- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജയം അകലെ മെഡൽ സ്വപനം കണ്ട് ബോർഗോഹൈൻ; സ്പെയിനെ തകർത്ത് ക്വാർട്ടർ പ്രതീക്ഷ പുലർത്തി പുരുഷ ഹോക്കീ ടിം; ചുണ്ടിനും കപ്പിനുമിടയിൽ മെഡൽ നഷ്ടപ്പെട്ട് ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം; അഞ്ചാംദിനത്തിലെ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ
ടോക്യോ: ഷൂട്ടിങ്ങിൽ ഉറപ്പിച്ച മെഡൽ നഷ്ടപ്പെട്ടതിന്റെ നിരാശയിലായ ഇന്ത്യൻ ക്യാമ്പിന് അഞ്ചാം ദിനത്തിൽ ആശ്വാസമായ പുരുഷവിഭാഗം ഹോക്കിയിലെയും ബോക്‌സിങ്ങിലെയും ജയം.ബോക്‌സിങ്ങിൽ ഇന്ത്യയുടെ ബോർഗോഹൈൻ ക്വാർട്ടറിൽ കടന്നു.ഇനി ഒരു ജയമകലെ ബോർഗോഹൈന് മെഡൽ ഉറപ്പിക്കാം.ഒളിമ്പിക്സ് ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം.
വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത മത്സരത്തിൽ ജയിക്കാനായാൽ ലോവ്ലിനയ്ക്ക് മെഡൽ ഉറപ്പാക്കാം.ഒളിമ്പിക്സിൽ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തിൽ പൂർണ ആധിപത്യത്തോടെയായിരുന്നു ലോവ്ലിനയുടെ ജയം.നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ നിയെൻ ചിനാണ് ക്വാർട്ടറിൽ ലോവ്ലിനയുടെ എതിരാളി.
നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്‌കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ ക്വാർട്ടറിലാണ് പിറന്നത്. മൂന്നാം ഗോൾ അവസാന ക്വാർട്ടറിലും വന്നു. സ്പെയിൻ മികച്ച ആക്രമണം നടത്തിയെങ്കിലും മലയാളി താരമായ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി. നിലവിൽ പൂൾ എ പോയന്റ് പട്ടികയിൽ ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3-2 എന്ന സ്‌കോറിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് 7-1 എന്ന സ്‌കോറിന് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ.
ഷൂട്ടിങ് റേഞ്ചിൽ ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് നിരാശ.ചൊവ്വാഴ്ച നടന്ന 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യത്തിന് ഫൈനലിന് യോഗ്യത നേടാൻ സാധിച്ചില്ല.യോഗ്യതാ റൗണ്ടിൽ ആദ്യ സ്റ്റേജിൽ 582 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് സഖ്യം മുന്നേറിയത്. സൗരഭ് തകർപ്പൻ ഫോമിലായിരുന്നു മൂന്ന് ഷോട്ടിൽ 98, 100, 98 എന്നിങ്ങനെ പോയന്റുകൾ നേടിയായിരുന്നു കുതിപ്പ്. മനുവാകട്ടെ 97, 94, 95 പോയന്റുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു.
പക്ഷേ രണ്ടാം സ്റ്റേജിൽ സമ്മർദത്തിന് അടിമപ്പെട്ടതോടെ ഇന്ത്യൻ ജോഡിക്ക് പിഴച്ചു. സൗരഭ് രണ്ട് ഷോട്ടുകളിൽ നിന്ന് 96, 98 എന്നിങ്ങനെ 194 പോയന്റുകൾ നേടിയപ്പോൾ മനുവിന് നേടാനായത് 92, 94 ഷോട്ടുകളിലൂടെ 186 പോയന്റ് മാത്രം. ഇതോടെ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് വീണു. 10 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഇരുവരും രണ്ടാം റാങ്കുകാരാണ്. ടോക്യോയിൽ സൗരഭ് ഈയിനത്തിൽ ഫൈനൽ റൗണ്ടിൽ കടന്നിരുന്നു. വനിതാ വിഭാഗത്തിൽ നന്നായി തുടങ്ങിയ മനു ഭേക്കറിന് പിസ്റ്റളിലെ തകരാറാണ് തിരിച്ചടിയായത്.മറ്റൊരു ജോഡിയായ എളവേണിൽ വളരിവൻ-ദിവ്യാൻശ് പൻവാർ സഖ്യവും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യവും ഇന്ന് പുറത്തായി.
ഒളിമ്പിക് ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ കാണാതെ പുറത്ത്.ഗ്രൂപ്പ് എയിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ ജയിക്കാനായെങ്കിലും ടീമിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.ബ്രിട്ടന്റെ ബെൻ ലെയ്ൻ-സീൻ വെൻഡി സഖ്യത്തെ 21-17, 21-19 എന്ന സ്‌കോറിനാണ് ഇന്ന് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.
ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പുരുഷ സിംഗിൾസിൽ നിന്നും ഇന്ത്യയുടെ ശരത് കമൽ അജന്ത പുറത്തായി. മൂന്നാം റൗണ്ടിൽ ചൈനയുടെ മാ ലോങ്ങിനോട് പരാജയപ്പെട്ടാണ് ശരത് കമൽ പുറത്തായത്. ഒന്നിനെതിരേ നാലു സെറ്റുകൾക്കാണ് മാ ലോങ്ങിന്റെ വിജയം.നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനും ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനുമായ ഇതിഹാസ താരം മാ ലോങ്ങിനെതിരേ മികച്ച പ്രകടനമാണ് ശരത് കമൽ പുറത്തെടുത്തത്. സ്‌കോർ: 11-7, 8-11, 13-11, 11-4, 11-4
സ്പോർട്സ് ഡെസ്ക്