- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോ ഒളിമ്പിക്സ്: നടത്തിപ്പുമായി മുന്നോട്ടുപോയാൽ അത്ലറ്റുകളെയും പൊതുജനങ്ങളെയും അപകടത്തിലാക്കും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി യു.എസ് ആരോഗ്യ വിദഗ്ദ്ധർ
വാഷിങ്ടൺ: ടോക്യോ ഒളിമ്പിക്സിന് രണ്ടു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി യു.എസ് പൊതുജനാരോഗ്യ വിദഗ്ദ്ധർ.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്സിന്റെ നടത്തിപ്പുമായി മുന്നോട്ടുപോകുന്നത് അത്ലറ്റുകളെയും പൊതുജനങ്ങളെയും അപകടത്തിലാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിൽ ഒളിമ്പിക് മത്സരങ്ങളുമായി മുന്നോട്ടുപോകാനുള്ള പദ്ധതികൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയിച്ചിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. ഇക്കുറി ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ അത് ലോകത്തിന് വൻ അപകടം സൃഷ്ടിക്കുമെന്ന വ്യക്തമാക്കി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു.
മിനസോട്ട യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസിയിലെ മൈക്കൽ ഓസ്റ്റർഹോം ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഒളിമ്പിക്സിന്റെ കോവിഡുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണ്ടെത്തുന്നതിനും അവ തടയുന്നതിനുമുള്ള കാര്യങ്ങളിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടു.
ടോക്യോ ഒളിമ്പിക്സിന്റെ റിസ്‌ക് മാനേജ്മെന്റിനെ കുറിച്ച് നിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന എത്രയും പെട്ടെന്ന് ഒരു അടിയന്തര സമിതിയെ വിളിച്ചുചേർക്കണമെന്നും ഗവേഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
''ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള അത്?ലറ്റുകളും ഒഫീഷ്യൽസുമാണ് ജപ്പാനിലെത്തുക. ജനിതകമാറ്റംവന്ന കൊറോണ വൈറസിന്റെ നാനാവിധ വകഭേദങ്ങൾ ഇവിടെ സംഗമിക്കും. വൈറസിന്റെ ഒളിമ്പിക് വകഭേദത്തിലേക്ക് അത് നയിച്ചേക്കാം. ഈ അപകടം ക്ഷണിച്ചുവരുത്തിയതിന് നൂറുകൊല്ലം വിമർശനം നേരിടേണ്ടിവരും'' - ജപ്പാൻ ഡോക്ടേഴ്‌സ് യൂണിയൻ മേധാവി നവോട്ടോ ഉയാമ അഭിപ്രായപ്പെട്ടു.