- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ലറ്റിക്സിൽ ഇന്ത്യയുടെ പേര് ആദ്യം മുഴങ്ങിയത് 1900 പാരിസ് ഗെയിംസിൽ; നോർമൻ പ്രിച്ചാർഡ് നേടിയത് വെള്ളി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ മെഡൽ പൊലിഞ്ഞ് മിൽഖാസിങും പി.ടി.ഉഷയും; മെഡൽ കരസ്ഥമാക്കാതെ അഞ്ജു ബോബി ജോർജും; നിർഭാഗ്യങ്ങൾക്ക് ഒടുവിൽ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾ
ടോക്യോ: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര കുറിച്ചത് ഇന്ത്യയുടെ ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ രാജ്യത്തിന്റെ ആദ്യ സ്വർണം. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വർണം നേടിയത്. ഒളിംപിക് ചരിത്രത്തിൽ അത്ലറ്റിക്സിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവമായ നേട്ടമാണ് നീരജ് കൈവരിച്ചത്. അത്ലറ്റിക്സിൽ ഇന്ത്യ 1900-ൽ മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോർമൻ പ്രിച്ചാർഡ്. 1900 ജൂലായ് 22 ന് 200 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാർഡ് സ്വന്തമാക്കിയത്.
അന്ന് രണ്ടു വെള്ളി മെഡലുകൾ നേടിയ നോർമൻ പിച്ചാർഡിനു ശേഷം ഇന്നേവരെ ഒരു ഇന്ത്യൻ കായികതാരവും ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇവന്റുകളിൽ പോഡിയത്തിൽ ഇടം പിടിച്ച ചരിത്രം ഉണ്ടായിട്ടില്ല.
പിന്നീട് പല തവണ മെഡൽ നേട്ടം കൈയെത്തും ദൂരത്ത് എത്തിയ ശേഷം ഇന്ത്യൻ താരങ്ങൾക്ക് നഷ്ടമാകുന്ന വേദനയേറിയ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പറക്കും സിഖ് എന്ന് വിശേഷിപ്പിക്കപ്പെട്ടുന്ന മിൽഖാ സിങ്, ഇന്ത്യകണ്ട എക്കാലത്തെയും മികച്ച അത്്ലീറ്റായ മിൽഖാ സിങിന് 1960 റോം ഒളിംപിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് അന്ന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായത്.
മൂന്ന് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മിൽഖാ സിങിന് ഒരേനിമിഷത്തിൽ വലിയനേട്ടവും കൊടിയനഷ്ടവും. മഹത്തായ ഒളിംപിക് വേദിയിൽ ഒരുഇന്ത്യൻ അത്്ലറ്റ് ഏറ്റവും ത്രസിപ്പിച്ച നിമിഷം. ഒരിന്ത്യക്കാരൻ ഒളിംപിക് റെക്കോഡ് ഭേദിച്ച നിമിഷം. പക്ഷേ അതേ മൽസരത്തിൽ മിൽഖാക്കു മുന്നിൽ മറ്റുമൂന്നുപേർ കൂടി ഒളിംപിക് റെക്കോഡ് തകർത്തുവെന്ന് മാത്രം.
പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ സാധ്യത ഏറെയും കൽപിക്കപ്പെട്ടിരുന്നത് ടോക്യോ ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്ററുകളിൽ സ്വർണമണിഞ്ഞ മിൽഖയ്ക്കായിരുന്നു. ഫ്രാൻസിൽ 45.8 സെക്കൻഡിൽ ഓടിയെത്തി ലോക റെക്കോഡ് സൃഷ്ടിച്ചാണ് മിൽഖ റോമിലെത്തിയത്്. ഒളിമ്പിക് റെക്കോഡ് ഭേദിച്ചെങ്കിലും മിൽഖ നാലാമനായി. 44.9 സെക്കൻഡിലായിരുന്നു ഡേവിസിന്റെയും കൗഫ്മാന്റെയും ഫോട്ടോഫിനിഷ്. ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തം എന്നാണ് മിൽഖ തന്നെ ഈ ദുരന്തത്തെ പിൽക്കാലത്ത് വിശേഷിപ്പിച്ചത്. സെക്കൻഡിന്റെ നൂറിലൊരംശത്തിലെ ഒളിംപിക് മെഡൽ നഷ്ടം മിൽഖ മറക്കാനാണ് ഏറെ ആഗ്രഹിച്ചത്.
അതിന് തൊട്ടമുമ്പ് ഫ്രാൻസിലെ ലോകമീറ്റിൽ മിൽഖയുടെ മിന്നുന്ന പ്രകടനം ഏവർക്കും പ്രതീക്ഷ നൽകിയിരുന്നു. ഹീറ്റ്സിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക്. ഗംഭീരൻ തുടക്കം. മിൽഖ പാഞ്ഞു. അല്ല പറന്നു. ഇരുനൂറ്റി അൻപത് മീറ്റർവരെ ഒപ്പമില്ല ആരും. ഊർജം സംഭരിക്കാൻ അൽപമൊന്നു വേഗം കുറച്ചത് ഓർക്കാനാഗ്രഹിക്കാത്ത തെറ്റ്. ആ ക്ഷണനേരത്തിൽ അമേരിക്കയുടെ ഒട്ടിസ് ഡേവിസ്, ജർമനിയുടെ കാൾ കാഫ്മൻ, ദക്ഷിണാഫ്രിക്കയുടെ മാൽക്കം സ്പെൻസ് എന്നിവർ മിൽഖയെ മറികടന്നു കുതിച്ചു. എങ്കിലും വിട്ടില്ല. ഫോട്ടോ ഫിനിഷിൽ മിൽഖ നാലാമത്. അന്ന് മിൽഖ കുറിച്ച് 45.73 സെക്കൻഡ് നാൽപ്പത്തുവർഷം ദേശീയ റെക്കോഡായി തുടർന്നു.
1984ൽ അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ ഒളിമ്പിക്സ് നടക്കുന്നു. അന്നേവരെ ഒളിമ്പിക്സിൽ ഒരു ഇന്ത്യൻ അതല്റ്റിനും മെഡൽ ലഭിച്ചില്ലെന്നും. ഇത്തവണ മലയാളി അത്ലറ്റ് പി ടി ഉഷക്ക് വലിയ സാധ്യതയുണ്ടെന്നും ഏറെ പ്രചരിച്ചതോടെ വീണ്ടും പ്രതീക്ഷ. ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ 400 മീറ്റർ ഹർഡിൽസിലാണ് ഉഷ മൽസരിക്കുന്നതെന്നും ആയിനത്തിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച അത്ലറ്റുകളിൽ ഒരാൾ ഉഷ ആണെന്നുമായിരുന്നു വിലയിരുത്തൽ.
അന്നൊരു ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു 400 മീറ്റർ ഹർഡിൽസ് ഫൈനൽ നടന്നത്.ഇന്ത്യയിലത് ഒൻപതാം തിയതി പുലർച്ചെ. എന്നാൽ ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായി. രാജ്യത്തെ കായിക പ്രേമികൾക്ക് ഒന്നാകെ കടുത്ത ഇച്ഛാഭംഗം തോന്നിയ നിമിഷം. ഒരു വർഷം മുമ്പ് കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോക ചാമ്പ്യന്മാരായത് പോലെ മതിമറന്ന് ആഘോഷിക്കാമെന്ന രാജ്യത്തിന്റെ കാത്തിരിപ്പാണ് അന്ന് പൊലിഞ്ഞത്.
ഹൃദയഭേദകമായിരുന്നു ലോസ് ആഞ്ജലീസിലെ പയ്യോളി എക്സ്പ്രസിന്റെ ആ വേദന. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കൻഡിലായിരുന്നു ഉഷയുടെ ഫിനിഷ്. ഉഷ മെഡലിണിഞ്ഞുവെന്ന് സകലരും കരുതി. എന്നാൽ, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം തകർത്തു. സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ റുമാനിയയുടെ ക്രിസ്റ്റീനയ്ക്ക് വെങ്കലം. സഹതാരത്തിന്റെ ഫൗൾസ്റ്റാർട്ട് കാരണം സ്റ്റാർട്ട് പിഴച്ചതാണ് തന്റെ താളംതെറ്റിച്ചതെന്ന് ഉഷ തന്നെ പിന്നീട് തുറന്നുപറഞ്ഞു. അന്ന് ഉഷ മാത്രമല്ല, ഒരു രാജ്യം മുഴുവൻ വിതുമ്പിപ്പോയി.
പിന്നീട് വലിയ നേട്ടങ്ങൾ ഉഷ സ്വന്തമാക്കി. ജക്കാർത്തയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ മെഡലുകൾ നേടി അവർ ചരിത്രം സൃഷ്ടിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എല്ലാത്തിലും സ്വർണം ഉഷക്ക് തന്നെ. ഒപ്പം 400 മീറ്റർ റിലേയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ടീമിൽ അംഗമാവുക വഴി അഞ്ചാമതൊരു സ്വർണവും.
പിന്നീടൊരിക്കൽക്കൂടി ഇന്ത്യ ഒളിമ്പിക് മെഡലിനടുത്തെത്തി. 2004ലെ ഏതൻസ് ശതാബ്ധി ഗെയിംസിലായിരുന്നു. പാരിസ് ലോകചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പ് വെങ്കലം നേടി ചരിത്രം കുറിച്ചാണ് അഞ്ജു ബോബി ജോർജ് ഏതൻസിലെത്തിയത്. വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യയ്ക്ക്. ഫൈനലിൽ 6.83 മീറ്റർ ചാടി ദേശീയ റെക്കോഡ് തിരുത്തിയെങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. ഈ ദേശീയ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുകയാണ്.
പിന്നീട് ഇന്ത്യ മെഡലിനടുത്തെത്തിയത് ടോക്യോയിൽ തന്നെയാണ്. വനിതളുടെ ഡിസ്ക്കസ് ത്രോയിൽ വലിയ പ്രതീക്ഷയാണ് കമൽപ്രീത് കൗർ നൽകിയത്. ഒടുവിൽ 64 മീറ്റർ എറിഞ്ഞ് ആറാം സഥാനത്താണ് കമൽപ്രീത് ഫിനിഷ് ചെയ്തത്. ത്രോയിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.
ഈ നഷ്ടങ്ങളാണ് ഒരൊ ഏറ് കൊണ്ട് നീരജ് ചോപ്ര പൊന്നുകൊണ്ട് മായ്ച്ചുകളഞ്ഞത്. ഒളിംപിക്സിൽ വ്യക്തിഗന ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വർണ മെഡലാണിത്. അത്ലറ്റിക്സിലെ ആദ്യ സ്വർണവും. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒന്നാമൻ.
2016ൽ പോളണ്ടിലെ ബിഡ്ഗോഷിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലായിരുന്നു നീരജ് ചോപ്ര എന്ന പുതിയ താരോദയം രാജ്യം അടുത്തറിഞ്ഞത്. 20 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ്, പുതിയ ലോക റെക്കോർഡുമായി ബിഡ്ഗോഷിൽ നീരജ് സ്വർണം നേടി.
ലോക റെക്കോർഡ് തിളക്കവുമായി ഡൽഹിയിലെത്തിയ നീരജിന് അന്നത്തെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ ഊദ്യോഗിക വസതിയിൽ വെച്ച് സ്വീകരണം നൽകിയിരുന്നു. ജാവലിനിൽ തീർത്ത ലോക റെക്കോർഡിന്റെ ഭാവമല്ലായിരുന്നു മുഖത്ത്. കൗമാരക്കാരന്റെ ലജ്ജ വിട്ടു മാറിയിട്ടില്ല. കോച്ച് ഗ്യാരി കാൽവർട്ടിനൊപ്പം അനുസരണയുള്ള ശിഷ്യനായി നീരജ് ചോപ്ര ഒതുങ്ങി നിന്നു.
റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടാനുള്ള സമയ പരിധി കഴിഞ്ഞിരുന്നെങ്കിലും വൈൽഡ് കാർഡ് എൻട്രി ലഭിക്കുമെന്ന പ്രതീക്ഷ നീരജിനുണ്ടായിരുന്നു. അതിന് വേണ്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ശ്രമവും നടത്തിയിരുന്നു. ഒടുവിൽ നിരാശയായിരുന്നു ഫലം.
അന്ന് വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിച്ച നീരജ് ചോപ്ര, അഞ്ച് വർഷം കഴിയുമ്പോൾ ടോക്യോയിൽ ഗോൾഡൻ എൻട്രിയുമായി ഒളിമ്പിക്സിൽ ഇന്ത്യൻ അത്ലറ്റിക്സിന്റെ മുഖമായി മാറുകയാണ്.
സ്വർണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി. നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്