തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിയിൽ കോടികളുടെ നഷ്ടത്തിന് ഉത്തരവാദി ആയ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എം .എൽ .എ .യും ആയ ശ്രീ വി. എസ്. അച്യുതാനന്ദനെ പ്രോസിക്യുട്ട് ചെയ്യുവാൻ അനുവാദം ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് വോളിബോൾ ഇതിഹാസമായി ജിമ്മി ജോർജിന്റെ സഹോദരൻ സെബാസ്റ്റ്യൻ ജോർജിന്റെ കത്ത്. ടൈറ്റാനിയം അഴിമതിയിലെ പ്രധാന കുറ്റക്കാരൻ എന്ന് സിപിഐ(എം) ആരോപിച്ച ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണമെന്നും സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെടുന്നു. ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ സെബാസ്റ്റ്യൻ ജോർജാണ് അഴിമതി പുറത്തുകൊണ്ടു വന്നത്. പിന്നീട് ജോലി രാജിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി. അതിന് ശേഷവും ഈ അഴിമതി സജീവമായി ചർച്ചയാക്കിയതും ഈ വോളിബോൾ താരമാണ്.

കേരളത്തിന്റെ നാലു മുഖ്യമന്ത്രിമാർ 200 കോടിയുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസിൽ പ്രതിസന്ധിയിലാണെന്നാണ് സെബാസ്റ്റ്യൻ ജോർജ് പറയുന്നത്. ഇതുസംബന്ധിച്ച വാർത്ത നൽകുവാൻ കേരളത്തിലെ ചാനലുകാരോ , പ്രമുഖ പത്രങ്ങളോ തയ്യാറല്ല. അവർക്ക് വേണ്ടത് വിവാദങ്ങൾ. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു പെണ്ണുങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാകും ഇതിന്റെ സത്യം പുറത്തു കൊണ്ട് വരുവാൻ ആർക്കും താല്പര്യം ഇല്ലാത്തത്. എന്നാൽ ഇത് ഒരു പെണ്ണ് വരുത്തി വച്ച ദുരന്തം ആണെന്നാണ് അന്തിമ വിശകലനത്തിൽ മനസ്സിലാകുന്നത്. അഴിമതി തുടച്ചു നീക്കും എന്നാണു കേരളത്തിലെ ജനങ്ങൾക്ക് പിണറായി സർക്കാർ വാക്ക് കൊടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പിണറായി വിജയനോട് സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെടുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും പരാതിയുടെ പകർപ്പ് അയച്ചുകൊടുത്തിട്ടുണ്ട്.

ടൈറ്റാനിയം അഴിമതി തടയുന്നതിൽ മുൻ മുഖ്യമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കെണ്ടതുണ്ട്. പ്രതി പക്ഷ നേതാവ് ആയിരുന്നപ്പോൾ 31.8.2005 ൽ വി എസ് തന്നെ ടൈറ്റാനിയം പദ്ധതി അഴിമതി ആണെന്ന് പറഞ്ഞിരുന്നു . വിജിലൻസ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു . 6.6.2006 ൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ മന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദന് കത്ത് നൽകിയിരുന്നു . 10 വർഷം കഴിഞ്ഞു 6.6.2016 ൽ കോടികളുടെ അഴിമതി തടയുന്നതിൽ കുറ്റകരമായ അനാസ്ഥ കാട്ടിയ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യുവാൻ അനുവാദം ചോദിച്ചാണ് സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

തന്റെ പരാതിയിൽ 6.10.2006 ൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടുവെങ്കിലും അഴിമതിയുമായി മുൻപോട്ടു പോയി കോടികൾ തുലച്ചു . 10 വർഷം ആയിട്ടും കുറ്റ പത്രം ഇല്ല . വിജിലൻസ് ഡയറക്ടരുടെ അടുത്തും, വക്കീലന്മാരുടെ അടുത്തും ഒക്കെ ചോദിച്ചു. ടൈറ്റാനിയം ഇടപാടിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി കോടികൾ വിഴുങ്ങി എന്ന് ആരോപണം ഉന്നയിച്ചത് താൻ അല്ല. വി എസ്സും , പിണറായിയും , കോടിയേരിയും , എളമരം കരീമും ഉൾപ്പെടയുള്ള സി പി എം നേതാക്കന്മാരാണ് . ടൈറ്റാനിയം കേസിൽ ഉമ്മൻ ചാണ്ടി ഒന്നാം പ്രതി ആകേണ്ട ആളാണെന്നു പറഞ്ഞത് സാക്ഷാൽ പിണറായി വിജയനാണ്. ആരോപണം ഉന്നയിച്ച സി പി എം നേതാക്കന്മാർ ഒന്നും വിജിലൻസിന് മുൻപാകെ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുകൾ നൽകിയിട്ടില്ലെന്നും സെബാസ്റ്റ്യൻ ജോർജ് പറയുന്നു.

തിരുവനന്തപുരത്തുള്ള ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു ഉണ്ടായ അഴിമതിയിൽ 200 കോടിയോളെ രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് . 1500 പേർക്ക് തൊഴിൽ നൽകിയിരുന്ന , അര നൂറ്റാണ്ടു കാലം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതു മേഖലാ സ്ഥാപനം ഇതോടെ തകർന്നു. 22 വർഷം ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു താൻ. ലോകായുക്തിലും , ഹൈക്കോടതിയിലും , വിജിലൻസ് കോടതിയിലുമായി കഴിഞ്ഞ 15 വർഷമായി ഈ അഴിമതിക്കെതിരെ പോരാടുന്നു. ഈ അഴിമതിയെ എതിർത്തതിന്റെ പേരിൽ 17 കൊല്ലം സർവീസ് ബാക്കി ഉണ്ടായിരുന്ന താൻ , 2002 നവംബറിൽ വോളന്ററി റിട്ടയർമെന്റും വാങ്ങി ജോലിയിൽ നിന്നും പിരിയേണ്ടി വന്നുവെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ സെബാസ്റ്റ്യൻ ജോർജ് വിശദീകരിക്കുന്നു.

1951 മുതലാണ് ടൈറ്റാനിയം കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 1500ൽപരം ജീവനക്കാരാരുണ്ടായിരുന്നു.എന്നാൽ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരിലെ അഴിമതി കമ്പനിയെ തകർക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും സെബാസ്റ്റ്യൻ ജോർജ് പറയുന്നു. മാലിന്യ നിവാരണത്തിനായി ദാമോദരൻ കമ്മറ്റി നിർദ്ദേശിച്ചവയിൽ നിന്നും ഏറ്റവും പ്രായോഗികവും ലാഭകരവുമായ പദ്ധതിയായ പൈപ്പ് ലൈൻ മോഡൽ ഒഴിവാക്കിയതും. അതൊഴിവാക്കുന്നതിനായി ജനകീയ പ്രക്ഷോപം സംഘടിപ്പിച്ചതുമൊക്കെ അഴിമതിക്കുള്ള മുന്നൊരുക്കമായും അതിലെ ഇരു മുന്നണികളുടേയും പങ്കിനേയും സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉൽപ്പാദന പ്രക്രിയയിൽ സൽഫ്യൂരിക്ക് ആസിഡ് പുറത്തേക്കൊഴുക്കേണ്ടതുണ്ട്. കമ്പനി പ്രവർത്തനമാരംഭിച്ചതു മുതൽ സമീപത്തേക്കുള്ള കടലിലേക്കാണ് ഇതൊഴുക്കിയിരുന്നത്. നാളിതുവരെ അതുകാരണം ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മാരക രോഗമോ മരണമോ സംഭവിച്ചതായി പരാതിയും ഇല്ലായിരുന്നു. എന്നാൽ സമീപത്തെ വീടുകളിലെ കിണറുകളിൽ ആസിഡിന്റെ അംസം കണ്ടത്തിയതായും കടൽതീരത്ത് ചില ഭാഗങ്ങലിൽ തവിട്ട് നിറം കാണപ്പെട്ടതായും പറഞ്ഞാണ് മലിനീകരണ നിവാരണ പദ്ധതി എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്. നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി അപ്രായോഗികമാണെന്ന് പറഞ്ഞതിന്റെ പേരിൽ തനിക്ക് ജോലിയിൽ നിന്നും പിരിഞ്ഞു പോകേണ്ട അവസ്ഥ വന്നതായും അദ്ദേഹം പറയുന്നു. പദ്ധതി നടപ്പാക്കരുതെന്ന ലോകായുക്ത വിധി 2001ൽ താൻ നേടിയതാണെന്നും എന്നാൽ ഹൈക്കോടതിയെ സ്വാധീനിച്ച് 2003ൽ വീണ്ടും പദ്ധതി കമ്പനിയുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാക്കരുതെന്നാവിശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചപ്പോൾ ഇടത് വലത് ട്രേഡ് യൂണിയൻ നേതാക്കൾ നേരിട്ട് 2004ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്ന ആവശ്യപ്പെടുകയും തുടർന്ന അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഉത്തരവിൽ അഴിമതിയുണ്ടെന്നാരോപിച്ച് അന്നതെ പ്രതിപക്ഷ നേതാവ് വി എസ് വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വി എസ് മുഖ്യ മന്ത്രിയായ ശേഷം താൻ പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ച് 10 വർഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രവും സമർപ്പിച്ചിട്ടില്ല. വി എസ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് പദ്ധതി നടപ്പിലാക്കുന്നതിനായി കെമോട്ടോ ഇക്കോ പ്ലാനിങ് എന്ന കമ്പനി യന്ത്ര സാമഗിരികളും മറ്റും ഇറക്കുമതിചെയ്തത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഴിമതി ആരോപണം ഉന്നയിച്ച വി എസ് മുഖ്യനായ ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ വേഗത്തിലാക്കത്തതെന്നും സെബാസ്റ്റ്യൻ ജോർജ് ചോദിക്കുന്നു.

മുഖ്യമന്ത്രിക്ക് സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയുടെ പൂർണ്ണരൂപം

സെബാസ്റ്റ്യൻ ജോർജ് 6.6.2016
കുടക്കച്ചിറ , ജിമ്മി ജോർജ് നഗർ
പേരാവൂർ, കണ്ണൂർ 670673
ഇ മെയിൽ : sebastiangeorge2@gmail.com
മൊബൈൽ:9945241604

ശ്രീ .പിണറായി വിജയൻ
ബഹു : മുഖ്യമന്ത്രി
കേരള സംസ്ഥാനം

സർ,

വിഷയം:ടൈറ്റാനിയം അഴിമതി : കോടികളുടെ നഷ്ടത്തിന് ഉത്തരവാദി ആയ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എം .എൽ .എ .യും ആയ ശ്രീ വി. എസ്. അച്യുതാനന്ദനെ പ്രോസിക്യുട്ട് ചെയ്യുവാൻ അനുവാദം ചോദിച്ചുകൊണ്ടും , ടൈറ്റാനിയം ഇടപാടികൾ കോടികൾ വിഴുങ്ങി എന്ന് സി. പി. എമ്മിന്റെ നേതാക്കന്മാർ ആരോപണം ഉന്നയിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥന U/s 197 of Cr. PC , U/s 19 of PC Act 1988
1988 ലെ അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷാർഹമായ കുറ്റം

തിരുവനന്തപുരത്തുള്ള ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു ഉണ്ടായ അഴിമതിയിൽ 200 കോടിയിൽ പരം രൂപയുടെ തെറ്റായ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് . 1500 പേർക്ക് തൊഴിൽ നൽകിയിരുന്ന , അര നൂറ്റാണ്ടു കാലം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പൊതു മേഖലാ സ്ഥാപനം തകർന്നു.
22 വർഷം ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു ഞാൻ .ലോകായുക്തിലും , ഹൈക്കോടതിയിലും , വിജിലൻസ് കോടതിയിലുമായി കഴിഞ്ഞ 15 വർഷമായി ഈ അഴിമതിക്കെതിരെ പോരാടുന്നു. ഈ അഴിമതിയെ എതിർത്തതിന്റെ പേരിൽ 17 കൊല്ലം സർവീസ് ബാക്കി ഉണ്ടായിരുന്ന ഞാൻ , 2002 നവംബറിൽ വോളന്ററി റിട്ടയർമെന്റും വാങ്ങി ജോലിയിൽ നിന്നും പിരിയേണ്ടി വന്നു.
6.6.2006 ൽ മുഖ്യമന്ത്രി വി എസ് .അച്യുതാനന്ദന് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ( VE/SIU/30/06) അന്വേഷണം ആരംഭിച്ചിട്ട് പത്തു വർഷം ആയെങ്കിലും കുറ്റ പത്രം ഇല്ല . എല്ലാ തെളിവുകളും നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കുവാൻ സർക്കാരും, കോടതികളും തയ്യാറാകുന്നില്ല . ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു അപേക്ഷ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുൻപാകെ സമർപ്പിക്കുവാൻ നിർബന്ധിതമായി തീർന്നത്.
രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കന്മാരും , ഉദ്യോഗസ്ഥന്മാരും , ജഡ്ജിമാരും , വക്കീലന്മാരും ഉൾപെട്ട ഒരു വൻ റാക്കറ്റ് ആണ് ടൈറ്റാനിയം അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചത്. അഴിമതിക്ക് പിന്നിൽ ആരായാലും അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം. അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം. ഇതാണ് എന്റെ നിലപാട് . അഴിമതി തുടച്ചു നീക്കുമെന്ന് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൈറ്റാനിയം അഴിമതി: തെറ്റായ നഷ്ടത്തിന്റെ ( wrongful loss) കണക്കുകൾ

15.3.2001 ൽ ലോകായുക്തിൽ നിന്നും സ്റ്റേ മേടിച്ചു കമ്പനിയുടെ തലയിൽ നിന്നും ഞാൻ ഒഴിവാക്കി കൊടുത്ത അപ്രായോഗികമായ പദ്ധതി , അധികാര കേന്ദ്രങ്ങളെ സ്വാധീനിച്ചു ടിടിപി തലയിൽ മേടിച്ചു കെട്ടി . മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു ടൈറ്റാനിയം കമ്പനി വരുത്തി വച്ച 200 കോടിയിൽ പരം രൂപയുടെ തെറ്റായ നഷ്ടത്തിന്റെ ( wrongful loss) കണക്കുകൾ ഇപ്രകാരമാണ് .
1. മലിനീകരണ നിവാരണ പദ്ധതികൾക്കുവേണ്ടി ഇതുവരെ ചിലവഴിച്ച തുക 110 കോടി യിൽ പരം രൂപ ഇതിൽ യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്ത വകയിൽ വിദേശ കമ്പനിക്ക് നൽകിയ 62 കോടി രൂപ , ന്യൂട്രലയിസേഷൻ പ്ലാന്റിന് വേണ്ടി ചിലവഴിച്ച 35 കോടി രൂപ, കോപ്പരാസ് റിക്കവറി പ്ലാന്റിന്റെ സിവിൽ വർക്കുകൾ 7 കോടി രൂപ , മെക്കോൺ എന്ന കണ്‌സൽട്ടൻസി സ്ഥാപനത്തിന് നൽകിയ 5 കോടി 50 ലക്ഷം രൂപ , കസ്റ്റംസ് ഡ്യൂട്ടി 3 കോടിയിൽ പരം രൂപ , വിദേശ കമ്പനിക്ക് നൽകിയ അഡ്വാൻസ് ഇനത്തിൽ തിരിച്ചു കിട്ടാത്ത 2 കോടി 55 ലക്ഷം രൂപ ,വക്കീലന്മാരുടെ ഫീസ് ഇനത്തിൽ 40 ലക്ഷം രൂപ, കൊച്ചി തുറമുഖത്തു ഡെമറെജ് ആയി നൽകിയ 35 ലക്ഷം രൂപ എന്നിവ ഉൾപ്പെടുന്നു.

2. അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതിക്ക് വേണ്ടി യൂണിയൻ ബാങ്കിൽ നിന്നും ടിടിപി 45 കോടി രൂപ വായ്പ എടുത്തിരുന്നു . അതിനു പലിശ ഇനത്തിൽ അടയ്‌ക്കേണ്ടത് 32 കോടി രൂപ (പലിശ ഇനത്തിൽ 25 കോടി രൂപ ഇതിനകം അടച്ചു കഴിഞ്ഞു )

3. മലിനീകരണ നിവാരണ പദ്ധതിക്ക് വേണ്ടി യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്തപ്പോൾ തെറ്റായ വിവരങ്ങൾ നൽകി 17 കോടി 32 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ ഇളവു നേടിയിരുന്നു . പദ്ധതി ഉപേക്ഷിച്ചതുമൂലം , 15 % പലിശയടക്കം 40 കോടി രൂപ ടിടിപി അടയ്ക്കുവാനുണ്ട് . ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ജപ്തി നടപടികൾ നീട്ടിക്കൊണ്ടു പോകുന്നത്

4. വി .എസ് .മുഖ്യ മന്ത്രി ആയിരുന്നപ്പോൾ ഖജനാവിൽ നിന്ന് 12 കോടിയും , കെ എം എം എൽ ൽ നിന്ന് 10 കോടിയും ടിടിപിക്ക് വായ്പയായി നൽകി .14.5 % പലിശക്കാണ് നൽകിയത് . പിഴ പലിശ 2.5%. പലിശയിനത്തിൽ മാത്രം ടിടിപി നൽകേണ്ടത് 20 കോടിയിൽ പരം രൂപ . പത്തു പൈസ തിരിച്ചടച്ചതായി അറിവില്ല

അഴിമതിയുടെ മറ്റു നഷ്ടങ്ങൾ
5. നടപ്പിലാക്കാതെ ഉപേക്ഷിച്ച മലിനീകരണ നിവാരണ പദ്ധതികൾ മൂലം ടി ടി പി ഇനിയും അടച്ചു തീർക്കേണ്ട ബാധ്യത 100 കോടിയിൽ പരം . ദിവസം മൂന്ന് ലക്ഷത്തിലധികം രൂപ എന്ന നിലയിൽ ബാധ്യത വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

6. 15 വർഷം മുൻപ് 1500 ൽ അധികം പേർ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഇപ്പോൾ ഉള്ളത് 750 പേർ. 800 പേരുടെ തൊഴിൽ അവസരം ഈ അഴിമതി മൂലം നഷ്ടമായി . ജീവനക്കാരുടെ ശമ്പള ഇനത്തിൽ 30 കോടിയുടെ കുറവ് ഉണ്ടായിട്ടും , ദൈനം ദിന ചെലവ്ക്ക് പണം ഇല്ലാതെ കമ്പനി വിഷമിക്കുന്നു . ജീവനക്കാരുടെ പ്രോവിഡന്റ്‌റ് ഫണ്ട് അടയ്ക്കുവാൻ വരെ ബുദ്ധിമുട്ടുന്നു.

7. 15 വർഷം മുൻപ് സെയിൽ ടാക്‌സ് , സർവീസ് ചാർജ്, ഡിവിഡന്റ്‌റ് ഇനത്തിലുമായി 25 കോടിയിൽ പരം രൂപ ടിടിപി യിൽ നിന്നും കേരള സർക്കാരിന് ലഭിച്ചിരുന്നു . ഈ അഴിമതി മൂലം അതൊക്കെ നഷ്ടമായി

8. ടൈറ്റാനിയത്തിലെ പാവപ്പെട്ട തൊഴിലാളികൾ കഷ്ടപ്പെട്ട് 1951 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കമ്പനിക്ക് നേടിക്കൊടുത്ത ലാഭം / കരുതൽ ധനം ആയ 57 കോടി രൂപ ഈ അഴിമതിയിൽ ഒലിച്ചു പോയി . ചോദിക്കുവാൻ ആരും ഇല്ല .

9. ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും നഷ്ടമായി . പലരും 2 വർഷം മുൻപേ ജോലിയിൽ നിന്നും പിരിയേണ്ടി വന്നു . ഇതുമൂലം അവർക്ക് ലക്ഷങ്ങളുടെ നഷ്ടം.

10. കരാർ ഫലത്തിൽ വരുന്നതിനു മുൻപ് വിദേശ കമ്പനിക്ക് അഡ്വാൻസ് നൽകിയതുമൂലം ഉണ്ടായ നഷ്ടം 36 ലക്ഷം

11. പ്രവർത്തന മൂല ധനം ഇല്ലാത്തത് മൂലം ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കേണ്ടി വന്നു . 18000 mteric ton ൽ കൂടുതൽ ഉൽപ്പാദനം എടുത്തിട്ടുള്ള ടിടിപി യുടെ ഇപ്പോഴത്തെ ഉൽപ്പാദനം 11000 ton മാത്രം . ഉൽപ്പാദന ചെലവിലും വൻ വർദ്ധനവ് ഉണ്ടായി . ഉൽപ്പന്നത്തിനു വില കുറച്ചു കൊണ്ട് മറ്റു കമ്പനികളുമായി / വിദേശത്ത് നിന്നുമുള്ള ഇറക്കുമതിയുമായി മത്സരിക്കുവാൻ പറ്റാത്ത അവസ്ഥ . എല്ലാം ഈ അഴിമതി മൂലം..

12. 15 വർഷം മുൻപ് തദ്ദേശ വാസികളായ 300 ൽ അധികം പേർ ടിടിപി യിൽ ജോലി ചെയ്തിരുന്നു . അവരുടെ തൊഴിൽ അവസരം ഈ അഴിമതി മൂലം നഷ്ടമായി .

ശ്രീ വി .എസ് .അച്യുതാനന്ദന് എതിരെ ഉള്ള കുറ്റ പത്രം

ശ്രീ ഇ.കെ . നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ആസിഡ് റിക്കവറി പ്ലാന്റും , കോപ്പരാസ് റിക്കവറി പ്ലാന്റും , ന്യുട്രലയിസേഷൻ പ്ലാന്റും ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണ പദ്ധതി എന്ന പേരിൽ കൊണ്ട് വരുന്നത് . 100/108 കോടിയുടെ പദ്ധതി അംഗീകരിച്ചു കൊണ്ട് 25.11.2000 ത്തിലും 20.1.2001 ലും സർക്കാർ ഇറക്കിയ ഉത്തരവ് എന്റെ കൈവശം ഉണ്ട്. വിജിലൻസിന്റെ മുൻപിലും, കോടതിയിലും നൽകിയിട്ടുണ്ട്. കോടികളുടെ അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ അപ്രായോഗികമായ ഈ പദ്ധതിക്കെതിരെ ആണ് 15.3.2001 ൽ ലോകായുക്തിൽ നിന്നും ഞാൻ സ്റ്റേ വാങ്ങിക്കുന്നത് . (complaint no 544/2000)

1. 31.8.2005 ൽ ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണ പദ്ധതി അഴിമതി യാണെന്നും , വിജിലൻസ് അന്വേഷണം വേണം എന്നും പറഞ്ഞ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ .വി എസ്. അച്യുതാനന്ദൻ ഇക്കാര്യത്തിൽ സർക്കാരിനോ, വിജിലന്‌സിനോ പരാതി ഒന്നും നല്കിയില്ല . ഇത് തടയുവാൻ നടപടി ഒന്നും സ്വീകരിച്ചില്ല . കുറ്റകരമായ അനാസ്ഥ ...

2. ശ്രീ .വി. എസ് . അച്യുതാനന്ദൻ ഈ അഴിമതിയുടെ കാര്യം സി പി എം പോളിറ്റ് ബ്യുറോ യെയും , കേന്ദ്ര കമ്മിറ്റി യെയും , സംസ്ഥാന കമ്മിറ്റി യെയും, പാർട്ടി സെക്രട്ടറി സഖാവ് പിണറായി വിജയനെയും അറിയിക്കുവാൻ തയ്യാറായില്ല . സഖാവ് പിണറായി വിജയൻ അറിഞ്ഞിരുന്നുവെങ്കിൽ നിഷ്പ്രയാസം തടയുവാൻ കഴിയുമായിരുന്ന അഴിമതിയെ ടൈറ്റാനിയത്തിൽ നടന്നിട്ടുള്ളൂ .. കുറ്റകരമായ അനാസ്ഥ...

3. എൽ. ഡി. എഫ്. സർക്കാർ അധികാരത്തിൽ വരുന്നത് 18.5.2006 ൽ. 30.5.2006 ൽ വ്യവസായ മന്ത്രി എളമരം കരീം സെക്രട്ടറിയെറ്റിൽ മീറ്റിങ് വിളിച്ചു കൂട്ടി പദ്ധതിയുമായി മുൻപോട്ടു പോകുവാൻ കമ്പനിയിലെ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകിയത് മുഖ്യ മന്ത്രി ആയിരുന്ന ശ്രീ. വി .എസ് അച്യുതാനന്ദന്റെ അറിവോടെ ആയിരുന്നു എന്ന് കരുതാവുന്നതാണ് . അന്ന് തന്നെ വിദേശ കമ്പനിക്ക് 3 കോടി 47 ലക്ഷം രൂപ യൂണിയൻ ബാങ്കിന്റെ കഴക്കൂട്ടം ശാഖ യിൽ നിന്നും നൽകുകയും ചെയ്തു . പദ്ധതി അഴിമതി ആണെന്ന് അറിയാമായിരുന്ന വി .എസ് .അത് തടയുവാൻ ഒന്നും ചെയ്തില്ല . കുറ്റകരമായ അനാസ്ഥ..

4. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഞാൻ മുഖ്യ മന്ത്രി ശ്രീ. വി എസ് അച്യുതാനന്ദന് പരാതി നൽകുന്നത് 6.6.2006 ൽ. 22 രേഖകളും കൂടെ നൽകിയിരുന്നു .എന്റെ പരാതി ലഭിച്ചപ്പോൾ തന്നെ ഡോ. എ.ഡി. ദാമോദരന്റെ ഉപദേശം സർക്കാർ തേടണമായിരുന്നു . ദാമോദരൻ കമ്മിറ്റി ശുപാർശ ചെയ്ത പദ്ധതി നടപ്പിലാക്കുവാൻ ശ്രമിച്ചു എന്നാണ് രാഷ്ട്രീയക്കാരുടെ വാദം. ഡോ. എ .ഡി ദാമോദരൻ വിജിലൻസിന് മുൻപാകെ നൽകിയ മൊഴി പ്രസക്തമാണ്.1997 ൽ റിപ്പോർട്ട് നൽകിയ ശേഷം സർക്കാരോ, കമ്പനി മാനേജുമെന്റോ ഒരിക്കൽ പോലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല . സഖാവ് ഇ .എം എസ് ന്റെ മരുമകനെ കോടികളുടെ അഴിമതിക്ക് വേണ്ടി കരുവാക്കുകയാണ് ചെയ്തത് . ഗുരുതരമായ /കുറ്റകരമായ അനാസ്ഥ .

5. ശ്രീ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് യൂണിയൻ ബാങ്കിൽ നിന്നും ടൈറ്റാനിയം കമ്പനി 45 കോടി രൂപ മലിനീകരണ നിവാരണ പദ്ധതികൾക്ക് വേണ്ടി വായ്പ എടുക്കുന്നത് . അതിനു പലിശ ഇനത്തിൽ അടയ്‌ക്കേണ്ടി വരുന്നത് 32 കോടി രൂപ .( 25 കോടിയിൽ കൂടുതൽ ഇതിനകം അടച്ചു കഴിഞ്ഞു ) വായ്പ എടുത്തു ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ മുഴുവൻ തുരുമ്പെടുത്തു നശിച്ചു . ഇത് അഴിമതി ആണെന്ന് അറിയാമായിരുന്ന മുഖ്യമന്ത്രി വി എസ് ഈ നഷ്ടം തടയുവാൻ ഒന്നും ചെയ്തില്ല . കുറ്റകരമായ അനാസ്ഥ...

6. ശ്രീ. വി .എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് വിദേശത്ത് നിന്നും യന്ത്ര സാമഗ്രികൾ കൊച്ചിയിൽ വരുന്നത് . ( 2007 ജൂൺ മുതൽ 2008 മാർച്ച് വരെയുള്ള കാല ഘട്ടത്തിൽ ). കസ്റ്റംസ് ഡ്യൂട്ടി അടക്കം 100 കോടിയുടെ വിലയുള്ള യന്ത്രങ്ങൾ തുരുമ്പെടുത്തു നശിച്ചു. എന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് പദ്ധതിക്ക് 2003 ഒക്ടോബറിൽ അനുവാദം നൽകിയത് ഹൈക്കോടതി ആയിരുന്നു . 18.5.2006 ൽ അധികാരത്തിൽ വന്ന ഉടൻ ഇത് അഴിമതി ആണെന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു സർക്കാരും, കമ്പനിയും ചെയ്യേണ്ടിയിരുന്നത് .ഇത് അഴിമതി ആണെന്ന് കാണിച്ചു 2001 മുതൽ 2009 വരെ ഹൈക്കോടതിയിൽ 7 സത്യവാങ്ങ് മൂലങ്ങൾ നൽകിയ എന്നെ പുഛത്തോടെയാണ് ജഡ്ജിമാർ കണ്ടത് . കസ്റ്റംസ് ഡ്യൂട്ടിയും പലിശയുമായി 40 കോടിയിൽ പരം രൂപ കമ്പനി ഇനിയും അടയ്‌ക്കെണ്ടതായിട്ടാണ് ഉള്ളത്. ഗുരുതരമായ /കുറ്റകരമായ അനാസ്ഥ …

7. വെട്ടിക്കുവാനുള്ള കോടികൾ ഒക്കെ വെട്ടിച്ചു കഴിഞ്ഞ ശേഷമാണ് 2008 മെയ് മാസത്തിൽ ഒരു വിദഗ്ദ സമിതിയെ സർക്കാർ നിയമിക്കുന്നത് . 2008 മാർച്ച് വരെ 87 കോടി രൂപയാണ് കമ്പനി പാഴാക്കിയത് . പദ്ധതിക്കെതിരെ ഉള്ള എന്റെ എതിർപ്പുകൾ പരിശോധിക്കുവാൻ വിദഗ്ദ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടില്ല . പദ്ധതി ഒരിക്കലും നടപ്പിലാക്കുവാൻ പറ്റാത്തതാണെന്നും, നടപ്പിലാക്കിയാൽ വാർഷിക നഷ്ടം 70 കോടി ആയിരിക്കും എന്നായിരുന്നു സമിതിയുടെ റിപ്പോർട്ട് . 20002001 കാലഘട്ടത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയതും ഇത് തന്നെ ആയിരുന്നു പദ്ധതി അപ്രായോഗികം .. കമ്പനിയുടെ നാശത്തിനു ഇടയാക്കും ….തൊഴിലാളികളെയും , കമ്പനി യെയും രക്ഷിക്കുവാൻ ആണെന്നും പറഞ്ഞു വി .എസ്. അച്യുതാനന്ദൻ ഇടപെട്ടു ഖജനാവിൽ നിന്നും 12 കോടിയും, കെ എം എം എൽ ൽ നിന്നും 10 കോടിയും നല്കി. ഈ 22 കോടിയും അഴിമതിക്ക് വേണ്ടി പാഴാക്കി . 14.5 % പലിശക്കാണ് നൽകിയത് .2.5 % പിഴ പലിശയും . പത്തു പൈസ പോലും കമ്പനി തിരിച്ചടച്ചിട്ടില്ല . പലിശ അടക്കം 40 കോടിയിൽ പരം രൂപ കമ്പനി തിരിച്ചു അടക്കെണ്ടതുണ്ട്. എളമരം കരീം മന്ത്രി ആയ ശേഷം ടൈറ്റാനിയം കമ്പനിക്ക് ബാലൻസ് ഷീറ്റ് ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്നോ, പദ്ധതി നടപ്പിലാക്കുവാൻ കമ്പനിയോട് ആവശ്യപ്പെട്ടത് ആരാണെന്നോ , പദ്ധതി പ്രായോഗികമാണോ എന്നൊന്നും ആരും ചോദിച്ചില്ല /അന്വേഷിച്ചില്ല . കുറ്റകരമായ അനാസ്ഥ ...

8. എന്റെ പരാതിയിൽ 6.10.2006 ലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.( VE/SIU/30/06) എന്നാൽ അതെ ദിവസം തന്നെ എളമരം കരീം പദ്ധതിക്ക് കല്ലിട്ടത് മുഖ്യ മന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദന്റെ അറിവോടെ ആയിരുന്നു എന്നതിൽ സംശയം ഇല്ല . അഴിമതി /പൊതു മുതൽ നഷ്ടം തടയുവാൻ ഒരു നടപടിയും വി എസ് സ്വീകരിച്ചില്ല . കുറ്റകരമായ അനാസ്ഥ…

9. ശ്രീ .വി .എസ് . അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ടൈറ്റാനിയം കേസിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു . 2009, 2010 വർഷങ്ങളിൽ ഈ കേസിൽ ആരെയും ചോദ്യം ചെയ്തിട്ടില്ല . 250 കോടി വിഴുങ്ങി എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ 5 കൊല്ലം ഭരിച്ചിട്ടും എന്തുകൊണ്ട് ചോദ്യം ചെയ്തില്ല, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല , 5 വർഷം ഭരിച്ചിട്ടും അഴിമതി ആണെന്ന് കാണിച്ചു വിജിലൻസ് കോടതിയ്ൽ എഫ് ഐ ആർ നൽകാതിരുന്നത് എന്തുകൊണ്ട്, (CMP 845/06) അഴിമതി ആണെന്ന കാര്യം ഹൈക്കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ എന്റെ ചോദ്യത്തിന് വി എസ് ഉം സി പി എമ്മിന്റെ നേതാക്കന്മാരും കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട് . അഴിമതിക്കാരെ സംരക്ഷിക്കുന്നത് കുറ്റകരം . വി എസ് ഉം , കോടിയേരിയും നടത്തിയത് അധികാര ദു:ർവിനിയോഗം..

സി പി എമ്മിന്റെ ഒരു നേതാവ് പോലും ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന് മുൻപിലും , കോടതിയിലും തെളിവുകൾ നൽകാതിരുന്നത് എന്തുകൊണ്ടാണ് ? വിജിലൻസിന് മുൻപിൽ ഹാജരായ ഏക സി പി എം നേതാവ് എളമരം കരീം . കരീം 19.1.2013 ലും, 14.2.2013 ലും നൽകിയ മൊഴിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും ഇല്ല . പദ്ധതി അത്യാവശ്യം ആയിരുന്നു എന്നാണ് കരീമിന്റെ മൊഴി . അഴിമതി തെളിയിക്കുവാൻ വിജിലൻസ് വകുപ്പിന് കഴിഞ്ഞില്ലെന്നും കരീമിന്റെ മൊഴിയിൽ ഉണ്ട് . അഴിമതി നടത്തി എന്ന് സി. പി .എം പറയുന്ന ഉമ്മൻ ചാണ്ടിയെ രക്ഷിക്കുവാൻ കരീം ഇത്തരത്തിൽ മൊഴി നൽകിയത് ശ്രീ.വി എസ്.അച്യുതാനന്ദന്റെ അറിവോടെയാണ് . 200 കോടി തുലച്ച ടൈറ്റാനിയം അഴിമതി തടയുന്നതിൽ കുറ്റകരമായ അനാസ്ഥ കാട്ടിയ , 22 കോടിയുടെ പൊതുമുതൽ വീണ്ടും ഈ അഴിമതിക്ക് വേണ്ടി പാഴാക്കിയ , അഴിമതിക്കാരെ സംരക്ഷിക്കുവാൻ വിജിലൻസ് അന്വേഷണം അട്ടിമറിക്കുവാൻ കൂട്ട് നിന്ന വി എസ് അച്യുതാനന്ദൻ ഈ കേസിലെ പ്രതി ആണ്, അദ്ദേഹത്തെ ചോദ്യം ചെയ്യണം .എന്റെ ആരോപണം /കുറ്റ പത്രം തെളിയിക്കുവാനുള്ള രേഖകളും ഇതോടൊപ്പം സമർപ്പിക്കുന്നു. ഞാൻ വിജിലൻസിന് മുൻപാകെ നൽകിയിട്ടുള്ള രേഖകളും , കോടതികളിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീ. ഉമ്മൻ ചാണ്ടിക്ക് ടൈറ്റാനിയം അഴിമതിയിൽ പങ്കുണ്ടെങ്കിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം

ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ശ്രീ .ഉമ്മൻ ചാണ്ടിക്കെതിരെ ഞാൻ കേസ് ഒന്നും കൊടുത്തിട്ടില്ല . ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല . സി .പി .എമ്മിന്റെ നേതാക്കന്മാരും , രാമചന്ദ്രൻ മാസ്റ്ററുമാണ് ആരോപണങ്ങൾ ഉന്നയിച്ചത് . ശ്രീ. ഉമ്മൻ ചാണ്ടി ടൈറ്റാനിയം കേസിൽ ഒന്നാം പ്രതി ആകേണ്ട ആളാണെന്നും , ഈ അഴിമതിയിൽ അദ്ദേഹത്തിനുള്ള പങ്കു തെളിയിക്കപ്പെടുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ് . ആരോപണങ്ങൾ ഉന്നയിച്ചവർക്ക് അത് തെളിയിക്കുവാനുള്ള ഉത്തരവാദിത്വവും ഉണ്ട്.

ശ്രീ ഇ.കെ . നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്തുകൊണ്ടുവന്ന അപ്രായോഗികമായ 108 കോടിയുടെ മലിനീകരണ നിവാരണ പദ്ധതിക്കെതിരെ 15.3.2001 ൽ ലോകായുക്തിൽ നിന്നും ഞാൻ സ്റ്റേ മേടിച്ചിരുന്നു . സി .പി .എം നേതാവും , ഇപ്പോൾ മന്ത്രിയും ആയ കടകംപള്ളി സുരേന്ദ്രൻ അംഗമായ ടൈറ്റാനിയം ഡയരക്ടർ ബോർഡ് ആണ് 23.3.2001 ൽ ഹൈക്കോടതിയിൽ നിന്നും ലോകായുക്തിന്റെ വിധിക്കെതിരെ സ്റ്റേ മേടിക്കുന്നതും, അപ്രായോഗികമായ ഈ പദ്ധതി കമ്പനിയുടെ തലയിൽ കെട്ടിവെക്കുവാൻ ഇടയാക്കിയതും . പിന്നീട് ശ്രീ .എ .കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് എന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് 2003 ഒക്ടോബറിൽ പദ്ധതി നടപ്പിലാക്കുവാൻ ഹൈക്കോടതി അനുവാദം നൽകിയത്. അതുകൊണ്ട് 2005 ൽ അഴിമതിക്ക് വേണ്ടി ശ്രീ .ഉമ്മൻ ചാണ്ടി കൊണ്ട് വന്നതാണ് ഈ പദ്ധതി എന്ന ആരോപണം ശരിയല്ല . 2005 ൽ മുഖ്യമന്ത്രി സുപ്രീം കോടതി മോനിട്ടരിങ് കമ്മിറ്റി ചെയർമാന് അയച്ച കത്ത് അഴിമതിയുടെ തെളിവായി കാണുവാൻ കഴിയുകയില്ല . ഹൈക്കോടതി അനുവാദം നൽകിയ ഒരു പദ്ധതി നടപ്പിലാക്കുവാൻ സാവകാശം വേണമെന്നും , കമ്പനിക്കെതിരെ കടുത്ത നടപടികൾ എടുക്കരുതെന്നും ആണ് പ്രസ്തുത കത്തിൽ ഉള്ളത് . എന്നാൽ സുപ്രീം കോടതി മോനിട്ടരിങ് കമ്മിറ്റി ഇപ്പോൾ എവിടെ ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പണം മേടിച്ചതായി എന്തെങ്കിലും തെളിവുണ്ടെങ്കിൽ രാമചന്ദ്രൻ മാസ്റ്റർ അത് വിജിലൻസിന് മുൻപിലും, കോടതിയിലും ഹാജരാക്കണം

യഥാർത്ഥത്തിൽ 256 കോടിയുടെ ഒരു പദ്ധതിയും ഇല്ല . നായനാർ സർക്കാരിന്റെ കാലത്തുകൊണ്ട് വന്ന 108 കോടിയുടെ അതെ മൂന്ന് പദ്ധതികൾക്ക് മാത്രമേ ടി.ടി.പി 2006 ൽ കരാർ നൽകിയിട്ടുള്ളു.. അത് നടപ്പിലാക്കുവാൻ ശ്രമിച്ചതുമൂലം ഉണ്ടായ നഷ്ടം 200 കോടി. ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുവാൻ ആസിഡ് റിക്കവറി പ്ലാന്റും , കോപ്പരാസ് റിക്കവറി പ്ലാന്റും , ന്യുട്രലയിസേഷൻ പ്ലാന്റും സ്ഥാപിക്കണമെന്ന് കമ്പനിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. ഇത് നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടും എന്നും ആരും പറഞ്ഞിട്ടില്ല . കോടികളുടെ അഴിമതിക്ക് വേണ്ടി ഇത് നടപ്പിലാക്കുവാൻ ആനുവാദം നൽകണമെന്ന് ഹൈക്കോടതിയോട് അങ്ങോട്ട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. പദ്ധതി പൂർത്തീകരിക്കുവാൻ ഹൈക്കോടതി അനുവദിച്ച സമയം 1.7.2010 ൽ അവസാനിച്ചു . വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത 100 കോടിയുടെ യന്ത്ര സാമഗ്രികൾ കഴിഞ്ഞ 8 വർഷമായി തുരുമ്പെടുത്തു നശിക്കുന്നു. 1951 ൽ എങ്ങിനെയാണോ കമ്പനിയിലെ മലിന ജലം പുറത്തേക്കു ഒഴുകിയിരുന്നത് അതുപോലെ തന്നെ 2016 ലും ഒഴുകുന്നു. ഒരു മലിനീകരണ നിവാരണ പദ്ധതിയും നടപ്പിലാക്കിയിട്ടില്ല . മലിനീകരണത്തെക്കുറിച്ച് ഇപ്പോൾ ആർക്കും പരാതിയില്ല . ആരും സമരങ്ങൾ നടത്തുന്നില്ല .കമ്പനി പൂട്ടുവാനും ആരും നിർദ്ദേശിക്കുന്നില്ല . 200 കോടി രൂപ തുലച്ചത് മിച്ചം.

യു. ഡി .എഫ് അധികാരത്തിൽ ഇരുന്ന സമയത്താണ് 10. 2 .2006 ൽ ടൈറ്റാനിയം കമ്പനി വിദേശ കമ്പനിക്ക് കരാർ നൽകുന്നത്. 8.5.2006 ൽ 3 കോടി 38 ലക്ഷം രൂപ യൂണിയൻ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിൽ നിന്നും അഡ്വാൻസ് നൽകി. ബാക്കി കോടികൾ ശ്രീ വി .എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് നഷ്ടമായത് . വി .എസ് . അച്യുതാനന്ദൻ മുഖ്യമന്ത്രിയും ,കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയും , എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയും , തോമസ് ഐസ്സക് ധനകാര്യ മന്ത്രിയും , പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും , സി ഐ. ടി. യു. വിന്റെ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ടൈറ്റാനിയത്തിലെ ഓഫീസേർസ് അസോസ്സിയേഷൻ പ്രസിഡന്റും , കടകംപള്ളി സുരേന്ദ്രൻ ടൈറ്റാനിയത്തിലെ സി ഐ. ടി. യു യൂണിയന്റെ പ്രസിഡന്റും ആയിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി ടൈറ്റാനിയത്തിന്റെ കോടികൾ വിഴുങ്ങിയത് എങ്ങിനെ എന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കുവാൻ ബഹു . മുഖ്യമന്ത്രിയും , സി പി എമ്മിന്റെ നേതാക്കന്മാരും തയ്യാറാവണം .

അഴിമതി തടയുവാനും , കോടികളുടെ പൊതുമുതൽ സംരക്ഷിക്കുവാനും ശ്രമിച്ചതിന്റെ പേരിൽ ജീവിതത്തിന്റെ 15 വർഷം എനിക്ക് നഷ്ടമായി . ജോലി ഉപേക്ഷിച്ചു പോകേണ്ടി വന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടം. കേസിനു വേണ്ടി കഴിഞ്ഞ 15 വർഷം ചിലവഴിച്ചത് ആയിരങ്ങൾ. സഹിക്കേണ്ടി വന്ന ആക്ഷേപങ്ങളും, മാനസിക പീഡനവും വേറെ. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതോടൊപ്പം എനിക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാനും സർക്കാർ തയ്യാറാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിച്ചു കൊള്ളുന്നു. പൊതുമുതൽ സംരക്ഷിക്കുവാൻ മുൻപോട്ടു വരുന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കുവാൻ കഴിയുന്നില്ലെങ്കിൽ, അഴിമതി തുടച്ചു നീക്കുവാൻ കഴിയുകയില്ലെന്നുള്ള സത്യവും ബഹുമാനപൂർവ്വം അറിയിച്ചു കൊള്ളുന്നു.

സെബാസ്റ്റ്യൻ ജോർജ്
കോപ്പി : വിവിധ മന്ത്രിമാർ, വിജിലൻസ് ഡയരക്ടർ ,രാഷ്ട്രീയ കക്ഷി നേതാക്കന്മാർ