തിരുവനന്തപുരം: വീട്ടിൽ നിത്യസന്ദർശകനായിരുന്ന ഗംഗേശാനന്ദ തീർത്ഥപാദർ (ശ്രീഹരി) മാതാപിതാക്കളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെൺകുട്ടി പൊലീസിന് മൊഴിനൽകി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തിൽനിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങി. ഇതിനൊപ്പമായിരുന്നു പീഡനം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് നിരന്തരപീഡനം സഹിക്കാനാവാതെ സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് മൊഴി. എന്നാൽ അന്വേഷണവുമായി സ്വാമി സഹകരിക്കുന്നതുമില്ല. ഗംഗേശാനന്ദയെ ജൂൺ മൂന്നുവരെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് റിമാൻഡ് നടപടികൾ മജിസ്േട്രറ്റ് പൂർത്തിയാക്കിയത്. ഇയാളെ ആശുപത്രിയിലെ സെല്ലിലേക്കുമാറ്റി.

ആശുപത്രിയിൽ വച്ച് പൊലീസ് സ്വാമിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കൃത്യമായി പറയുന്നില്ല. ജനനേന്ദ്രീയം സ്വന്തമായി മുറിച്ചെന്നായിരുന്നു അവകാശ വാദം. പിന്നീട് അത് ഉറങ്ങിക്കിടന്നപ്പോൾ പെൺകുട്ടി മുറിച്ചെന്നാക്കി. അതിന് ശേഷം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുത്തിട്ടില്ല. പൊലീസിനോട് പറഞ്ഞിട്ടും കേസെടുത്തില്ലെന്ന വാദവുമായി സന്യാസി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പൊലീസ് കരുതലെടുക്കുന്നത്.

കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്തപ്പോൾ ഗംഗേശാനന്ദയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ആത്മീയകാര്യങ്ങൾ മാത്രം പറയുന്ന ഇയാൾ കാര്യമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഗംഗേശാനന്ദ പീഡിപ്പിക്കുന്നകാര്യം അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്ന പ്രാഥമിക നിഗമനമാണ് പൊലീസിനുള്ളത്. അതുകൊണ്ട് തന്നെ പെൺകുട്ടിയുടെ അമ്മയെ നിലവിൽ കേസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി അനുസരിച്ചാണ് ഇത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗംഗേശാനന്ദയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉ്ണ്ടാകുന്നത്.

ഗംഗേശാനന്ദയെ കൂടുതൽ ചോദ്യംചെയ്യുമ്പോൾ അമ്മയ്ക്കെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടായാൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പേട്ട സ്വദേശിനിയായ 23-കാരി മുറിച്ചത്. കുട്ടിതന്നെ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിന ്‌ശേഷം പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴി പൊലീസെടുത്തു. അപ്പോഴാണ് സ്വാമി സമ്പത്തികമായി വഞ്ചിച്ചുവെന്ന ആരോപണം പെൺകുട്ടി ഉയർത്തുന്നത്.

വയനാട്ടിൽ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലർ വീട്ടിൽ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനൽകി. എന്നാൽ, ആ വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് വയനാട്ടിൽ വർക്ക്ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് പരാതിലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്‌കുമാർ പറഞ്ഞു. ഗംഗേശാനന്ദ മറ്റെവിടെനിന്നെങ്കിലും പണം തട്ടിയെടുത്തതായി പരാതികളുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.

സംഭവത്തിൽ പെൺകുട്ടിക്കെതിരേ കേസെടുത്തിട്ടില്ല. ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയാകും ഇതും അന്വേഷിക്കുക. വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ ഇയാളിൽനിന്ന് രക്ഷപ്പെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണസംഘത്തോട് പറഞ്ഞത്. അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നൽകി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ കൂടുതൽ ചോദ്യങ്ങൾക്ക് ഗംഗേശാനന്ദ ഉത്തരം നൽകിയില്ല.

അടിയന്തര ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേർക്കാനുള്ള ഡോക്ടർമാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വീട് പരിശോധിച്ച പൊലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം. ഇക്കാര്യത്തിൽ പൊലീസിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്.

പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെൺകുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നത്. മകളെ ലൈഗിംകമായി ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.