ബർലിങ്ടൺ: ഡേ കെയറിൽ കൊണ്ടു വന്ന ഒന്നര വയസുകാരിയുടെ ഡയപ്പർ ബാഗിൽ കണ്ടെത്തിയത് കളിക്കോപ്പുകൾക്കു പകരം നിറതോക്ക്. നോർത്തേൺ വെർമോണ്ടിലുള്ള ഒരു ഡേ കെയറിലാണ് കുഞ്ഞിന്റെ ഡയപ്പർ ബാഗിൽ നിറതോക്ക് കണ്ടെത്തുന്നത്.

പതിവു പോലെ മുത്തശ്ശിയാണ് പതിനേഴു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഡേ കെയറിൽ കൊണ്ടുവന്നത്. മുത്തശ്ശി പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടി ബാഗിൽ നിന്ന് തോക്കെടുത്ത് നടക്കുന്നതു കണ്ടപ്പോഴാണ് ഡേ കെയർ അധികൃതർ ഞെട്ടിയത്. കുട്ടിയുടെ കൈയിൽ നിറതോക്ക് കണ്ട കാര്യം ഡേ കെയർ അധികൃതർ ഉടൻ തന്നെ മാതാപിതാക്കളേയും വെർമോണ്ട് ഡിപ്പാർട്ട്‌മെന്റ് ഫോർ ചിൽഡ്രൽ ആൻഡ് ഫാമിലീസിനേയും വിവരമറിയിക്കുകയായിരുന്നു.

അതേസമയം കുഞ്ഞിന്റെ മുത്തശ്ശി മറന്നുവച്ചതാണ് നിറതോക്ക് എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് കുട്ടിയുമായി തിരിക്കുമ്പോൾ ഡയപ്പർ ബാഗിൽ ഒളിപ്പിച്ച തോക്ക് മുത്തശ്ശി എടുക്കാൻ മറന്നതാണ് കാരണമെന്ന് പറയുന്നത്. തോക്ക് അബദ്ധത്തിൽ പൊട്ടാതിരിക്കാനായി സേഫ്റ്റഇ ലോക്ക് ഘടിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി പൊലീസ് വ്യക്തമാക്കി.

എന്നാൽ ഡയപ്പർ ബാഗിൽ തോക്ക് കണ്ടെത്തിയ കാര്യം അജ്ഞാതനാണ് പൊലീസിൽ വിളിച്ചു പറഞ്ഞത്. തുടർന്ന് ഡേ കെയർ സെന്റർ ഉടമയുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു. അതേസമയം ബാഗിൽ തോക്ക് മറന്നു വച്ച മുത്തശ്ശിക്ക് നിയമനടപടികളൊന്നും നേരിടേണ്ടി വരില്ലെന്നാണ് പറയപ്പെടുന്നത്. തോക്ക് കണ്ടെത്തിയതു മൂലം ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും ഇതൊരു സ്വാഭാവിക സംഭവം മാത്രമാണെന്നുമാണ് പൊലീസ് പറയുന്നത്.