- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സിൽ രാജ്യത്തിന്റെ സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യൻ സംഘം; മാർച്ച് പാസ്റ്റിൽ ത്രിവർണ്ണ പതാകയേന്തി മൻപ്രീതും മേരി കോമും; പങ്കെടുത്തത് 19 താരങ്ങൾ; ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിൽ താരങ്ങൾ
ടോക്കിയോ: ഒളിമ്പിക്സിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ പൊരുതാനുറച്ച് ഇന്ത്യൻ സംഘം. പ്രതീക്ഷകൾക്ക് നിറപ്പകിട്ടേകി മൻപ്രീത് സിംഗും മേരി കോമും ത്രിവർണ പാതകയേന്തി മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ഒളിമ്പിക് സംഘത്തെ നയിച്ചു. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.
കരുത്തരായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിന് പങ്കെടുക്കുന്നത്. ഇതിൽ 119 പേർ അത്ലറ്റുകളാണ്. കോവിഡ് മാനദണ്ഡ പ്രകാരം 19 ഇന്ത്യൻ താരങ്ങളാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ആദ്യം 50 പേരെയാണ് നിശ്ചയിച്ചിരുന്നത്. വനിതാ ബോക്സർ മേരി കോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗുമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ പതാക വാഹകർ.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരത്തെ നൽകിയിരുന്ന താരങ്ങളുടെ ലിസ്റ്റിൽ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിൾ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും മാർച്ച് പാസ്റ്റിൽ പങ്കെടുത്തില്ല. ശനിയാഴ്ച മിക്സഡ് ഡബിൾസിൽ ആദ്യ റൗണ്ട് മത്സരം ഉണ്ടെന്നതിനാലാണ് ഇരുവരും മാർച്ച് പാസ്റ്റിൽ നിന്ന് ഒഴിവായത്.
ഇന്ത്യൻ സമയം വൈകുന്നേരം 4.30 ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഒളിമ്പിക്സിന്റെ ജന്മഭൂമിയായ ഗ്രീസാണ് മാർച്ച് പാസ്റ്റ് നടത്തിയ ആദ്യ രാജ്യം. ശേഷം ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ രാജ്യങ്ങൾ മാർച്ച് പാസ്റ്റ് ചെയ്തു. 21 മതായാണ് ഇന്ത്യ വേദിയിലെത്തിയത്.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ പോരാട്ടങ്ങൾക്ക് തുടക്കമായിരുന്നു. വനിതകളുടെ അമ്പെയ്ത്തിൽ റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ദീപിക കുമാരി ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയിന്റാണ് ദീപികയ്ക്ക് കിട്ടിയത്. ദീപിക ഒരുവേള 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിങ് റൗണ്ട്.
ആദ്യ റൗണ്ടിൽ ഭൂട്ടാൻ താരം കർമയെയാണ് ദീപിക കുമാരി നേരിടേണ്ടത്. ഒളിംപിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ലോക ഒന്നാം നമ്പർ താരമായ ദീപിക കുമാരി.
അമ്പെയ്ത്ത് വ്യക്തിഗത റാങ്കിംഗിൽ പുരുഷവിഭാഗത്തിൽ പ്രവീൺ യാദവ് 31ഉം അതാനു ദാസ് 35ഉം തരുൺദീപ് റായ് 35ഉം സ്ഥാനങ്ങളിൽ മത്സരം പൂർത്തിയാക്കി. പ്രവീൺ ജാദവ്, അതാനു ദാസ്, തരുൺദീപ് റായ് എന്നിവർ യഥാക്രമം 656, 653, 652 പോയിന്റുകളാണ് നേടിയത്.
അമ്പെയ്ത്തിൽ കൊറിയൻ താരങ്ങളുടെ വെല്ലുവിളി മറികടന്ന് മാത്രമേ ഇന്ത്യക്ക് മെഡൽ നേടാൻ കഴിയൂ. ഒളിമ്പിക്സിൽ ശനിയാഴ്ച നടക്കുന്ന മിക്സഡ് അമ്പെയ്ത്ത് ഫൈനൽ മത്സരത്തിൽ ദീപികയ്ക്കൊപ്പം പ്രവീൺ യാദവ് മത്സരിക്കും. വെള്ളിയാഴ്ച അവസാനിച്ച പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തിൽ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീൺ പുറത്തെടുത്തതോടെയാണ് താരത്തിന് നറുക്കുവീണത്.
പ്രവീൺ-ദീപിക സഖ്യം ശനിയാഴ്ച ചൈനീസ് തായ്പേയ് ടീമിനെയാണ് നേരിടുക. സാധാരണയായി അമ്പെയ്ത്ത് മത്സരങ്ങളിൽ അതാനു ദാസ്-ദീപിക കുമാരി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാറ്. ലോക റാങ്കിങ്ങിൽ ഏഴാമതാണ് ഇന്ത്യൻ സഖ്യം. പാരീസിൽ വെച്ചുനടന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയിരുന്നു.
ജൂലൈ 30 വെള്ളിയാഴ്ച ട്രാക്കുകൾ ഉണരും. 14 ഇനങ്ങളിലായി 26 താരങ്ങളാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നത്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് മത്സരങ്ങളുടെ ഹീറ്റ്സാണ് ആദ്യ ഇനം. ഒപ്പം പുരുഷന്മാരുടെ ഹൈജമ്പ് മത്സരവും നടക്കും. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യക്കായി അവിനാഷ് സാബിൾ മത്സരിക്കും. ആദ്യ ദിനം ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് ഇനങ്ങളിൽ ഇന്ത്യൻ സാന്നിധ്യമുണ്ടാകും.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എംപി. ജാബിറും വനിതകളുടെ നൂറ് മീറ്റർ ഹീറ്റ്സിൽ ദ്യുതി ചന്ദും മത്സരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയുടെ ഹീറ്റ്സും ആദ്യ ദിനം ഉണ്ടാകും. മലയാളികളായ മുഹമ്മദ് അനസ്, അമൂജ് ജേക്കബ്, അരോക്യ രാജീവ്, നോഹ നിർമ്മൽ, നാഗനാദൻ പാൻഡി എന്നിവർ സാന്നിധ്യമാകും. ഫൈനൽ റൗണ്ടും മെഡലുമാണ് ടീമിന്റെ പ്രതീക്ഷ. പുരുഷന്മാരുടെ 10,000 മീറ്ററിൽ മാത്രം ആദ്യ ദിനം മെഡൽ നിർണയിക്കും.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിലൂടെ രണ്ടാം ദിനം ആരംഭിക്കും. രാവിലെ നടക്കുന്ന വനിതകളുടെ ഡിസ്കസ് ത്രോ യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി കമൽപ്രീത് കൗറും സീമ പൂനിയയും പങ്കെടുക്കും. പുരുഷന്മാരുടെ 800 മീറ്റർ, വനിതകളുടെ നൂറ് മീറ്റർ ഹർഡിൽസ്, പുരുഷന്മാരുടെ നൂറ് മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഇന്ത്യക്ക് സാന്നിധ്യമില്ല. പുരുഷന്മാരുടെ ലോങ് ജമ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി എം. ശ്രീശങ്കർ മത്സരിക്കും. വനിതകളുടെ 100 മീറ്റർ ഫൈനലാണ് രണ്ടാം ദിനത്തിലെ പ്രധാന ഇനം. 4ഃ400 മീറ്റർ മിക്സഡ് റിലേയും രണ്ടാം ദിനം മെഡൽ നിർണയിക്കും.
മൂന്നാം ദിനമാകും വേഗമേറിയ പുരുഷ താരത്തെ കണ്ടെത്തുക. പുരുഷന്മാരുടെ ഹൈജമ്പ്, വനിതകളുടെ ട്രിപ്പിൾ ജമ്പ് എന്നീ ഫൈനലുകളും മൂന്നാം ദിനം ഉണ്ടാകും. നാലാം ദിനമാണ് എം. ശ്രീശങ്കർ പങ്കെടുക്കുന്ന പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനൽ. വനിതകളുടെ 200 മീറ്റർ ഹീറ്റ്സിൽ ഇന്ത്യൻ പ്രതീക്ഷയായി ദ്യുതി ചന്ദ് ഇറങ്ങും. നാലാം ദിനം അഞ്ച് ഫൈനലുകളാണ് ഉള്ളത്. രണ്ടെണ്ണത്തിൽ ഇന്ത്യൻ പ്രതീക്ഷകളുണ്ട്. അഞ്ചാം ദിനം വനിതകളുടെ ജാവലിൻ ത്രോയിൽ അനു റാണി പങ്കെടുക്കും.
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യക്കായി തജീന്ദർ പാൽ സിങ് പങ്കെടുക്കും. വനിതകളുടെ 800 മീറ്റർ ഫൈനലും 200 മീറ്റർ ഫൈനലും അഞ്ചാം ദിനത്തിന്റെ പ്രത്യേകതകളാണ്. ആറാം ദിനം പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്കൊപ്പം ശിവപാൽ സിങ്ങും ഇന്ത്യൻ സാന്നിധ്യമാകും. പുരുഷന്മാരുടെ 200 മീറ്റർ ഫൈനലാണ് ആറാം ദിനം ശ്രദ്ധേയമാകുക. ഏഴാം ദിനം ട്രാക്കിൽ ഇന്ത്യയുടെ ഏക സാന്നിധ്യം പുരുഷന്മാരുടെ 20 കിമീ. നടത്തമാണ്. കെ.ടി. ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില്ല എന്നിവർ പങ്കെടുക്കും. എട്ടാം ദിനം പുരുഷന്മാരുടെ 50 കി.മീ. നടത്തവും വനിതകളുടെ 20 കിമീ. നടത്തവുമുണ്ടാകും. പുരുഷന്മാരിൽ ഗുർപ്രീത് സിങ്ങും വനിതകളിൽ ഭാവ്ന ജത്, പ്രിയങ്ക ഗോസ്വാമി എന്നിവർ മത്സരിക്കും.
വനിതകളുടെ ജാവലിൻ ത്രോ ഫൈനലും എട്ടാം ദിനം ഉണ്ടാകും. പുരുഷന്മാരുടെയും വനിതകളുടെയും 4ഃ100 മീറ്റർ റിലേ വിജിയികളെയും എട്ടാം ദിനം അറിയാം. ഒമ്പതാം ദിനം ഇന്ത്യക്ക് പ്രധാനമായി രണ്ട് ഫൈനലുകളുണ്ട്. ജാവലിൻ ത്രോയിലും പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിലും. ഫോം തുടർന്നാൽ നീണ്ട കാത്തിരിപ്പിന് ശേഷം ട്രാക്കിൽ ഇന്ത്യക്കൊരു മെഡൽ നീരജ് ചോപ്രയിലൂടെ എത്തും. ഒമ്പതാം ദിനം ആകെ ഏഴ് ഫൈനലുകളാണ് ഉള്ളത്. പുരുഷന്മാരുടെ 1500 മീറ്ററും വനിതകളുടെ ഹൈജമ്പുമുണ്ട്. ഓഗസ്റ്റ് എട്ടിന് ഞായറാഴ്ച പുരുഷന്മാരുടെ മാരത്തണിലൂടെയാകും ഒളിമ്പിക്സിൽ ട്രാക്ക് ഇനങ്ങൾ അവസാനിക്കുക.
അതേ സമയം മലയാളി താരം എം ശ്രീശങ്കറിനെ ലോംഗ് ജമ്പിൽ മത്സരിക്കുന്നതിന് സെലക്ഷൻ കമ്മിറ്റി അനുവദിച്ചതായാണ് വിവരം. ടോക്യോ ഒളിമ്പിക്സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്ലറ്റുകളായ കെ.ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് അദിലെ ജെ. സുമരിവാല മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു..
ബെംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വ്യക്തമാക്കുന്നു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
ടോക്കിയോയിൽ 200 മീറ്റർ ബട്ടർഫ്ളൈയിൽ പോരാട്ടത്തിനിറങ്ങുന്ന സജൻ പ്രകാശിന്റെ പ്രകടനത്തിലും ആരാധകർ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. സജൻ എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റർ ബട്ടർഫ്ളൈയിൽ ഒളിംപിക്സിന് യോഗ്യത നേടിയത്. ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് ഇരുപത്തിയേഴുകാരനായ സജൻ.
ഭവാനി ദേവി ഒളിംപിക് ഫെൻസിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി ഫെൻസിംഗിൽ ഒരു ഇന്ത്യൻ താരം മത്സരിക്കാൻ ഇറങ്ങുന്നത്. തലശേരി സായി സെൻന്റിന്റെ സംഭാവനയാണ് ഫെൻസിങ് സാബർ വിഭാഗത്തിൽ യോഗ്യത നേടിയ സി എ ഭവാനി ദേവി.
വിവിധ രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഭവാനിക്ക് ഒളിംപിക്സിലേക്ക് വഴി തുറന്നത്. കോമൺവെൽത്ത് ഫെൻസിങ്ങിൽ സ്വർണവും ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.
ഏതാനും വർഷമായി ഇറ്റലി, ഹംഗറി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിദഗ്ധ പരിശീലനത്തിലാണ് ഭവാനി. തലശേരി സായ് കേന്ദ്രത്തിൽ നിന്ന് ഒളിംപിക്സിൽ പങ്കെടുക്കുന്ന രണ്ടാമത്തെ താരമാണ് ഭവാനി. ലണ്ടൻ ഒളിംപ്ക്സിൽ ട്രിപ്പിൾ ജംപിൽ പങ്കെടുത്ത മയൂഖ ജോണിയാണ് സായിയിൽ നിന്നുള്ള ആദ്യ ഒളിംപ്യൻ.
അതിനിടെ ടീം ഇന്ത്യയ്ക്ക് ആശംസകളുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും എത്തി. പ്രത്യകം സജ്ജമാക്കിയ സ്ക്രീനിലൂടെയായിരുന്നു അനുരാഗ് താക്കൂർ എത്തിയത്. ഈ സമയം 130കോടി ഇന്ത്യക്കാരും നിങ്ങൾക്ക് വേണ്ടി ഹർഷാരവം മുഴക്കുന്നുണ്ടെന്ന് ശേഷം അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ പറഞ്ഞു.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഓരോ ഇന്ത്യൻ താരത്തിനും മികച്ച സമ്മാനത്തുക നൽകാൻ തയ്യാറായി സർക്കാർ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും വലിയ തുകയാണ് മെഡൽ നേടുന്ന താരങ്ങൾക്കായി നൽകുക.
അമേരിക്ക, ജപ്പാൻ, കാനഡ, ജർമനി, ഓസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, റഷ്യ, നെതർലൻഡ്സ്, ബ്രസീൽ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുക.
സ്വർണ മെഡൽ നേടുന്ന ഹരിയാന, ഉത്തർ പ്രദേശ്, ചത്തീസ്ഗഢ്, ഒഡിഷ, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ആറുകോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. വെള്ളിമെഡൽ നേടുന്ന താരങ്ങൾക്ക് നാലുകോടി രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് രണ്ട് മുതൽ രണ്ടര ലക്ഷം വരെ രൂപയും പ്രതിഫലമായി ലഭിക്കും.
മെഡൽ നേടുന്ന താരങ്ങൾക്ക് കേന്ദ്രസർക്കാരും സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം നേടുന്നവർക്ക് 75 ലക്ഷവും വെള്ളി മെഡൽ ജേതാക്കൾക്ക് 50 ലക്ഷവും വെങ്കലം നേടുന്നവർക്ക് 30 ലക്ഷം രൂപയുമാണ് കേന്ദ്രസർക്കാർ നൽകുക.
കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വർണമെഡൽ ജേതാക്കൾക്ക് അഞ്ചുകോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഡൽഹി മൂന്നു കോടിരൂപയും സ്വർണമെഡൽ ജേതാക്കൾക്ക് നൽകും.
സ്പോർട്സ് ഡെസ്ക്