കാലിഫോർണിയ: വിഖ്യാത ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിന്റെ സംഗീത സംവിധായകൻ ജെയിംസ് ഹോർണർ (61) വിമാനാപകടത്തിൽ മരിച്ചു. സാന്റാ ബാർബറയുടെ വടക്കായി പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അപകടം.

രണ്ട് സീറ്റുള്ള എ.എസ് 312 ടുക്കാനോ എം.കെ. 1 എന്ന അദ്ദേഹത്തിന്റെ സ്വന്തം വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹോർണറിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ അസിസ്റ്റന്റായ സിൽവിയ പാട്രിസിജയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിലെ സംഗീതം ഒരുക്കിയ ഹോർണറിന് രണ്ട് ഓസ്‌ക്കാറുകളാണ് ലഭിച്ചത്. 2010ൽ കാമറൂണിനൊപ്പം അവതാർ എന്ന ചിത്രത്തിന് വേണ്ടിയും അദ്ദേഹം സംഗീതം ഒരുക്കിയിരുന്നു.