ടോക്കിയോ: ഒളിംപിക് ബോക്‌സിങ് റിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിലെത്തി. അൽജീരിയയുടെ ഇച്‌റാക് ചായ്ബിനെ  തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.

പൂജയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം.

ഈ വർഷം ദുബായിൽനടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ ഹരിയാണക്കാരി സ്വർണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരം അതേ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.
 

നേരത്തെ ഇന്ത്യൻ താരം ലോവ്ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്‌ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഭൂട്ടാൻ താരം കർമയ്‌ക്കെതിരായ ആധികാരിക ജയത്തോടെ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി അമ്പെയ്ത്ത് വ്യക്തിഗത വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. അട്ടിമറിയോടെ ആർച്ചറി പുരുഷ വിഭാഗം ക്വാർട്ടറിലെത്തിയ ഇന്ത്യയുടെ പ്രവീൺ ജാദവ് യൂഎസ്എയുടെ ബ്രാഡി എല്ലിസനോടു ക്വാർട്ടറിൽ പരാജയപ്പെട്ടു.

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാൻയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: 219, 2116.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി. 2, 19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകൾ. ലില്ലി ഓസ്ലി (41), ഗ്രെയ്‌സ് ബാൾസ്ഡൻ (57) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ 23ാം മിനിറ്റിൽ ഷർമിളാ ദേവി നേടി. ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്‌സിനോട് ഇന്ത്യ 51ന് തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ ജർമനിയോട് 20നും തോറ്റു.

അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 65ന് തോറ്റാണ് മടക്കം.