ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിന് സാമ്പത്തിക ഇടപാടുകൾ കർശനമായി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. മൂന്നുലക്ഷം രൂപയ്ക്ക് മേലുള്ള സാമ്പത്തിക ഇടപാടുകൾക്ക് വിലക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശകളനുസരിച്ചാണിത്.

എന്നാൽ, ഉറവിടം വ്യക്തമാണെങ്കിലും 15 ലക്ഷത്തിലധികം രൂപ കൈയിൽവെക്കരുതെന്ന ശുപാർശ അംഗീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശക്തമായ എതിർപ്പ് മൂലമാണിത്. ഇത്തരമൊരു തീരുമാനം വന്നാൽ, വ്യാപാരികളും വ്യവസായികളും നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയാകുമെന്ന് അവർ ആശങ്കപ്പെടുന്നു.

മൂന്നുലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ അനുവദിക്കേണ്ട എന്നത് ഇടപാടുകൾ ക്രെഡിറ്റ് കാർഡ് മുഖേനയോ ഡെബിറ്റ് കാർഡുകൾ മുഖേനയോ അല്ലെങ്കിൽ ചെക്കോ ഡ്രാഫ്‌റ്റോ ഉപയോഗിച്ചോ നടത്താൻ പ്രേരിപ്പിക്കുന്നതിനാണ്. ഇടപാടുകൾ എല്ലാം ബാങ്കുകൾ അറിഞ്ഞുകൊണ്ട് നടത്തുന്നതിനുവേണ്ടിയാണത്.

ഡെബിറ്റ് കാർഡുകളുടെ ഉപയോഗം സാർവത്രികമാക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. പല സേവനങ്ങളുടെയും ട്രാൻസാക്ഷൻ ചാർജുകളിൽ കുറവ് വരുത്തിയതും അതിന് വേണ്ടിയാണ്. വസ്തുക്കച്ചടവടത്തിൽ 20,000 രൂപയ്ക്ക് മേൽ അഡ്വാൻസോ വിലയോ നൽകാൻ പാടില്ലെന്ന നിഷ്‌കർഷയും കൊണ്ടുവന്നിട്ടുണ്ട്.

ആദായ നികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തുന്ന കണക്കിൽ പെടാത്ത പണം പലപ്പോഴും വസ്തു കൈമാറ്റത്തിന് ലഭിച്ച പണമാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇതൊഴിവാക്കുന്നതിനാണ് 20,000 രൂപയ്ക്കുമേൽ നൽകാനാവില്ലെന്ന നിർദ്ദേശം. ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കുന്നതിനും ഇതേ നിലയ്ക്ക് നിയന്ത്രണങ്ങളുണ്ട്.