- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔഡികാറിലെ വേശ്യാലയം മാത്രമല്ല പോക്കർ ഗെയിമും; ഈ കൊച്ചി പഴയ കൊച്ചയില്ല! മോഡലുകളുടെ മരണം പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഫ്‌ളാറ്റ് മാറി തുറന്ന പൊലീസ് കണ്ടത് ഗോവൻ കാസിനോയുടെ ചെറുപതിപ്പ്; തൃപ്പൂണിത്തുറയിലെ ഒരു സ്പോർട്‌സ് ക്ലബ്ബിൽ പോക്കർ കളിക്ക് പൊലീസ് കാവലും!
കൊച്ചി: ഗോവയിലേതിന് സമാനമായ കാസിനോയുടെ ചെറുപതിപ്പ് ഫ്‌ളാറ്റിലൊരുക്കി പ്രതിദിനം ലക്ഷങ്ങളുടെ ചൂതാട്ടം നടത്തുന്ന യുവാവ് അറസ്റ്റിലാകുയത് പൊലീസിന് പറ്റിയ അബദ്ധത്തിലൂടെ. വടക്കൻ പറവൂർ എളന്തിക്കര സ്വദേശി ടിപ്സൺ ഫ്രാൻസിസാണ് (33) അറസ്റ്റിലായത്. മോഡലുകളും സുഹൃത്തും മരിച്ച കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചിലവന്നൂരിലെ ഫ്‌ളാറ്റിലെത്തിയത്. എന്നാൽ വഴിതെറ്റിയ പൊലീസ് സൗത്ത് ബ്ലോക്കിൽ അതേ നമ്പറുള്ള ടിപ്സന്റെ ഫ്‌ളാറ്റിലാണ് കയറിയത്. ഇതോടെ പുതിയ പ്രതി കുടുങ്ങി.
നോർത്ത് ബ്ലോക്കിലായിരുന്നു സൈജു ഡി.ജെ പാർട്ടി നടത്തിയിരുന്ന ഫ്‌ളാറ്റ്. അറസ്റ്റിലായ ഫ്രാൻസിസിന്റെ കൈയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിദിനം ഒന്നര ലക്ഷം രൂപയാണ് ചൂതാട്ടത്തിലൂടെ മാത്രം ഇയാൾക്ക് ലഭിച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. കൊച്ചിയിലെ സമ്പന്നരെ ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രത്തിലെ പതിവുകാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ടിപ്‌സണാണ് വാടകയ്ക്ക് എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ വിളിച്ചുവരുത്തി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് രഹസ്യമായി പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രത്തെക്കുറിച്ച് അടുത്ത താമസക്കാർ പോലും അറിയുന്നത്. 60,000 രൂപയ്ക്കാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതേ അപ്പാർട്ട്‌മെന്റിലെ മറ്റൊരു ഫ്‌ളാറ്റിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്നത്. മുന്തിയ ചൂതാട്ട കേന്ദ്രങ്ങളിലേതിന് സമാനമായി പ്‌ളാസ്റ്റിക്ക് കോയിനുളാണ് പണത്തിന് പകരം ഉപയോഗിച്ചിരുന്നത്. കുറഞ്ഞ കോയിന് 7,000 രൂപയാണ്, കൂടിയതിന് 15,000. കളിച്ച് വിജയിച്ച് കോയിൻ ടിപ്‌സണ് കൈമാറിയാൽ എണ്ണമനുസരിച്ച് പണം കൈമാറും. നിശ്ചിത തുക നൽകിയാലേ ഫ്‌ളാറ്റിൽ പ്രവേശമുള്ളൂ.
ടിപ്‌സണും ഏതാനും സുഹൃത്തുക്കളും ചേർന്ന് കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുണ്ട്. ഇതിന്റെ മറവിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. മിനി കാസിനോ ഉപകരണങ്ങൾ ഗോവയിൽ നിന്ന് എത്തിച്ചതാകുമെന്നാണ് വിലയിരുത്തൽ. ലക്ഷങ്ങൾ വാതുവയ്ക്കുന്ന വിദേശ ചൂതാട്ടകേന്ദ്രങ്ങൾക്കു സമാനമായ സംവിധാനങ്ങളാണ് ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ബഹുനില ഫ്ളാറ്റിൽ ഒരുക്കിയിരുന്നത്. എറണാകുളം സൗത്ത് പൊലീസ്, ഡാൻസാഫ്, ഡോഗ് സ്‌ക്വാഡ് എന്നിവ സംയുക്തമായാണ് ഇന്നലെ പരിശോധന നടത്തിയത്. കേന്ദ്രത്തിലെത്തിയ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചിലവന്നൂരിൽ സലഹാദീന്റെ ഫ്ളാറ്റിലാണ് ആദ്യം പൊലീസ് പരിശോധിച്ചത്. അവിടെ കാര്യമായിട്ടൊന്നും കണ്ടെത്താനായില്ല. അറസ്റ്റിലായ ടിപ്സന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കും.
വിദേശരാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നടക്കുന്ന 'പോക്കർ ഗെയിം' അടക്കമാണ് കൊച്ചിയിലെ ഫ്ളാറ്റുകളിൽ അരങ്ങേറുന്നത്. ലഹരിമരുന്ന് പാർട്ടിയിലേക്ക് എത്തുന്ന വമ്പർമാരാണ് ചൂതാട്ടത്തിലും ഭാഗ്യം പരീക്ഷിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. 'പോക്കർ ഗെയിം' എന്നത് ഒരു കാർഡ് ഉപയോഗിച്ചുള്ള ചൂതാട്ടക്കളിയാണ്. 'ടെക്സസ് ഹോൾഡെം' ആണ് ഇതിലെ ജനപ്രിയമായ ഇനം. മറ്റനേകം തരത്തിലുള്ള പോക്കർ ഗെയിമുകളുണ്ട്. 'ചിപ്‌സ്' എന്നറിയപ്പെടുന്ന കോയിനുകൾ ഉപയോഗിച്ചാണ് പന്തയം വെക്കുന്നത്. ഗെയിമിന്റെ അവസാനം കളിക്കാർ ചിപ്പുകൾ പണമാക്കി മാറ്റും. ഫ്ലാറ്റിലെ ഒരു മുറി പൂർണമായി ചൂതാട്ടകേന്ദ്രമായി മാറ്റിയിരുന്നു.
വൈപ്പിൻ, തൃപ്പൂണിത്തുറ, പള്ളുരുത്തി, എറണാകുളം സിറ്റി എന്നിവിടങ്ങളിൽ വലിയ തോതിൽ ചൂതാട്ടം നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെയാണ് ഇതു നടത്തുന്നത്. മുമ്പ് ചൂതാട്ടം നടക്കുന്നതിനെക്കുറിച്ച് വിവരം നൽകിയ തമ്മനം സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചിരുന്നു. പൊലീസിന് നൽകിയ രഹസ്യവിവരം അവിടെനിന്ന് ഗുണ്ടകൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. പിന്നീട് പൊലീസ്തന്നെ ഇയാൾക്കും കുടുംബത്തിനും കാവൽ നിൽക്കേണ്ട സ്ഥിതിയും വന്നു.
തൃപ്പൂണിത്തുറയിലെ ഒരു സ്പോർട്‌സ് ക്ലബ്ബിൽ ചൂതാട്ടം നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. വമ്പന്മാർക്കു മാത്രം മെംബർഷിപ്പുള്ള ക്ലബ്ബിലാണിത് അരങ്ങേറുന്നത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലബ്ബ് നടത്തിപ്പുകാർ മെംബർഷിപ്പ് നൽകും. ഇതോടെ പൊലീസിന്റെ കാവൽകൂടി ഇവിടത്തെ ചൂതാട്ടത്തിന് ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ