- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരോദ്വഹനത്തിൽ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന; ഹൗ ഷിഹുയിയോട് ടോക്കിയോയിൽ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിർദ്ദേശം; മീരാബായ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണമാകാൻ സാധ്യത; ആകാംക്ഷയോടെ ഇന്ത്യ
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിൽ വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ മീരഭായ് ചാനുവിന് സ്വർണം ലഭിക്കാൻ സാധ്യത. ഈയിനത്തിൽ ഒന്നാമതെത്തിയ ചൈനയുടെ ഹൗ ഷിഹുയി ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും. ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാകും. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനുവിന്റെ വെള്ളി സ്വർണമാകും.
ഉത്തേജക പരിശോന നടത്തുന്നതിന് ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസി നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. പരിശോധന ഉടൻ നടക്കുമെന്നാണ് വിവരം.
ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൗ ഷിഹുയിയും രണ്ടാം നമ്പർ താരം ചാനുവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു ടോക്കിയോ ഇന്റർനാഷനൽ ഫോറം എക്‌സിബിഷൻ സെന്ററിൽ നടന്ന മത്സരം. അവസാനം, 210 കിലോഗ്രാം ഭാരമുയർത്തിയാണ് ചൈനീസ് താരം സ്വർണ മെഡൽ ഉറപ്പിച്ചത്. മീരബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.
ചാനു ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്. എല്ലാവർക്കും 3 വീതം സ്‌നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് അവസരങ്ങൾ. സ്‌നാച്ചിലെ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 84 കിലോഗ്രാം. ഇന്തൊനീഷ്യയുടെ ഐസ വിൻഡിക സാന്റികയും അതേ ഭാരമുയർത്തി. എന്നാൽ 88 കിലോഗ്രാം ഉയർത്തി ഷിഹുയി മുന്നിലെത്തി.
2ാം ശ്രമത്തിൽ ചാനു 87 കിലോഗ്രാം ഉയർത്തി. 3ാം ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷിഹുയി രണ്ടാം ശ്രമത്തിൽ 92 കിലോഗ്രാമും മൂന്നാം ശ്രമത്തിൽ 94 കിലോഗ്രാം ഭാരവും ഉയർത്തി ഒളിംപിക് റെക്കോർഡും കുറിച്ചു. 84 കിലോഗ്രാം ഉയർത്തിയ ഇന്തൊനീഷ്യൻ താരമായായിരുന്നു ഷിഹുയിക്കും ചാനുവിനും പിന്നിൽ സ്‌നാച്ചിൽ 3ാം സ്ഥാനത്ത്.
ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 110 കിലോഗ്രാം. എന്നാൽ 109 കിലോഗ്രാം ഉയർത്തിയ ഷിഹുയി സ്‌നാച്ചിലെ ലീഡ് കൈവിട്ടില്ല. അടുത്ത ശ്രമത്തിൽ ചാനു ഉയർത്തിയത് 115 കിലോഗ്രാം ഒളിംപിക് റെക്കോർഡ്. ഷിഹുയി 114 കിലോഗ്രാം. എന്നാൽ, മൂന്നാം ശ്രമത്തിൽ ഷിഹുയി 116 കിലോഗ്രാം ഉയർത്തി റെക്കോർഡ് തിരുത്തി.
117 കിലോഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും ചാനുവിന്റെ നിരാശ പെട്ടെന്നു മാഞ്ഞു. ആകെ 202 കിലോഗ്രാം ഭാരവുമായി വെള്ളി മെഡൽ. 210 കിലോഗ്രാം ഉയർത്തി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന പരിശോധനയിൽ അയോഗ്യയായാൽ ചാനുവിനെ തേടിയെത്തുന്നത് ഒളിംപിക് സ്വർണമാകും. അതു ചരിത്രവുമാകും. ഒളിംപിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായ്.
ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. പി.വി സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.
സ്പോർട്സ് ഡെസ്ക്