ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ നേതൃതത്തിൽ മിനയിൽ ഹജ്ജ് വോളന്റിയറായി സേവനമനുഷ്ഠിക്കുന്ന തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി എം ഡബ്ല്യൂ എ) അംഗങ്ങൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.   ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ ചെമ്പൻ അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം ഡബ്ല്യൂ  എ പ്രസിഡന്റ് അബ്ദുൽ കരീം കെ എം അധ്യക്ഷത വഹിച്ചു.
ജിദ്ദയിലെ പ്രവാസികൾക്ക് ചെയ്യാവുന്ന പുണ്യകരമായ കർമമാണ് ഹജ്ജ് തീർത്ഥാടകർക്ക്  നല്കുന്ന സേവനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ജിദ്ദ ഹജ്ജ് വൈഫെയർ ഫോറം വർഷങ്ങൾക്ക് മുൻപ് തുടക്കമിട്ട വോളന്റിയർ പ്രവർത്തങ്ങൾ മാതൃകയാക്കി ഇതരരാജ്യക്കാരും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് നമ്മുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിലെ മുഖ്യധാര സംഘാടനകൾ സ്വന്തമായി വോളന്റിയർ ഗ്രൂപ്പ് തുടങ്ങിയത് അഭിനന്ദനീയവും ഹാജിമാർക്ക് കൂടുതൽ സേവനം ലഭിക്കുന്നതാണെങ്കിലും അത് ഫോറത്തിന് ക്ഷീണമുണ്ടായിട്ടുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. ആ കുറവ് പരിഹരിക്കാൻ ടി എം ഡബ്ല്യൂ  എ പോലുള്ള വിവിധ പ്രാദേശിക മഹൽ കൂട്ടായ്മകൾ മുമ്പോട്ടു വരണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ദിക്കും ദിശയുമറിയാതെ പ്രയാസപ്പെടുന്ന ഹാജിമാരെ സ്വന്തം ടെന്റുകളിൽ എത്തിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷക്കണ്ണീർ നാളെ നമ്മുടെ പാരത്രികലോകത്ത് മുതൽകൂട്ടാവുമെന്ന് സിജി പ്രതിനിധി സാജിദ് പാറക്കൽ ഓർമപ്പെടുത്തി.  വി. പി. സലിം, സഫീൽ ബക്കർ എന്നിവർ തങ്ങളുടെ സേവന അനുഭവങ്ങൾ ക്യാമ്പ് അംഗങ്ങളുമായി പങ്കുവച്ചു.

സയീദ് ഫഹദ് ഖിരാത്ത് അവതരിപ്പിച്ചു.  ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ജനറൽ കൺവീനർ സഹൽ തങ്ങൾ ആശംസ ആർപ്പിച്ചു.  ടി. എം. ഡബ്ലു. എ ജനറൽ സെക്രട്ടറി സമീർ എൻ വി സ്വാഗതവും  വോളന്റിയർ ക്യാപ്റ്റൻ സിയാദ് കടാരാൻ നന്ദിയും പറഞ്ഞു.