തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മറ്റിയിലും സ്ഥാനത്തിനായി പിടിവലി കൂടാത്ത ടിഎൻ സീമയ്ക്ക് കോളടിച്ചു. നവകേരളം കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓർഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ.സീമയ്ക്കു പ്രിൻസിപ്പൽ സെക്രട്ടറി പദവി നൽകിയതിനു പിന്നാലെ ശമ്പളം നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി. 1,66,800 രൂപയാണ് പ്രതിമാസ ശമ്പളം.

തന്റെ ശമ്പളം നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു ടി.എൻ.സീമ സർക്കാരിനു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഉത്തരവിറക്കിയത്. ലൈഫ്, ആർദ്രം, ഹരിത കേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാകിരണം എന്നിവയെയും കേരള പുനർനിർമ്മാണ പദ്ധതിയെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണു നവകേരള കർമപദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.

പുതിയ ആസ്ഥാന ഓഫിസ് തിരുവനന്തപുരം സ്റ്റാച്യുവിലെ ഉപ്പളം റോഡിലുള്ള ബിഎസ്എൻഎൽ ഭവനിൽ കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. നേരത്തേ വിവിധ മിഷനുകൾക്ക് വ്യത്യസ്ത ഓഫിസുകളായിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം എത്രെന്ന് നിശ്ചയിക്കുന്നതും. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതിനിടെയാണ് ഒരു സിപിഎം നേതാവിന് ഇത്രയും ശമ്പളം നൽകുന്നത്. ഇതോടെ രാഷ്ട്രീയ നിയമനങ്ങളിൽ ഏറ്റവും അധികം ശമ്പളം കിട്ടുന്ന വ്യക്തിയായി ടി എൻ സീമ മാറും. ഇതിന്റെ ഗുണം സിപിഎമ്മിനും കിട്ടും.

എല്ലാ പാർട്ടി അംഗങ്ങളും വരുമാനത്തിന്റെ ഒരു പങ്ക് ലെവിയായി നൽകണം. സർക്കാരിൽ നിന്ന് കിട്ടുന്നത് ലെവിയായി പാർട്ടിക്ക് സീമ കൊടുക്കുമ്പോൾ പ്രതിവർഷം ലക്ഷത്തിന് മുകളിൽ വരുമാന കൂടുതൽ സിപിഎമ്മിനും കിട്ടുമെന്നതാണ് യാഥാർത്ഥ്യം. സിപിഎം അംഗങ്ങൾക്ക് രാഷ്ട്രീയ നിയമനങ്ങളിലൂടെ ശമ്പളം കിട്ടുമ്പോൾ അത് പാർട്ടിക്കും ഗുണകരമായി മാറുമെന്നതാണ് വസ്തുത.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫുകൾക്ക് ചട്ട പ്രകാരം അനുവദിക്കാവുന്ന ഉയർന്ന ശമ്പളം സെക്രട്ടേറിയേറ്റിലെ ഡപ്യൂട്ടി സെക്രട്ടറിയുടേതാണ്. എന്നാൽ ഇതിലും ഉയർന്ന ശമ്പളവും ശമ്പള സ്‌കെയിലും വാങ്ങിക്കുന്ന പേഴ്സണൽ സ്റ്റാഫുണ്ട്. മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന പേഴ്സണൽ സ്റ്റാഫ് . പ്രഭാ വർമയുടെ പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപയാണ്. ഒന്നാം പിണറായി സർക്കാരിലും പ്രഭാവർമ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്നു.

അന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളം മാത്രമാണ് പ്രഭാവർമ്മയ്ക്കുണ്ടായിരുന്നത്. ജോൺ ബ്രിട്ടാസും പി.എൻ മനോജും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ വന്നതോടെ അവരുടെ അതേ ശമ്പളം വാങ്ങിക്കുന്നത് കുറച്ചിലായി പ്രഭാവർമക്ക് തോന്നിയിട്ടുണ്ടാകാം. ബ്രിട്ടാസ് ശമ്പളം വാങ്ങിക്കാത്ത സ്റ്റാഫ് ആയിരുന്നു. പ്രഭാവർമ്മ തന്റെ ശമ്പളം സ്പെഷ്യൽ സെക്രട്ടറിയുടേതിന് തുല്യമായി ഉയർത്തണമെന്നാവശ്യപ്പെട്ടു. ചട്ടപ്രകാരം സാധ്യമല്ലാത്തതായിരുന്നു പ്രഭാവർമ്മയുടെ ആവശ്യം. തുടർന്ന് ചട്ടങ്ങളിൽ ഇളവ് വരുത്തി ക്യാബിനറ്റിൽ കൊണ്ട് വന്ന് പ്രഭാവർമ്മക്ക് സ്പെഷ്യൽ സെക്രട്ടറി ശമ്പളം പാസാക്കി.

സെക്രട്ടേറിയേറ്റ് സർവീസിലെ ഏറ്റവും ഉയർന്ന പോസ്റ്റാണ് സ്പെഷ്യൽ സെക്രട്ടറി . 1,29,300- 1,66,800 ആണ് സ്പെഷ്യൽ സെക്രട്ടറി പോസ്റ്റിന്റെ ശമ്പള സ്‌കെയിൽ. ഇത് ഒപ്പിച്ചെടുത്തതോടെ സംസ്ഥാനത്ത് പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന ജീവനക്കാരനായി പ്രഭാവർമ മാറിയിരുന്നു. ഇതാണ് പുതിയ ശമ്പള ഉത്തരവിലൂടെ ടി എൻ സീമ മറികടക്കുന്നത്. ഇനി ടി എൻ സീമയ്ക്കാകും രാഷ്ട്രീയ നിയമനങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം.