ടോക്കിയോ: ടോക്കിയോ ഒളിംപിക്സിലെ വനിതാ ടെന്നീസ് സിംഗിൾസിൽ വൻ അട്ടിമറി. ഒളിംപിക്സിൽ നിന്ന് ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി പുറത്തായി. സ്പെയ്ന്റെ 48-ാം റാങ്ക് താരം ടോർമോയോട് 6-4, 6-3 എന്ന സ്‌കോറിനാണ് തോൽവി.

വിംബിൾഡണിൽ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ഒളിംപിക്സിൽ ഓസ്ട്രേലിയൻ താരം ആദ്യ റൗണ്ടിൽ തന്നെ തോറ്റ്് മടങ്ങുന്നത്.

വനിതാ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ഉക്രെയിൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയിട്ടും ഇന്ത്യൻ സഖ്യത്തിന് ആദ്യറൗണ്ട് പിന്നിടാനായില്ല.

യുക്രെയ്‌ന്റെ ഇരട്ട സഹോദരിമാരായ ല്യുദ്മിന കിചെനോക് നാദിയ കിചെനോക് സഖ്യമാണ് സാനിയഅങ്കിത സഖ്യത്തെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റിൽ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു.

കിചെനോക് സഹോദരിമാർക്കെതിരെ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ ആദ്യ സെറ്റ് അനായാസം വിജയിച്ച സാനിയ - അങ്കിത സഖ്യം ബുദ്ധിമുട്ടില്ലാതെ ആദ്യ റൗണ്ട് കടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻതൂക്കം നേടിയ കിചെനോക് സഹോദരിമാർ, ടൈബ്രേക്കറിൽ അപ്രതീക്ഷിത വിജയം നേടി മത്സരം സ്വന്തമാക്കി.

രണ്ടാം സെറ്റിൽ സ്‌കോർ 5 - 3ൽ നിൽക്കെ സാനിയയാണ് സെർവ് ചെയ്തിരുന്നത്. എന്നാൽ, സമ്മർദ്ദം പിടികൂടിയതോടെ സാനിയയ്ക്ക് സെർവ് നഷ്ടമായി. അവിടുന്നങ്ങോട്ട് തിരിച്ചടിച്ച കിചെനോക് സഹോദരിമാർ സെറ്റ് പിടിച്ചെടുത്തു.

നിർണായകമായ ടൈബ്രേക്കറിൽ കിചെനോക് സഹോദരിമാർ 8 - 1ന്റെ ലീഡ് നേടിയതോടെ മത്സരം സാനിയയും അങ്കിതയും കൈവിട്ടെന്ന് ഉറപ്പിച്ചതാണ്. എന്നാൽ, അവിടുന്നങ്ങോട്ട് തുടർച്ചയായി ഏഴു പോയിന്റുകൾ നേടി സാനിയ സഖ്യം സ്‌കോർ 8 - 8ൽ എത്തിച്ച് പ്രതീക്ഷ കാത്തു. എന്നാൽ, രണ്ടു പോയിന്റ് കൂടി നേടി എതിരാളികൾ മത്സരം സ്വന്തമാക്കി. സ്‌കോർ: 6-0, 6-7, 8-10.

പ്രമുഖ താരങ്ങളുടെ പിന്മാറ്റം കൊണ്ട് നിറം മങ്ങിയ ടെന്നീസ് പുരുഷ സിംഗിൾസിൽ ഏറ്റവും ഒടുവിൽ നിലവിലെ ചാമ്പ്യൻ ബ്രിട്ടന്റെ ആൻഡി മറെയുടെ പിന്മാറ്റമാണ് ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത. വലതു തുടയിലേറ്റ പരിക്കാണ് ടോക്യോ ഒളിമ്പിക്സ് സിംഗിൾസ് മത്സരത്തിൽ നിന്ന് പിന്മാറാൻ താരത്തിന്റെ തീരുമാനത്തിന് പിന്നിൽ. ഡബിൾസ് വിഭാഗത്തിൽ കളിക്കുമെന്ന് അറിയിച്ചു.

രണ്ടു വർഷമായി താരം പരിക്ക് കാരണം വലയുകയാണ്. ടോക്യോയിൽ ഇരു വിഭാഗങ്ങളിലും മത്സരിക്കേണ്ടെന്ന മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് പിന്മാറ്റം. 2012, 2016 ഒളിമ്പിക്സുകളിലെ സ്വർണ മെഡൽ ജേതാവാണ് മറെ.

അതേസമയം ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാർപ്പോവയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു. സ്‌കോർ: 21-7, 21-10. പുരുഷന്മാരുടെ തുഴച്ചിലിൽ അരവിന്ദ് സിങ്, അർജുൻ ലാൽ സഖ്യം സെമിയിലെത്തിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്.