- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്നാട്; ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും 5000 രൂപ പിഴയും: ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപ പിഴ
ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. പ്രത്യേക ഓർഡിനൻസിലൂടെയാണ് തമിഴ്നാട് ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും.
തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം വ്ാപകമായിരുന്നു. നിരവധി പേർ ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ നിരവധി പേർ ആത്മഹത്യ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാരിന്റെ നടപടി. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് വ്യാപക ആവശ്യവും ഉയർന്നിരുന്നു. ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹർജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സർക്കാരിനോട് ആരാഞ്ഞിരുന്നു. തുടർന്നാണ് 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.