ടോക്യോ: അവസാന നിമിഷം വരെയും മാറ്റി വയ്ക്കുമെന്ന് ഭയന്നിരുന്ന ടോക്യോ 2020 ഒളിമ്പിക്‌സിന് ശാന്ത-സൗമ്യമായ തുടക്കം. ടെന്നിസ് വേദികളിൽ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശക്തമായി നിലകൊണ്ട സൂപ്പർതാരം നവോമി ഒസാകയാണ് ഒളിംപിക് ദീപം തെളിയിച്ചത്. ജപ്പാൻ ചക്രവർത്തി നരുഹിത്തോ ഒളിംപിക്‌സിന് തുടക്കമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കായിക മാമാങ്കത്തിന്‌ തുടക്കം.

രോഗഭീതി പൊലിമ കുറച്ചെങ്കിലും, ലേസർ ഷോയും സംഗീത നിശയും പരമ്പരാഗത നൃത്തങ്ങളും മാറ്റ് പകർന്നു. ഏതാനും സംഘ നൃത്തങ്ങൾക്ക് പുറമേ നിറത്തിനും ഘോഷത്തിനും പ്രൊജക്ഷൻ സാങ്കേതിക വിദ്യയാണ് ഉദ്ഘാടന ചടങ്ങിന് ഉപയോഗിച്ചത്. എല്ലാം കോവിഡ് വരുത്തിയ മാറ്റങ്ങൾ. എന്നിരുന്നാലും 68,000 പേർക്കിരിക്കാവുന്ന മുഖ്യവേദിയിൽ പ്രമുഖരും ലോക നേതാക്കളും അടക്കം ആയിരത്തോളം പേരെ സാക്ഷി നിർത്തി ഒളിമ്പിക്‌സിന് തുടക്കമായി.

വളരെ ശാന്തമായ ചടങ്ങിന് അല്പം ശബ്ദസുഖം നൽകിയത് വമ്പൻ കരിമരുന്ന് പ്രയോഗം മാത്രം. ആൾക്കൂട്ടത്തിന്റെ കൃത്രിമ ആരവം സ്‌റ്റേഡിയത്തിൽ ഉയർത്താൻ ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ സംഘാടകർ അതുവേണ്ടെന്ന് വച്ചു. ഭിന്നാഭിപ്രായങ്ങളെല്ലാം മാറ്റി വച്ച് ജാപ്പനീസ് ജനത ഒളിമ്പിക്‌സ് കൊണ്ടാടുകയാണ്. പരമ്പരാഗത ജാപ്പനീസ് വേഷമണിഞ്ഞ പലരെയും ഒളിമ്പിക് വേദിക്ക് പുറത്ത് കാണാമായിരുന്നു. ചിലരൊക്കെ പ്രസിദ്ധമായ ഒളിമ്പിക് വളയങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

15 രാഷ്ട്ര തലവന്മാർ അടക്കം ആകെ 950 പേരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ദീപശിഖയേന്തിയവർ ഫൈനൽ റിലേയിൽ പതിവിന് വിരുദ്ധമായി ഏതാനും ചുവടുകൾ വച്ച് ശേഷം അതുകൈമാറി. കോവിഡ് ചട്ടങ്ങൾക്കാണ് എല്ലായിടത്തും പ്രാമുഖ്യം.

ജപ്പാന്റെ സമ്പന്നമായ ചരിത്രവും, ആധുനിക സംസ്്കാരത്തിനും സാങ്കേതിക വിദ്യയ്ക്കും നൽകിയ സംഭാവനകളും ഉദ്ഘാടന പ്രദർശനത്തിൽ തിളങ്ങി. 2013ൽ ഒളിംപിക്‌സിന് ആതിഥ്യം അനുവദിച്ചതു മുതൽ ഇത് യാഥാർഥ്യമാകുന്നതുവരെ ജപ്പാൻ നേരിട്ട പ്രതിസന്ധികൾ വിവരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

'മുന്നോട്ട്' എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യന്മാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്.

ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ പതാകയേന്തി മൻപ്രീത് സിംഗും, മേരി കോമും

ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടിയാണ് ഉദ്ഘാടനചടങ്ങ് തുടങ്ങിയത്്. ഓഗസ്റ്റ് 8നാണ് ഒളിമ്പിക്‌സ് സമാപിക്കുക.ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നത്. ഇതിൽ 119 പേർ അത്ലറ്റുകളാണ്. എന്നാൽ 48 പേർ മാത്രമാണ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാർച്ച് പാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വനിതാ ബോക്‌സർ മേരി കോമും ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വഹിച്ചത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരത്തെ നൽകിയിരുന്ന താരങ്ങളുടെ ലിസ്റ്റിൽ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിൾ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും മാർച്ച് പാസ്റ്റിൽ പങ്കെടുത്തില്ല. ഇരുവർക്കും നാളെ മിക്‌സഡ് ഡബിൾസിൽ ആദ്യ റൗണ്ട് മത്സരം ഉണ്ടെന്നതിനാലാണ് ഇരുവരും മാർച്ച് പാസ്റ്റിൽ നിന്ന് ഒഴിവായത്.

ഇന്ന് നടന്ന അമ്പെയ്ത്ത് വ്യക്തിഗത റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. മെഡൽ പ്രതീക്ഷയായ വനിതാ താരം ദീപികാ കുമാരി ഒൻപതാം സ്ഥാനത്തും പുരുഷവിഭാഗത്തിൽ പ്രവീൺ യാദവ് 31ഉം അതാണു ദാസ് 35ഉം തരുൺദീപ് റായ് 35ഉം സ്ഥാനങ്ങളിൽ മത്സരം പൂർത്തിയാക്കി.

സംഘാടകർക്ക് ആശ്വാസം

കഴിഞ്ഞ വർഷം നടക്കേണ്ട ഗെയിംസ് ഈ സമയത്തെങ്കിലും നടത്താനായതിൽ സംഘാടകർ ആശ്വസിക്കുന്നുണ്ടാകണം. വെള്ളിയാഴ്ച ടോക്യോയിൽ 1359 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ആർക്കാണ് അത്‌ലറ്റിക് വില്ലേജിൽ താമസിക്കാൻ കഴിയുക എന്നതിന് ക്യത്യമായ ചിട്ടവട്ടങ്ങളുണ്ട്.

കാണികളെ പ്രവേശിപ്പിക്കാത്തതുകൊണ്ട് തന്നെ സ്റ്റേഡിയങ്ങൾ ആളും ആരവവും ഇല്ലാതെ കിടക്കും. ജപ്പാനിൽ ജനസംഖ്യയുടെ 20 ശതമാനം പേർ മാത്രമാണ് വാക്‌സിനെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒളിമ്പിക്‌സിന് എതിരേ നേരത്തെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പല വട്ടം നടന്ന അഭിപ്രായ സർവേകളിലും ജാപ്പനീസ് ജനത ഒളിമ്പിക് കോവിഡ് കാലത്ത് നടത്തുന്നതിന് എതിരായിരുന്നു. ദീപശിഖാ പ്രയാണത്തിനിടെ നോ ഒളിമ്പിക്‌സ്, ക്യാൻസൽ ദി ഒളിമ്പിക്‌സ് എന്നെഴുതിയ ബാനറുകളുമായി നാട്ടുകാരെ കാണാമായിരുന്നു. എന്നിരുന്നാലും ഇനി 17 നാൾ ലോകത്തിന്റെ ശ്രദ്ധ ടോക്യോയിൽ തന്നെ.