മേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനകൾക്കെതിരെ കുട്ടികളെയും സ്ത്രീകളെയും അണിനിരത്തി മനുഷ്യമതിൽ തീർക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കണ്ടെത്തിയ പ്രതിരോധ മാർഗങ്ങളിലൊന്ന്. കുട്ടികൾക്കുനേരെ വെടിയുതിർക്കാൻ സൈനികരുടെ മനസ്സനുവദിക്കില്ലെന്ന് ഭീകരർക്കറിയാം. എന്നാൽ, അതേ നിഷ്‌കളങ്കരായ കുട്ടികളെ ഉപയോഗിച്ച് ക്രൂരതയുടെ പുതിയ അധ്യായങ്ങൾ രചിക്കാനും ഐസിസിന് മടിയില്ല. കുട്ടികളെ ചാവേറാക്കാനും അവരുടെ കൈയിൽ തോക്ക് നൽകി തടവുകാർക്കെതിരെ വെടിയുതിർക്കാനും ശീലിപ്പിക്കുകയാണ് ഭീകരർ.

കുട്ടികളെ ഭീകരതയ്ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഐസിസ് പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ. സിറിയയിലെ ഏതോ തടവറയിൽ കൈകാലുകൾ ബന്ധിക്കപ്പെട്ട തടവുകാരനുനേരെ നാലുവയസ്സുകാരൻ വെടിയുതിർക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. വേലിയുമായി ചേർത്ത് ബന്ധിച്ചിരിക്കുന്ന തടവുകാരനു നേർക്ക്, പൊട്ടിയ പന്തുകൾക്ക് നടുവിലൂടെ നടന്നുവരികയാണ് കുട്ടി.. അപ്പോൾ, കുട്ടിയുടെ കൈയിലേക്ക് ഒരാൾ തോക്കേൽപ്പിക്കുന്നു.

ഒരു കളിപ്പാട്ടം പ്രവർത്തിപ്പിക്കുന്നതുപോലെ, കുട്ടി ഉന്നം പിടിക്കുകയും തടവുകാരനുനേർക്ക് വെടിയുതിർക്കുകയും ചെയ്യുന്നു. കണ്ണുകളിറുക്കിപ്പിടിച്ചുള്ള കുട്ടിയുടെ നിൽപ് കണ്ടാൽത്തന്നെ, അവന് തോക്ക് പിടിക്കാൻ വേണ്ടത്ര പരിശീലനം കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാകും. തടവുകാരെ വധിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്ന ഐസിസ് വീഡിയോ എന്ന പേരിലാണ് ട്വിറ്ററിൽ ഇത് പുറത്തുവന്നത്.

മൊസൂളിലെ പാലത്തിന്റെ നിയന്ത്രണം ഇറാഖ് സൈന്യം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ടൈഗ്രിസ് നദിക്കു കുറുകയെയുള്ള നാലാമത്തെ പാലവും ഇതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. പാലം പിടിച്ചെടുത്തത് ഇറാഖി സൈനികത്തലവൻ ലെഫ്. ജനറൽ അബ്ദുളമീർ യാറല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഐസിസിനെ ടൈഗ്രിസ് നദീതീരത്തുനിന്ന് തുരത്തിയത് ഇറാഖ് സൈന്യത്തിന്റെ തന്ത്രപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, മൊസൂളിന്റെ കിഴക്കൻ പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കണമെങ്കിൽ ഇനിയും പോരാട്ടങ്ങൾ നടത്തേണ്ടിവരും. ഐസിസിന്റെ പ്രധാന സ്രോതസ്സുകൾ ഇതിലൂടെ ഇല്ലാതാക്കാനായി എന്നതാണ് സൈന്യത്തിന്റെ ഏറ്റവും വലിയ വിജയം.