- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാട്ടവീര്യവും വിസ്മയവും ഒന്നിച്ച ടോക്യോ ഒളിംപിക്സ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അമേരിക്ക ജേതാക്കൾ; 39 സ്വർണമടക്കം 113 മെഡൽ; ചൈനയെ പിന്തള്ളി അവസാന ദിനം മുന്നിലെത്തിയത് വനിത വിഭാഗം ബാസ്‌ക്കറ്റ് ബോളിലെയും വോളിബോളിലെയും സ്വർണനേട്ടം; സമാനതകളില്ലാത്ത നേട്ടവുമായി ഇന്ത്യയും
ടോക്യോ: ലണ്ടനിലും റിയോയിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും കൈവിടാതെ ചാമ്പ്യൻപട്ടത്തിലേക്ക് അവസാനദിനത്തിൽ കരുത്തോടെ അമേരിക്കൻ മുന്നേറ്റം. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസത്തിൽ പുറത്തെടുത്ത പോരാട്ടവീര്യമാണ് അമേരിക്ക പിന്തള്ളിയത്.
വനിത വിഭാഗം ബാസ്‌ക്കറ്റ് ബോളിലെയും വോളിബോളിലെയും സ്വർണനേട്ടമാണ് മെഡൽപട്ടികയിൽ അമേരിക്കയെ അവസാന ദിനം മുന്നിലെത്തിച്ചത്. ബാസ്‌ക്കറ്റ് ബോളിൽ ജപ്പാനെയും വോളിബോളിൽ ബ്രസീലിനെയും തോൽപിച്ചാണ് അമേരിക്ക സ്വർണ വേട്ടയിൽ മുന്നിലെത്തിയത്.
യു.എസിന് 39ഉം ചൈനക്ക് 38ഉമാണ് സ്വർണ നേട്ടം. 41 വെള്ളിയും 33 വെങ്കലവുമായി 113 യു.എസ് മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുൾപെടെ 88 ആണ്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് മൊത്തം എണ്ണത്തിൽ മൂന്നാമത്- 71 മെഡലുകൾ.
27 സ്വർണ മെഡലുകൾ നേടി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്ത് എത്തി. ആകെ മെഡൽ നേട്ടത്തിൽ അഞ്ചാമതാണ് ജപ്പാൻ. സ്വർണത്തിന്റെ എണ്ണത്തിലും ആകെ മെഡൽ നേട്ടത്തിലും ബ്രിട്ടനാണ് നാലാമത്. 22 സ്വർണവും 21 വെള്ളിയും 22 വെങ്കവും അടക്കം 65 മെഡലുകൾ. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും നേടിയ ജപ്പാന് 58 മെഡലുകളാണ് ആകെയുള്ളത്. 20 സ്വർണവും 28 വെള്ളിയും 23 വെങ്കവും അടക്കം 71 മെഡലുകളാണ് റഷ്യൻ താരങ്ങൾ നേടിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡൽ കരസ്ഥമാക്കിയ ഇന്ത്യ റാങ്ക് പട്ടികയിൽ 48 ാം സ്ഥാനത്താണ്.
1980കളിൽ കൗമാരക്കാരെ കണ്ടെത്തി ഒളിമ്പിക്‌സിൽ മികവു തെളിയിക്കാൻ ചൈന കച്ചകെട്ടിയിറങ്ങിയതോടെയാണ് ഒളിമ്പിക്‌സിൽ അങ്കം കൊഴുത്തുതുടങ്ങിയത്. 2008ലെ ബീജിങ് ഒളിമ്പിക്‌സിൽ ചൈന ഒന്നാമതെത്തുകയും ചെയ്തു. ലണ്ടനിൽ ചൈന രണ്ടാമതുമായി.
ചരിത്രം കുറിച്ച് ഇന്ത്യ
ഇന്ത്യൻ കായിക രംഗം ചരിത്രത്തിൽ ഇടം നേടിയ ഒളിമ്പിക്‌സായിരുന്നു കടന്നു പോയത്. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഈ ഒളിമ്പിക്‌സിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്.
ലണ്ടൻ ഒളിംപിക്സിലെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. അത്‌ലറ്റിക്സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യൻ ഹീറോയായപ്പോൾ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
ഒളിംപിക്സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലാണ് ജാവലിനിൽ നീരജ് ചോപ്രയുടെ സ്വർണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വർണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജർമൻ താരം, ലോക ഒന്നാം നമ്പർ ജൊഹന്നാസ് വെറ്റർ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിങ് ഒളിംപിക്സിൽ ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയ ശേഷം ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവുമാണിത്.
ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം ശ്രമത്തിൽ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യൻ സംഘം ഏഴ് മെഡലുകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിക്കൊണ്ട് പ്രൗഢിയോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വന്തം മണ്ണിലേക്ക് പറന്നിറങ്ങുക. ഇതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2012 ലണ്ടൻ ഒളിമ്പിക്സിലായിരുന്നു. എന്നാൽ ടോക്യോ ഒളിമ്പിക്സിൽ അത് മാറി മറഞ്ഞു. ആ റെക്കോഡിനെ പഴങ്കഥയാക്കിക്കൊണ്ട് ഇന്ത്യ ഏഴ് മെഡലുകൾ കഴുത്തിലണിഞ്ഞു. അതിൽ ഒരു സ്വർണവും ഉൾപ്പെട്ടു. ലണ്ടൻ ഒളിമ്പിക്സിൽ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടിയപ്പോൾ ഭാരോദ്വഹനത്തിൽ മിരാബായ് ചാനുവും ഗുസ്തിയിൽ രവികുമാർ ദഹിയയും വെള്ളി നേടി. പി.വി സിന്ധു, ബജ്റംഗ് പുനിയ, ലവ്ലിന ബോർഗോഹെയ്ൻ എന്നിവർക്കൊപ്പം ഇന്ത്യൻ പുരുഷ ഹോക്കി ടീമും വെങ്കലം സ്വന്തമാക്കി. സമാനതകളില്ലാത്ത നേട്ടം.
നീരജ് ചോപ്രയിലൂടെ ഇന്ത്യ 2008-ന് ശേഷം സ്വർണമെഡൽ സ്വന്തമാക്കി. ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് നീരജ് ചോപ്ര ഇന്ത്യയ്ക്ക് വേണ്ടി സ്വർണം കഴുത്തിലണിഞ്ഞത്. അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും നീരജ് ചോപ്ര സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൂടിയായ നീരജ് ചോപ്ര.
ഗുസ്തി ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല. എല്ലാ പ്രധാന ടൂർണമെന്റിലും ഇന്ത്യയുടെ ഗുസ്തി താരങ്ങൾ സ്ഥിരമായി മെഡലുകൾ നേടാറുണ്ട്. പ്രത്യേകിച്ച് ഒളിമ്പിക്സിൽ. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. രണ്ട് ഒളിമ്പിക് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യ ടോക്യോയിൽ സ്വന്തമാക്കിയത്. ഒരു വെള്ളിയും ഒരു വെങ്കലവും.
സ്വർണത്തിന്റെ അടുത്തുവരെയെത്തി പൊരുതി ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയിലൂടെ വെള്ളിമെഡൽ സമ്മാനിച്ചത് രവികുമാർ ദഹിയയാണ്. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിന്റെ ഫൈനലിൽ ലോകചാമ്പ്യനായ റഷ്യയുടെ സോർ ഉഗ്യുവിനോട് പൊരുതിത്തോൽക്കുകയായിരുന്നു രവികുമാർ. 7-4 എന്ന സ്‌കോറിനാണ് റഷ്യൻ താരം വിജയം നേടിയത്. ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മാത്രം വെള്ളി മെഡലാണിത്.
പുരുഷന്മാരുടെ 65 കിലോ ഫ്രീ സ്‌റ്റൈലിലൂടെ ബജ്റംഗ് പുനിയയാണ് ഗുസ്തിയിലൂടെ ഇന്ത്യയ്ക്ക് വെങ്കലമെഡൽ സമ്മാനിച്ചത്. കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെ 8-0 എന്ന സ്‌കോറിന് തോൽപ്പിച്ചുകൊണ്ട് ബജ്റംഗ് വെങ്കലമെഡൽ സ്വന്തമാക്കി. ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലും കൂടിയാണിത്.
ഇരുവരെയും കൂടാതെ 86 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ദീപത് പുനിയയും മികച്ച പ്രകടനം സ്വന്തമാക്കി. മെഡൽ നേടാനായില്ലെങ്കിലും താരം നാലാം സ്ഥാനത്തെത്തി. വെങ്കലമെഡലിനായുള്ള മത്സരത്തിൽ സാൻ മരിനോയുടെ മൈലെസ് നാസെമിനോട് അവസാന നിമിഷം തോൽവി വഴങ്ങുകയായിരുന്നു ദീപക്.
അക്കൗണ്ട് തുറന്നത് മിരാബായ് ചാനു
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നത് ഭാരോദ്വഹനത്തിലെ വെള്ളി മെഡൽ നേട്ടത്തിലൂടെയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ദിനത്തിൽ തന്നെ വെള്ളിമെഡൽ സമ്മാനിച്ച് മിരാബായ് ചാനു രാജ്യത്തിന്റെ വീരപുത്രിയായി. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. 2000 ത്തിൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ ഒരു ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്. സ്നാച്ചിൽ 84 കിലോയും പിന്നീട് 87 കിലോയും ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോയും പിന്നീട് 115 കിലോയും ഉയർത്തിയാണ് വെള്ളി മെഡൽ ഉറപ്പിച്ചത്. പി.വി സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് മിരാബായ് ചാനു.
ബാഡ്മിന്റണിൽ ഇന്ത്യയുടെ സുവർണതാരകമാണ് പി.വി സിന്ധു. ഇത്തവണയും താരം ഇന്ത്യൻ ജനതയുടെ പ്രതീക്ഷ കാത്തു. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധു ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടി ചരിത്രം കുറിച്ചു. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡ് സിന്ധു സ്വന്തമാക്കി.
വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന് തകർത്താണ് സിന്ധു വെങ്കലമെഡൽ സ്വന്തമാക്കിയത്. വിജയിച്ച മത്സരങ്ങളിലെല്ലാം ഒറ്റ സെറ്റ് പോലും വിട്ടുനൽകാതെയാണ് താരം വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്.
ഇന്ത്യ സ്ഥിരമായി മെഡൽ നേടാറുള്ള ബോക്സിങ്ങിൽ ഇത്തവണ രാജ്യത്തിന്റെ മാനം കാത്തത് ഒരു പെൺപുലിയാണ്. അസം സ്വദേശിനിയായ യുവതാരം ലവ്ലിന ബോർഗൊഹെയ്ൻ. വനിതകളുടെ വെൽട്ടർ വെയ്റ്റ് വിഭാഗത്തിലാണ് താരം വെങ്കലമെഡൽ സ്വന്തമാക്കിയത്. സെമിയിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെയാണ് ലവ്ലിന വെങ്കലം നേടിയത്. വിജേന്ദർ സിങ്ങിനും (2008), മേരികോമിനും (2012) ശേഷം ഒളിമ്പിക് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരമാണ് ലവ്ലിന. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാതാരം കൂടിയാണ് ലവ്ലിന.
അവിശ്വസനീയ പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ ടോക്യോയിൽ നിന്നും മടങ്ങുന്നത്. കരുത്തരായ ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷം ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ ജർമനിയെ നാലിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തു. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായി. 1980 മോസ്‌കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം ഇന്ത്യ ഹോക്കിയിൽ നേടുന്ന ആദ്യ മെഡലാണിത്. ആദ്യ മത്സരം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യൻ പുരുഷ ടീം കാഴ്ചവെച്ചത്.
എന്നാൽ വനിതാ ടീം ക്വാർട്ടർ കാണാതെ പുറത്താകും എന്ന നിലയിൽ നിന്നും അത്ഭുതകരമായി തിരിച്ചുവന്ന് നാലാം സ്ഥാനം കൈവരിച്ചു. വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിലെത്തി. വെങ്കലമെഡലിനായി മത്സരിച്ചെങ്കിലും ബ്രിട്ടനോട് പൊരുതിത്തോൽക്കുകയായിരുന്നു ഇന്ത്യൻ പെൺപുലികൾ. തോറ്റെങ്കിലും ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചാണ് റാണി രാംപാലും സംഘവും ടോക്യോയിൽ നിന്നും മടങ്ങുന്നത്
മെഡൽ നേടാനായില്ലെങ്കിലും ചരിത്രം കുറിച്ച ചില പ്രകടനങ്ങൾ ഇന്ത്യ ടോക്യോ ഒളിമ്പിക്സിൽ പുറത്തെടുത്തിട്ടുണ്ട്. തുഴച്ചിലിലും ഗോൾഫിലും ഫെൻസിങ്ങിലുമെല്ലാം ഇന്ത്യ അപ്രതീക്ഷിതമായ കുതിപ്പ് നടത്തി.
പെൺകരുത്ത് തെളിയിച്ച് ഫെൻസിങും ഗോൾഫും
അതിൽ പ്രധാനപ്പെട്ടത് വനിതാ ഗോൾഫിലെ ഇന്ത്യയുടെ പ്രകടനമാണ്. അവിശ്വസനീയമായ കുതിപ്പ് നടത്തി ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ സമ്മാനിച്ച ശേഷം നാലാമതെത്തിയ അദിതി അശോക് എന്നും ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിലുണ്ടാകും. വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയിൽ മൂന്ന് റൗണ്ട് വരെ രണ്ടാം സ്ഥാനത്തുനിന്ന അദിതി നാലാം റൗണ്ടിലാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഒളിമ്പിക് ഗോൾഫിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. -15 പാർ പോയന്റുകൾ നേടിയാണ് അദിതി രാജ്യത്തിനഭിമാനമായത്. നിർഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് താരത്തിന് മെഡൽ നഷ്ടമായത്.
അത്ര പരിചിതമല്ലാത്ത ഫെൻസിങ്ങിലും ഇത്തവണ ഇന്ത്യ ഒരു കൈ നോക്കി. വനിതാ ഫെൻസിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ ഭവാനി ദേവി ചരിത്ര നേട്ടവുമായാണ് തിരിച്ചുകയറിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് ഫെൻസിങ്ങിന്റെ രണ്ടാം റൗണ്ടിൽ കയറുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് തമിഴ്‌നാട്ടുകാരിയായ ഭവാനിദേവി സ്വന്തമാക്കി. ആദ്യ റൗണ്ടിൽ ടൂണീഷ്യയുടെ നാദിയ അസീസിയെ കീഴടക്കിയ താരം രണ്ടാം റൗണ്ടിൽ ലോക നാലാം നമ്പർ താരം ഫ്രാൻസിന്റെ മേനൺ ബ്രൂണറ്റിനോട് തോൽവി വഴങ്ങുകയായിരുന്നു.
വനിതകളുടെ ഡിസ്‌കസ് ത്രോ മത്സരത്തിൽ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ കമൽപ്രീത് കൗറും മികച്ച നേട്ടം സ്വന്തമാക്കി. യോഗ്യതാ റൗണ്ടിൽ 64 മീറ്റർ ദൂരം കണ്ടെത്തി രണ്ടാമതായി ഫൈനലിലേക്ക് യോഗ്യത നേടിയ താരം ഫൈനലിൽ ആ പ്രകടനം ആവർത്തിച്ചില്ല. ഫൈനലിൽ 63.79 മീറ്ററാണ് കമൽപ്രീത് നേടിയത്. എങ്കിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
4*400 മീറ്റർ റിലേയിലും ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. ഈ ടീമിൽ മൂന്ന് മലയാളികൾ മത്സരിച്ചു എന്നതും അഭിമാനകരമാണ്. ഫൈനലിലേക്ക് പ്രവേശനം നേടാനായില്ലെങ്കിലും ഹീറ്റ്സിൽ നാലാം സ്ഥാനത്തെത്താൻ ഇന്ത്യൻ സഖ്യത്തിന് കഴിഞ്ഞു. ഏഷ്യൻ റെക്കോഡോടെയാണ് ഇന്ത്യൻ ടീം നാലാം സ്ഥാനത്തെത്തിയത്. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 3:00.25 സെക്കൻഡിൽ മത്സരം അവസാനിപ്പിച്ചു. 2018 ഏഷ്യൻ ഗെയിംസിൽ ഖത്തർ കുറിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി.
പുരുഷന്മാരുടെ ഡബിൾസ് തുഴച്ചിലിലും ഇന്ത്യ അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് മത്സരത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ അർജുൻ ലാൽ ജത്-അരവിന്ദ് സിങ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം ഒളിമ്പിക്‌സ് തുഴച്ചിൽ മത്സരത്തിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഫൈനലിൽ 11-ാം സ്ഥാനം നേടിക്കൊണ്ട് ഇരുവരും ചരിത്രം സൃഷ്ടിച്ചു. സെമിയിൽ എത്തിയപ്പോൾ തന്നെ ഇരുവരും റെക്കോഡ് സ്വന്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്