കൊച്ചി: ലോകത്തിൽ ഏറ്റവുമധികം വിശ്വാസികൾ വരുന്നതും കൂടുതൽ വരുമാനമുള്ളതുമായ ആന്ധ്രയിലെ തിരുപ്പതി തിരുമല ദേവസ്ഥാനം മുഴുവനായി ഡിജിറ്റലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഷില്ലാ എക്കണോമിയിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഇത്. അതിനിടെ ശബരിമലയിലും ഈ മാതൃക സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. ശബരിമലയിലെ കാണിക്ക കൊള്ളയ്ക്ക് ഇത് പരിഹാരമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും പിന്നീട് അത് മാറുമെന്നും അഭിപ്രായം ഉയരുന്നു.

കേന്ദ്രസർക്കാർ നോട്ട് പിൻവലിച്ചതിന് പിന്നാലെയാണ് ക്ഷേത്രം കാഷ് ലെസ് സംവിധാനവും ഇലക്ട്രോണിക് സാങ്കേതികവിദ്യയും തിരുപ്പതി ക്ഷേത്രം കൂടുതലാശ്രയിച്ചത്. സംഭാവനകളും വഴിപാടുകളും ഇവാലറ്റുകളിലൂടെയാകും. കൈയിൽ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുമായി ചെന്നാൽ ഇഷ്ടാനുസരണം കാണിക്ക സമർപ്പിക്കാം. സാങ്കേതിക സഹായം ലഭ്യമാക്കാൻ ടാറ്റാ കൺസൾട്ടൻസി സർവീസുമായി കരാറായി. ദർശനം, കാണിക്ക, സംഭാവന, പ്രസാദവിതരണം തുടങ്ങി മിക്കവയും ഇലക്ട്രോണിക് സംവിധാനത്തിന്റെ കീഴിലാക്കുകയാണ് ലക്ഷ്യം.

കോടികളുടെ വരുമാനമുള്ള ക്ഷേത്രത്തിൽ കേന്ദ്ര തീരുമാനത്തിന് ശേഷം 500, 1000 രൂപയുടെ അസാധുനോട്ടുകൾ കുമിഞ്ഞതും മാറിച്ചിന്തിക്കാൻ ഇടയാക്കി. പണം കൂടാതെ രത്‌നം, സ്വർണം, വെള്ളി, ഭൂമി, ഓഹരികൾ തുടങ്ങിയവയും കാണിക്കയായി അർപ്പിക്കാറുണ്ട്. ദിവസവും അരലക്ഷത്തോളം പേരാണ് ക്ഷേത്രദർശനത്തിന് എത്തുന്നത്. ക്ഷേത്ര നടത്തിപ്പിന്റെ കാര്യങ്ങൾ പൂർണമായും നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. തിരുപ്പതിയെ പോലെ നടവരുമാനമുള്ള ക്ഷേത്രമാണ് ശബരിമല. നോട്ട് പിൻവലിക്കൽ ശബരിമയിലുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വരുമാനക്കണക്കിൽ കുറവ് വരാത്തത് ഇത്തവണ നേർച്ച മുപ്പത് ശതമാനം ഉയർത്തിയതുകൊണ്ട് മാത്രമാണ്.

ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ശബരിമലയും തേടണമെന്ന അഭിപ്രായം സജീവമാകുന്നത്. കാണിക്ക മോഷണവും ഇതോടെ തീരും. കിട്ടുന്ന മുഴവൻ തുകയും ശബരിമലയുടെ ഖജനാവിലെത്തുമെന്ന് സാരം