കണക്ക് എന്ന വിഷയം ഒരിക്കലും ഇഷ്ടമില്ലാതിരുന്ന ആളാണ് ഞാൻ. എന്നിട്ടും എൻജിനീയറിങ് റാങ്കോടെയാണ് പാസായത്. നമ്മുടെ കുട്ടികൾ തോൽക്കാൻ പല കാരണങ്ങളുണ്ട്. എന്നാൽ അതിനെപ്പറ്റി അടിസ്ഥാനപരമായി മനസിലാക്കാൻ ആർക്കും താല്പര്യമില്ല എന്നതാണ് വസ്തുത. എയ്ൻസ്റ്റീൻ പറഞ്ഞതുപോലെ ഒരേ കാര്യം ഒരുപോലെ തന്നെ ചെയ്തിട്ട് അതിന്റെ ഫലം വ്യത്യസ്തമാകുമെന്ന് കരുതുന്നത് മൗഢ്യമാണ് (Insanity: doing the same thing over and over again and expecting different results). വർഷാവർഷം ഇത്രമാത്രം കുട്ടികൾ തോൽക്കുന്നത് കണ്ടിട്ടും നമ്മുടെ കരിക്കുലവും, അധ്യയന രീതികളും, പരീക്ഷ പദ്ധതികളും ഒന്നും മാറ്റാൻ ആർക്കും തോന്നിയിട്ടില്ല. പകരം പ്രൊക്രൂസ്റ്റസിന്റെ കട്ടിലിലിട്ട് കുട്ടികളെ അളന്നുനോക്കി വലിച്ചുനീട്ടുകയാണ്. എത്രയോ മുൻപേ ചെയ്യേണ്ടിയിരുന്ന ചില പരിഷ്‌കാരങ്ങൾ ഞാൻ പറയാം.
- നാലുവർഷത്തെ എൻജിനീയറിങ് പഠനകാലത്ത് ലാബുകൾ ഉൾപ്പെടെ ഏതാണ്ട് അൻപത് വിഷയങ്ങൾ കുട്ടികൾ പഠിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ നാലായിരം എൻജിനീയറിങ് കോളേജ് എടുത്താൽ എല്ലാ യൂണിവേഴ്‌സിറ്റികളിലും എൻജിനീയർ ആവാൻ വേണ്ടത് ഈ ഒരേ അൻപത് വിഷയങ്ങളല്ല എന്നും മനസ്സിലാക്കാം. അപ്പോൾ ശരിക്കും ഇതിൽ എത്രയെണ്ണം ഒരു എൻജിനീയർ ആകുന്നവർ തീർച്ചയായും പഠിച്ചിരിക്കേണ്ടതാണ്?, എത്രയെണ്ണം വെറുതെ പാരമ്പര്യമായി പഠിച്ചു വരുന്നു? എന്നൊക്കെ നോക്കി വിഷയങ്ങളെ 'കോറും' 'ഇലക്റ്റീവും' ആയി തരംതിരിക്കുക. ഇതിൽ കോർ കോഴ്സുകൾ മാത്രമേ കുട്ടികൾ പാസ്സാകണം എന്ന് യൂണിവേഴ്‌സിറ്റി നിർബന്ധിക്കേണ്ട കാര്യമുള്ളൂ. ഒരു ഇലക്ടീവ് വിഷയത്തിൽ തോറ്റാൽ അത് മാറി വേറെ വിഷയം എടുക്കാനുള്ള അവസരവുമുണ്ടാക്കുക.
- കുട്ടികൾ തോൽക്കുന്നത് ഭൂരിഭാഗവും അദ്ധ്യാപകരുടെ തോൽവി കൂടിയാണ്. എല്ലാ എൻജിനീയർമാരും പഠിച്ചിരുന്ന, പഠിച്ചിരിക്കേണ്ട, എന്നാൽ എല്ലാവർക്കും അന്നും ഇന്നും പേടിസ്വപ്നമായ വിഷയമാണ് എൻജിനീയറിങ് ഡ്രോയിങ് അല്ലെങ്കിൽ ജിയോമെട്രിക്കൽ ഡ്രോയിങ് എന്നത്. കോതമംഗലത്ത് ഇത് പഠിപ്പിക്കാൻ പല അദ്ധ്യാപകർ ഉണ്ടായിരുന്നു. പക്ഷെ രാജേന്ദ്രൻ സാർ പഠിപ്പിച്ചിരുന്ന ക്ലാസ്സിൽ വിജയ ശതമാനം തൊണ്ണൂറായിരുന്നെങ്കിൽ
വേറെ അദ്ധ്യാപകർ പഠിപ്പിക്കുന്നിടത്ത് ഇത് അൻപതിൽ താഴെയായിരുന്നു. അപ്പോൾ ഒരു വർഷം തോറ്റ കുട്ടികളെ എല്ലാം ആ സമ്മർ അവധിക്കാലത്ത് ആ കോളേജിലെ ഏറ്റവും സമർഥനായ അദ്ധ്യാപകൻ രണ്ടാമതൊന്ന് പഠിപ്പിച്ചാൽ മിക്കവാറും കുട്ടികൾ വിഷയം പാസായിപ്പോകും. - എൻജിനീയറിങ് എന്നത് ഒരു സെമസ്റ്ററിൽ ആറോ ഏഴോ കോഴ്‌സ് നിർബന്ധമായും ചെയ്യേണ്ട ഒന്നാക്കാതെ, താല്പര്യമുള്ളവർക്ക് വേണമെങ്കിൽ മൂന്നോ നാലോ കോഴ്‌സ് ചെയ്യാൻ പറ്റുന്ന ഒരു സ്ലോ പേസ് പ്രോഗ്രാം ആക്കുക. ഓടിച്ചെന്ന് എൻജിനീയറായിട്ട് പണിയാൻ പാലമൊന്നും പകുതിയായി കിടക്കുന്നില്ലല്ലോ.
- നമ്മുടെ പരീക്ഷാരീതികളും ഏറെ പഴഞ്ചനാണ്. അത് സ്‌കൂളിലെ പരീക്ഷയാണെങ്കിലും, പി എസ് സി പരീക്ഷയാണെങ്കിലും, എൻജിനീയറിങ് പരീക്ഷയാണെങ്കിലും ഒരുപോലെ തന്നെ. കുറെ പാഠങ്ങൾ പഠിച്ച്, കുറെ ഫോർമുല മനഃപാഠമാക്കി, മൂന്നു മണിക്കൂർ മിണ്ടാതിരുന്നാണ് പാലം പണിയാനുള്ള പ്രാവീണ്യം കുട്ടികൾ തെളിയിക്കുന്നത്. ഇങ്ങനെയൊക്കെയാണോ നമ്മൾ എൻജിനീയർമാർ പാലവും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്നത്? ഉപയോഗിക്കാനുള്ള എല്ലാ ഫോർമുലയും കുട്ടികൾക്ക് എഴുതി കൊണ്ടുവരാൻ അനുമതി കൊടുക്കുകയും, വേണമെങ്കിൽ ആവശ്യമായ പുസ്തകം പരീക്ഷക്ക് കൊണ്ടുവരാൻ സമ്മതിക്കുകയും ചെയ്യണം. പക്ഷെ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇപ്പോഴത്തെ പോലെ ടെക്സ്റ്റ് ബുക്കിലോ ഗൈഡിലോ ഉള്ള ഉദാഹരണങ്ങൾ അതുപോലെ തന്നെ പകർത്തി 'explain' എന്നെഴുതി ചോദ്യം ഇട്ടു കൊടുത്താൽ പോരാ.
[BLURB#2-VR]ശാസ്ത്രം ഉപയോഗിച്ച് സാങ്കേതിക പ്രശ്ങ്ങങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്നതാണ് എൻജിനീയറുടെ ജോലി. അതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അത് കുട്ടികൾ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷ നടത്തേണ്ടത്. അല്ലാതെ പി എസ് സി പരീക്ഷ പോലെ പത്തുലക്ഷം പേരിൽ നിന്നും അയ്യായിരം പേരിലേക്ക് ആളെ കുറക്കാനുള്ള ഒരു അരിപ്പയാകരുത് എൻജിനീയറിങ് പരീക്ഷ. ചുമ്മാതല്ല, ഈ 'പരീക്ഷണങ്ങൾ' ഒക്കെ കഴിഞ്ഞിറങ്ങുന്ന എൻജിനീയർമാരിൽ ഏറെപ്പേർ എംപ്ലോയബിൾ അല്ല എന്ന് പഠനങ്ങൾ പറയുന്നത്.
ഇതൊന്നും എന്റെ വിപ്ലവകരമായ ആശയങ്ങൾ അല്ല. മൂന്നു പതിറ്റാണ്ടു മുൻപ് ഞാൻ കാൺപൂർ ഐ ഐ ടിയിൽ പഠിക്കുമ്പോൾ അന്ന് തന്നെ അവിടെ പ്രാക്ടീസ് ചെയ്തിരുന്ന ആശയങ്ങളാണ്. അമേരിക്കയിലെ പഠനരീതികൾ വച്ചാണ് അവിടെ കരിക്കുലവും പരീക്ഷകളും ഉണ്ടാക്കിയിരുന്നത്. അപ്പോൾ അമേരിക്കയിൽ അര നൂറ്റാണ്ടെങ്കിലും മുന്നേ ഇതുണ്ടായിരുന്നിരിക്കണം. കേരളത്തിൽ പുതിയ സാങ്കേതിക സർവകലാശാല ഒക്കെയുണ്ടായപ്പോൾ എങ്കിലും നമ്മുടെ പഠനവും പരീക്ഷയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ വൃഥാ ആശിച്ചു.
കേരളത്തിലെ എൻജിനീയറിങ് കോളേജിലെ ഏറെ കുട്ടികളും തോൽക്കുന്നത് ചില നിശ്ചിത വിഷയങ്ങൾക്കാണ്. Mathematics, Mechanics, higher mathematics ഇവയൊക്കെയാണ് പ്രശ്‌നക്കാരെങ്കിൽ, ഈ വിഷയങ്ങൾ നന്നായി പഠിപ്പിക്കാൻ അറിയാവുന്ന അദ്ധ്യാപകരില്ല എന്നതാണ് ഇവിടത്തെ വില്ലൻ. കേരളത്തിലെ ഏറ്റവും നല്ല അദ്ധ്യാപകരെക്കൊണ്ട് ഈ വിഷയങ്ങളിൽ ക്ലാസ്സ് എടുപ്പിച്ച് അതിന്റെ വീഡിയോ എടുത്ത് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുക. എന്നിട്ട് ക്ലാസ്റൂമിൽ അദ്ധ്യാപകർ കുട്ടികളോടൊത്ത് ഹോം വർക്ക് ചെയ്യുക 'ഫ്ളിപ്പ്ഡ് ക്ലാസ്റൂം' എന്ന ഈ സംവിധാനം നല്ല അദ്ധ്യാപകരില്ലാത്ത രാജ്യങ്ങളൊക്കെ പരീക്ഷിച്ച് വിജയം കണ്ടതാണ്. കേട്ടിടത്തോളം നമ്മൾ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെയാണ്. ഈ കാര്യങ്ങളൊന്നും മാറുമെന്നുള്ള പ്രതീക്ഷയിലല്ല ഇതൊന്നും എഴുതിയത്. മറിച്ച് ഈ 'തോറ്റ എൻജിനീയർമാർ' ഒന്നും അത്ര മോശക്കാരല്ല എന്നും, നമ്മുടെ സിസ്റ്റം ആണ് അവരെ തോൽപ്പിക്കുന്നതെന്നും, അങ്ങനെ തോൽപ്പിക്കപ്പെടുമ്പോൾ സമൂഹമാണ് തോൽക്കുന്നതെന്നും
കാണിക്കാനാണ്. അതുകൊണ്ട് ഈ തോറ്റ എൻജിനീയർമാരെ എന്തു ചെയ്യണമെന്ന് കൂടി ഞാൻ പറയാം.
- എൻജിനീയറിംഗിൽ (മറ്റേതൊരു കോഴ്‌സിലും) തോൽക്കുക എന്നത് ഒരു ജീവിത പരാജയമല്ലെന്നും, രണ്ടോ മൂന്നോ വർഷം എന്നത് ജീവിതത്തിലെ ഒരു ചെറിയ അധ്യായമാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
- മൂന്നുവർഷം കഴിഞ്ഞിട്ടും ഒന്നാം വർഷത്തെ അധികം പേപ്പറുകൾ പോലും കിട്ടാനുണ്ടെങ്കിൽ പിന്നെ
നിർബന്ധിച്ച് എൻജിനീയറിങ് പഠനം തുടരരുത്. അത് നിർത്തി മറ്റേതെങ്കിലും കോഴ്‌സിന് പോകുക. എത്രയും വേഗത്തിൽ തീരുമാനം എടുക്കുന്നോ അത്രയും നല്ലത്. - വേറെ ഏതു കോഴ്‌സിനു പോകണം, പൊലീസുകാരനാകണോ, പി എസ് സി പരീക്ഷ എഴുതണോ, ബാങ്ക് ടെസ്റ്റ് എഴുതണോ എന്നതൊക്കെ ഓരോ വ്യക്തിയും അവരുടെ കുടുംബ സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടതാണ്. എൻജിനീയറിങ് കാലത്ത് പഠിച്ച വിഷയങ്ങളിലേതിലെങ്കിലും മികവ് തെളിയിച്ചവർക്ക് ആ വഴി തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് എൻജിനീയറിങ് ഡ്രോയിങ്ങിൽ മിടുക്കനായി പാസ്സായ, കണക്കിന് തോറ്റ ഒരാൾക്ക് ഗ്രാഫിക് ഡിസൈനിങ്ങിന് പോകാമല്ലോ. ധാരാളം കോഴ്സുകൾ അതിന് ലഭ്യമാണ്. ഇത്തരം നൂറു കണക്കിന് ഓപ്ഷൻ ഉള്ളതുകൊണ്ട് ഓരോന്നും പ്രത്യേകം പറയുന്നില്ല.
- കുട്ടികളെ തോൽപ്പിക്കുന്ന പരീക്ഷാരീതി മാറ്റിയില്ലെങ്കിലും നമ്മുടെ സർവകലാശാലക്ക് എളുപ്പത്തിൽ ചെയ്യാവുന്ന മറ്റൊന്നുണ്ട്. സ്വിറ്റ്‌സർലാൻഡിൽ മെഡിക്കൽ പഠനത്തിന് ആവശ്യമുള്ളതിന്റെ ഇരട്ടിയാളുകളെ അഡ്‌മിറ്റ് ചെയ്യുന്നതും അതിൽ പകുതി പേർ ഒരു വർഷത്തിനകം അതിന് പ്രാപ്തരല്ല എന്ന് മനസ്സിലാക്കി വേറെ പഠനത്തിന് പോകുന്നതും ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്. പക്ഷെ അവർക്കെല്ലാം ആ ഒരു വർഷത്തിൽ പഠിച്ച് പാസ്സായ വിഷയങ്ങൾക്ക് അടുത്ത ബിരുദത്തിന് ചെല്ലുമ്പോൾ യൂണിവേഴ്‌സിറ്റി ഇളവുചെയ്യും. നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ ഇത് ചെയ്യാവുന്നതാണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സമയം ലാഭിക്കുകയും ചെയ്യാം.
- ഡിപ്ലോമയിൽ നിന്നും എൻജിനീയറിംഗിലേക്ക് ലാറ്ററൽ എൻട്രിയുള്ളതുപോലെ നമുക്ക് എൻജിനീയറിങ് പഠനത്തിൽ നിന്നും പോളിടെക്‌നിക്കിലേക്ക് ഒരു ലാറ്ററൽ എൻട്രി കൊടുത്തുകൂടെ? അപ്പോൾ പഠിച്ച വിഷയങ്ങൾ പാഴാകില്ല, പിൽക്കാലത്ത് വേണമെങ്കിൽ എൻജിനീയറിങ് പഠനം തുടരുകയും ചെയ്യാം.
സർവകലാശാലയും സമൂഹവുമൊക്കെ മാറാൻ സമയമെടുക്കും. പക്ഷെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അവരുടെ മാതാപിതാക്കളാണ്. എൻജിനീയറിംഗിന് പോയി പഠനം പൂർത്തിയാക്കാൻ പറ്റാത്തവരെ 'തോറ്റ'വരായി മുദ്രകുത്താതെ ഏറ്റവും വേഗത്തിൽ വഴി തിരിച്ചുവിട്ടാൽ അത് കുട്ടിക്കും, കുടുംബത്തിനും, സമൂഹത്തിനും ഗുണം ചെയ്യും. പിൽക്കാലത്ത് ഇവരിൽ പലരും അവരുടെ സഹപാഠികളേക്കാൾ ജീവിതത്തിൽ
ശോഭിക്കുകയും ചെയ്യും. എന്റെ ക്ലാസ്സിൽ തന്നെ ഒന്നാം വർഷം പഠിക്കാൻ തുടങ്ങിയ നാല്പത്തിയഞ്ചു പേരുടെ ഇപ്പോഴത്തെ ജീവിതം എടുത്താൽ അവരിൽ ജയിച്ചവരും തോറ്റവരും തമ്മിൽ ഒരു വ്യത്യാസവുമില്ല. പരീക്ഷയുടെ മാർക്കും ജീവിതത്തിലെ ഉയരവും തമ്മിലും വലിയ ബന്ധമില്ല. ജീവിതവിജയവും തൊഴിൽ ജീവിതത്തിലെ വിജയവും രണ്ടാണ്, അതിനെപ്പറ്റി പിന്നീട് എഴുതാം.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)