- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സിൽ ഇന്ത്യക്കായി പുതുചരിത്രം കുറിച്ചു നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ; സ്വതന്ത്ര ഇന്ത്യയിൽ അത്ലറ്റിക്സിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യം; അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം;ടോക്യോയിൽ മെഡൽ പോഡിയത്തിൽ പൊന്നണിഞ്ഞ് നീരജ്; അഭിമാനമായി ദേശീയ ഗാനം മുഴങ്ങി; ചരിത്ര നേട്ടം ആഘോഷിച്ച് ഇന്ത്യ
ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇത് പുതുയുഗപ്പിറവി. കന്നി ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് രാജ്യത്തിന്റെ ജാവലിൻ ഇതിഹാസമായ നീരജ് ചോപ്രയിലൂടെ സഫലമായി. യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ടിക്കറ്റെടുത്ത നീരജ് കലാശപ്പോരിലും തന്റെ കരുത്ത് പ്രകടമാക്കി.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ഹരിയാണക്കാരനായ സുബേദാർ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നത്.
The #gold medal every Indian was waiting for ????#IND pic.twitter.com/XKtVgOFS73
- Olympics (@Olympics) August 7, 2021
ഫൈനലിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തിൽ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങൾ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്ലെക്ക് 86.67 മീറ്റർ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി വെങ്കലവും നേടി (85.44 മീറ്റർ).
എന്നാൽ, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുൻപ് ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 88 മീറ്റർ പിന്നിട്ടിരുന്നു. 88.06 മീറ്റർ എറിഞ്ഞാണ് അന്ന് സ്വർണമണിഞ്ഞത്.
ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരൻ നോർമൻ പ്രിച്ചാർഡ് മാത്രമാണ് ഇതിന് മുൻപ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയത്. 1900 പാരിസ് ഗെയിംസിൽ. അതിനുശേഷം മിൽഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോർജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഒളിമ്പിക്സിന്റെ സുദീർഘമായ ചരിത്രത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വർണമാണിത്.
ജാവലിൻ ത്രോ ഫൈനൽ പോരാട്ടത്തിൽ ജർമനിയുടെ ലോകചാമ്പ്യനായ യോഹന്നാസ് വെറ്റർ ഉൾപ്പെടെ കരുത്തരായ എതിരാളികളെ പിന്നിലാക്കിയാണ് നീരജ് സുവർണ നേട്ടത്തിലേക്ക് മുന്നേറിയത്. 87.58 മീറ്റർ ദൂരം കൈവരിച്ചാണ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷ ഈ യുവതാരം സഫലമാക്കിയത്.
NEERAJ NEERAJ NEERAJ
- India_AllSports (@India_AllSports) August 7, 2021
Our boy Neeraj Chopra has done it! Wins GOLD medal in Javelin Throw.
Jumping with joy ???????????? .
Abhinav Bindra gets company as Neeraj becomes only 2nd Indian athlete to win Individual Gold at Olympics. #Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/knEwbaC6zv
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവമായ നേട്ടമാണ് നീരജ് കൈവരിച്ചത്. അത്ലറ്റിക്സിൽ ഇന്ത്യ 1900-ൽ മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോർമൻ പ്രിച്ചാർഡ്. 1900 ജൂലായ് 22 ന് 200 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാർഡ് സ്വന്തമാക്കിയത്.
1900 -ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടു വെള്ളി മെഡലുകൾ നേടിയ നോർമൻ പിച്ചാർഡിനു ശേഷം ഇന്നേവരെ ഒരു ഇന്ത്യൻ കായികതാരവും ഒളിമ്പിക്‌സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇവന്റുകളിൽ പോഡിയത്തിൽ ഇടം പിടിച്ച ചരിത്രം ഉണ്ടായിട്ടില്ല.
ജാവലിൻ ത്രോ ഫൈനലിൽ 12 താരങ്ങളാണ് പങ്കെടുത്തത്. അതിൽ എട്ടുപേരാണ് അവസാന റൗണ്ടിലേക്ക് കടന്നത്. ഓരോ താരത്തിനും ആറ് അവസരങ്ങൾ വീതം ലഭിച്ചു.
ലോകചാമ്പ്യനായ ജർമനിയുടെ ജോഹന്നെസ് വെറ്റെറായിരുന്നു. നീരജ് ചോപ്രയുടെ പ്രധാന എതിരാളി. യോഗ്യതാ മത്സരത്തിൽ മൂന്നാം ശ്രമത്തിലാണ് ജർമൻ താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഫൈനലിന് മുമ്പ് വെറ്റെറുടെ ഏറ്റവും ഉയർന്ന ദൂരം 96.29 മീറ്ററാണ്. ദേശീയ ചാമ്പ്യനായ നീരജിന്റെത് 88.07 മീറ്റർ ദൂരമാണ്. ജർമനിയുടെ ജൂലിയാൻ വെബ്ബെർ, ഫിൻലൻഡിന്റെ ലസ്സി എറ്റെലാറ്റാലോ, മാൾഡോവയുടെ ആൻഡ്രിയൻ മാർദാരെ, പാക്കിസ്ഥാന്റെ അർഷാദ് നദീം എന്നിവരും നീരജിന്റെ പ്രധാന എതിരാളികളായിരുന്നു.
2021 -ൽ ചുരുങ്ങിയത് എഴുതവണയെങ്കിലും 90 മീറ്റർ ദൂരം മറികടന്നിട്ടുള്ള താരമായ വെറ്ററിനു പക്ഷേ ടോക്കിയോയിലെ യോഗ്യതാ റൗണ്ടിൽ നീരജിന്റെ മികച്ച ദൂരമായ 86.65 മീറ്റർ മറികടക്കാൻ സാധിച്ചിരുന്നില്ല. 85.64 മീറ്റർ എറിഞ്ഞ് നീരജിനു പിന്നിൽ രണ്ടാമനായിട്ടാണ് വെറ്റർ ഫൈനൽ 12 -ൽ ഇടം പിടിച്ചത്. ഫീൽഡിലേക്ക് കടന്നു വന്ന നീരജ് ആദ്യത്തെ ത്രോയിൽ തന്നെ അനായാസം 83.50 മീറ്റർ എന്ന യോഗ്യതാ മാർക്ക് കടന്ന്, നിമിഷങ്ങൾക്കകം വേദി വിടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അർഷാദും 85.16 മീറ്റർ റിഞ്ഞ് ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്.
പ്രാഥമിക റൗണ്ടിൽ 86.65 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലിൽ എത്തിയത്. ഇതോടെ, ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറിയിരുന്നു.
പോളണ്ടിന്റെ മാർസിൻ ക്രുക്കോവ്‌സ്‌കി, നിലവിലെ ലോക ചാമ്പ്യൻ കെഷോൺ വാൽക്കോട്ട്, റിയോയിലെ വെള്ളി മെഡൽ ജേതാവ് ജൂലിയസ് യേഗോ എന്നിവരുടെ അഭാവത്തിൽ നീരജ് ചോപ്രയ്ക്ക് സാദ്ധ്യത കൽപ്പിച്ചിരുന്നു. ജാവലിൻ ത്രോയിൽ ഒരു സ്വർണം ഇന്ത്യയുടെ കയ്യെത്തും ദൂരത്താണ് എന്ന തിരിച്ചറിവിൽ ശ്വാസമടക്കിപ്പിടിച്ച് ആ മുഹൂർത്തതിനായി കാത്തിരിപ്പിലായിരുന്നു ഇന്ത്യയിലെ കായിക പ്രേമികൾ.
സ്പോർട്സ് ഡെസ്ക്